Sunday 21 October 2018

ഇരുട്ടിന്റെ ആത്മാക്കൾ

 രുൾക്കുഴികളിൽ ഒന്നിൽ നിന്നും യൂദാസ് തലയുയർത്തി.
"അസഹനീയം..
 വല്ലവിധത്തിലും ഒന്നു പുറത്തുകടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..
 യേശുവിനെ ഒറ്റികൊടുത്ത അന്നു മുതൽ അനുഭവിക്കുന്ന യാതനകൾ..
 വയ്യ.. "

എരിതീയിലും ചാകാത്ത പുഴുക്കൾ,
എരിപിരി കൊള്ളിക്കുന്ന നാരകീയ അവസ്ഥകൾ..
അവനു മതിയായി.

ചുട്ടു പൊള്ളുന്ന തീയിലൂടെ ഉരുകാതെയുരുകി  അവൻ നിരങ്ങി നീങ്ങി.
അവൻ തലയുയർത്തി നോക്കി.
ദൂരെ..
അഗ്നിജ്വാലകളാൽ തീർത്ത സിംഹാസനത്തിൽ ഇരിക്കുന്നു സാത്താൻ.
നാരകീയ രാജാവ്.
പരിചരിക്കാൻ ചുറ്റിലും കുട്ടിച്ചാത്തന്മാർ.

അവനെക്കണ്ടതും സാത്താനലറി.
"നീയോ യൂദാസ്...
നിനക്കിപ്പഴും മതിയായില്ലേ..
മുപ്പതു വെള്ളി കാശിന് നീ ഒറ്റിയ രക്ഷകന്റെ രാജ്യത്തിലേയ്ക്ക്
നിനക്ക് പോകണോ... ഹ ഹ ഹ "

യൂദാസ് തല കുനിച്ചു.
'ആ നശിച്ച ചുംബനം.. അതുവഴി തനിക്ക് തുറന്നു കിട്ടിയ നിത്യനരകം.. '
അവന്റെ കുടിലബുദ്ധി വീണ്ടും ഉണർന്നു.

അവൻ പറഞ്ഞു.
"അങ്ങുന്നേ.. ഒരു സങ്കടം ഉണർത്തിക്കുവാനാണ് ഞാൻ വന്നത്.
ഇരുൾക്കുഴികളിൽ,അന്ധകാരത്തിൽ,തീയിൽ, ചൂടിൽ ഞാൻ
കഴിയുന്നു.എന്റെ മുമ്പിൽ എന്നേയ്ക്കുമായി സ്വർഗ്ഗവാതിൽ
അടഞ്ഞു കഴിഞ്ഞിരിക്കുന്നു.
അവിടുന്നനുവദിച്ചാൽ ഈ നരകത്തിലേയ്ക്ക് ഞാൻ ധാരാളം
ആളുകളെ എത്തിക്കാം.
എന്നെപോലെയുള്ളവരെ..
ഒരുപക്ഷേ..
എന്നെക്കാൾ വലിയവരെ.. "

സാത്താൻ അലറി.
"നുണയാ.. നിന്റെ തട്ടിപ്പ് എനിക്കറിയാം.
നിനക്ക് ഇവിടം മടുത്തു അല്ലേ.
ഹ ഹ ഹ..
നിന്നെ ഞാൻ പറഞ്ഞയച്ചാൽ തന്നെ..
നീ വീണ്ടും ഇവിടേയ്ക്ക് വരും.
കാരണം നിന്റെ ഹൃദയം ചാഞ്ഞിരിക്കുന്നത്
എന്റെ സിദ്ധാന്തങ്ങളിലേയ്ക്ക് തന്നെ... "

യൂദാസ് തല കുനിച്ചു.
സാത്താൻ പറയുന്ന സത്യം.

യൂദാസിന്റെ നിരാശയിൽ സാത്താൻ വിത്തു പാകി,
വെള്ളമൊഴിച്ചു.

അവൻ പറഞ്ഞു.
"ദയവായി എനിക്ക് ഒരു അവസരം തരണമേ.. "

"തന്നിരിക്കുന്നു ".സാത്താൻ സമ്മതിച്ചു.
താൻ പാകിയ വിത്ത് മുളപൊട്ടി ചെടിയായി കായ്‌ഫലങ്ങൾ തരുന്നതോർത്ത്
അവൻ ചിറി നക്കി.

സാത്താൻ പൊട്ടിച്ചിരിച്ചു.
കുട്ടിച്ചാത്തന്മാർ ചിതറിയോടി.

യൂദാസ് യാത്രയായി.
അവന്റെ മനോമുകുളത്തിൽ   നിരവധി ചിത്രങ്ങൾ തെളിഞ്ഞു.

നിധികൾ ഒളിഞ്ഞിരിക്കുന്ന അമ്പലങ്ങൾ...
നാണയങ്ങൾ പെരുകുന്ന കാണിയ്ക്ക വഞ്ചികൾ..
അവിടെ അധികാരം കൈപ്പിടിയിലൊതുക്കാൻ കടിപിടി കൂട്ടുന്ന ആചാര്യന്മാർ..

കൊട്ടാരസദൃശ്യമായ പള്ളികൾ..
തീർത്ഥാടനകേന്ദ്രങ്ങളുടെ മറവിൽ തടിച്ചു കൊഴുക്കുന്ന കീശകൾ..
വിദേശങ്ങളിൽ വാങ്ങി കൂട്ടുന്ന തോട്ടങ്ങൾ
അതിനു വഴി വയ്ക്കുന്ന ലൈംഗീക അരാജകത്വങ്ങൾ..

തന്റെ വിചാരങ്ങൾ നീണ്ടു പോകവേ അവൻ  ഊറിച്ചിരിച്ചു.


യൂദാസ് പെട്ടെന്ന് നിന്നു.
സാത്താൻ ഒന്നു കുലുങ്ങിയിരുന്നു.

പള്ളിമേടയിൽ യോഗം നടക്കുന്നു.
ദേവസ്യാ അച്ചൻ പ്രസംഗിക്കുന്നു.
"അൾത്താര പഴയരീതിയിൽ പണിതതാണ്. പള്ളിക്ക് വിസ്തീർണം പോരാ.
പുതുക്കി പണിയണം "

"അതിനെവിടുന്നാ അച്ചാ ഇത്രയും കാശ്.. "
കൈക്കാരൻ അവറാച്ചന് സംശയം.

"പിരിക്കണം "
ദേവസ്യാച്ചന്റെ മറുപടിയിൽ കയ്യടിയോടെ തീരുമാനം ഉറപ്പിച്ചു.
യോഗം പിരിഞ്ഞു.

അച്ചൻ ആലോചനയിലാണ്.
ആരെ പിടിക്കണം...
എപ്പോൾ..
എങ്ങനെ..

തക്കം പാർത്തിരുന്ന യൂദാസ് അവസരം മുതലാക്കി.
മുപ്പതു വെള്ളിക്കാശിനു വേണ്ടിയുള്ള യാത്ര യൂദാസ് അച്ചനിലൂടെ
വീണ്ടുമാരംഭിച്ചു.

സാത്താൻ തലയാട്ടി.

യൂദാസ് ദേവസ്യാച്ചൻ വഴി പലരിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിച്ചു.
മദ്യലോബി വച്ചു നീട്ടിയ പണത്തിൽ..
അന്യായ പലിശക്കാരുടെ കൊള്ളലാഭത്തിൽ..
പള്ളി വലുതായിക്കൊണ്ടിരുന്നു.

മദ്യം മദിരാക്ഷിയിലേയ്ക്കും..
മദിരാക്ഷി മാതൃത്വത്തിലേയ്ക്കും..
മാതൃത്വം പീഡനത്തിലേയ്ക്കും മാറി മറിഞ്ഞു കൊണ്ടിരുന്നു.

പള്ളി പണി തീർന്നു.

സാത്താൻ സന്തോഷത്തിലാണ്. യൂദാസിനെ അവൻ ഉയർത്തി.
അവൻ പറഞ്ഞു.
"നീ എനിക്കായ് നേടിയ ആത്മാക്കൾ അനേകം.
നിന്നെ പോലെയുള്ളവരെയാണ് ഈ ലോകത്തിന് ആവശ്യം.
ഇനി മുതൽ നീ ലോകത്തിൽ വസിക്കുക.
തിന്മയിലേയ്ക്ക് ചാഞ്ഞിരിക്കുന്ന ഹൃദയങ്ങൾ നിന്റെ വാസസ്ഥലങ്ങൾ ആകട്ടെ .
അൾത്താരകൾ, അമ്പലങ്ങൾ, പള്ളികൾ  എനിക്കായി നീ പുതുക്കി പണിയുക.
ആരാധനാലയങ്ങൾ നിന്റെ ആവാസ വ്യവസ്ഥിതിക്ക് അനുകൂലമാക്കുക. "

യൂദാസ് തലയാട്ടി.

അഗ്നിയിലെരിയുന്ന ആത്മാക്കളുടെ എണ്ണം പെരുകവേ..
യൂദാസ് തന്നെ ഭരമേല്പിച്ച ജോലി കൃത്യമായി നിർവഹിച്ചു കൊണ്ടിരുന്നു.

.........................................

നന്ദിനി വർഗീസ്











Sunday 1 July 2018

അന്ത്യവിധി

അന്ത്യവിധി
--------------


റബർതോട്ടത്തിനിടയിലൂടെ  വളഞ്ഞു പുളഞ്ഞു പോകുന്നു ഒരു ടാറിട്ട റോഡ്.
റോഡിനിരുവശവും ഒന്നു തൊടാനായി വെമ്പൽ പൂണ്ടു നിൽക്കുന്ന റബർ മരങ്ങൾ. കാറ്റ് വന്നു തലോടുമ്പോൾ ചില്ലകളിളക്കി കുണുങ്ങിയാടി തൊട്ടുരുമ്മി അവർ കുനിഞ്ഞു നിവരുന്നു.  ഒരു പഴയ സെമിത്തേരിയുടെ കവാടത്തിൽ ആ റോഡ് അവസാനിക്കുന്നു.

നിശ്ശബ്ദത  ഘനീഭവിച്ച അന്തരീക്ഷത്തിൽ ചെറുകാറ്റ് താളം പിടിക്കുന്നു. കല്ലറകൾ പലതും കാടുകയറിയിട്ടുണ്ട്. ചിലതിൽ പകുതി കത്തിയ മെഴുകുതിരികൾ. വാടിയ പൂക്കൾ അവിടവിടെ നിരന്നു കിടക്കുന്നു.

സെമിത്തേരിയുടെ നടുവിലായി മൂന്നു പടി കെട്ടികയറിയ ഒരു വലിയ കുരിശ്.  കാലപ്പഴക്കത്താൽ നിറം മങ്ങി അത് കറുത്തിരിക്കുന്നു.

കാറ്റു കൊണ്ടുവന്ന ചെറു വിത്തുകൾ ചെടികളായി പൂചൂടി നില്ക്കുന്നു.
അസ്തമയ സൂര്യന്റെ ചെങ്കതിരുകൾ ആകാശത്ത് വർണ്ണങ്ങൾ വിരിയിക്കുമ്പോൾ ചേക്കേറാനായി ഒരു കൂട്ടം പക്ഷികൾ ധൃതി പിടിച്ച്‌ എങ്ങോട്ടോ പറന്നു പോകുന്നു..

നേരം ഇരുട്ടി തുടങ്ങുന്നു.

കുഞ്ഞു കിളി പതിവുപോലെ സെമിത്തേരിയുടെ കവാടത്തിന്റെ തെക്കേയറ്റത്തുള്ള റബർ മരത്തിന്റെ കൊമ്പിൽ തന്നെയുണ്ട്.
ഉറക്കം പിടിക്കാനായി കണ്ണുകൾ കൂമ്പിയടയവേ..

കാതടിപ്പിക്കുന്ന ഒരു സ്വരം.
വലിയ പ്രകാശം.
കുഞ്ഞു കിളി ഞെട്ടി ഉണർന്നു . ഒന്നു പറന്നു പൊങ്ങി വീണ്ടും ചില്ലയിൽ അവൾ ബലമായി കാലുറപ്പിച്ചു.

ശക്തമായ പ്രകാശത്തിന്റെ ഉറവിടത്തിലേയ്ക്ക് അവൾ സൂക്ഷിച്ചു നോക്കി.

താഴെ സെമിത്തേരിയിൽ മധ്യത്തിലായി നാട്ടിയ ആ വലിയ കറുത്ത കുരിശ് ഇപ്പോൾ സ്വർണ്ണം പോലെ പ്രകാശിക്കുന്നു.
അദ്‌ഭുതത്തോടെ അവൾ നോക്കിയിരിക്കേ,
ഓരോ കല്ലറയുടെ മുകളിലും സുവർണ്ണ ശോഭയോടെ കുരിശുകൾ പ്രത്യക്ഷപ്പെടുന്നു.

ആരോ സംസാരിക്കുന്നു..
എന്തൊക്കെയോ അനങ്ങുന്നു..
അടക്കിപ്പിടിച്ച തേങ്ങലുകൾ, ഞെരക്കങ്ങൾ നെടുവീർപ്പുകൾ...

കുഞ്ഞു കിളി ഭയന്നു പോയി.

വലിയ കുരിശ് ഒന്നിളകി. അത്  സെമിത്തേരിയുടെ കവാടത്തിലേയ്ക്ക്  നീങ്ങുന്നു.. ആ കുരിശിന്റെ ചുവട്ടിലായി ഒരു മാലാഖ....
പെട്ടെന്ന്  ഒരു സ്വരം മുഴങ്ങി ..

"ശ്രദ്ധിക്കൂ.. സമയമായിരിക്കുന്നു "

ഉടൻ തന്നെ കല്ലറകളുടെ മുകളിൽ പ്രത്യക്ഷപ്പെട്ട സുവർണ്ണക്കുരിശുകൾ  വലിയ കുരിശിന്റെ പിറകിലായി  നിരനിരയായി വന്നു ചേരുന്നു.
ഓരോ ചെറു കുരിശിലും അദൃശ്യരായ ആത്മാക്കൾ അന്ത്യവിധിയ്ക്കായി യാത്ര  പുറപ്പെടുന്നു.ഭയന്നു വിറച്ച അവർ
യാന്ത്രികമായി വലിയ കുരിശിനെ അനുഗമിക്കുന്നു.

പിന്നെയും സംസാരം. തേങ്ങലുകൾ.
കുഞ്ഞു കിളി ഭയപ്പാടോടെ ചുറ്റും നോക്കി.
എളിമയെന്ന പുണ്യം നിറഞ്ഞ ഒരു ആത്മാവിന്റെ സ്വരം.

' രക്ഷകനെ അനുഗമിക്കാൻ തക്കതായി എനിക്കൊന്നുമില്ല. രക്ഷകന് അകമ്പടിയായി നിരന്ന ഈ സ്വർണ്ണകുരിശുകളിൽ ഞാനുമുണ്ടല്ലോ എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
ഒരുപക്ഷേ എന്റെ സുവർണ്ണ നിറം യാഥാർത്ഥ്യം അല്ലായിരിക്കാം. അത് സ്വർണ്ണം പൂശിയതാവാം. കാരണം ഞാൻ പൂർണ്ണനല്ല എന്ന് എനിക്ക് നന്നായി അറിയാം. '

വിതുമ്പുന്ന ആത്മാവിനെ തലോടി ഒരു ചെറുകാറ്റ് കടന്നു പോയി.

കിളി തിരിച്ചറിഞ്ഞു.
മരിച്ചവർ അന്ത്യവിധിയ്ക്കായി പുറപ്പെടുന്നു.

അത് പറന്നുയർന്നു. ആ രാത്രിയിൽ കുഞ്ഞു കിളി നിറുത്താതെ ഉറക്കെ ചിലച്ചുകൊണ്ട് ഗ്രാമമാകെ പറന്ന്  ഇങ്ങനെ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.

' ശ്രദ്ധിക്കൂ ,  സമയമായിരിക്കുന്നു '

ആരും ശ്രദ്ധിച്ചില്ല.
നാളെയുടെ പ്രതീക്ഷളും കണക്കു കൂട്ടലുകളും സ്വപ്നത്തിൽ ആടിതിമിർക്കുമ്പോൾ,
ആരും അറിഞ്ഞില്ല അടുത്ത ഊഴം തങ്ങളുടേതാണ് എന്ന വലിയ സത്യം.

കരയും കടലും മരിച്ചവരെ വിട്ടുകൊടുക്കുമ്പോൾ  ദൈവാത്മാവ് ജീവനുള്ളവരിൽ മാനസാന്തരത്തിനായുള്ള അവസാന സത്ചിന്ത നല്കുകയായിരുന്നു.

കുഞ്ഞു കിളി ചിലച്ചു മടുത്ത്  വലിയൊരു കെട്ടിടത്തിന്റെ അടുത്തുള്ള ഒരു മാങ്കൊമ്പിൽ  പോയിരുന്നു.

വീണ്ടും അടക്കിപിടിച്ച സംസാരം.
കുഞ്ഞു കിളി സൂക്ഷിച്ചു നോക്കി. തുറന്നിട്ട ജനലിലൂടെ വരുന്ന ചെറുതിരി വെട്ടത്തിൽ  ഒരു അഭിഭാഷകന്റെ ചുറ്റിലുമായി ചിലർ കണക്കുകൂട്ടുന്നു.
ചില വാക്കുകൾ മാത്രം കുഞ്ഞു കിളി കേട്ടു.
ഭൂമിയിടപാട്...
പീഡനം....
കന്യാസ്ത്രീ... പുരോഹിതർ..  ദളിതർ..
കൊല....

ഒന്നും മനസ്സിലാകാതെ കിളി തലകുലുക്കി.
ദൂരെ സെമിത്തേരികളിൽ സുവർണ്ണ കുരിശുകൾ യാത്രയാവുന്നത് അവൾ കണ്ടു.

കെട്ടിടത്തിന്റെ തുറന്നിട്ട ജനൽ പടിയിൽ ചെന്നിരുന്ന് അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.

'ശ്രദ്ധിക്കൂ, സമയമായിരിക്കുന്നു '

പെട്ടിയിൽ അടുക്കിയ കാശിന്റെ ഘനം അഭിഭാഷകന്റെ  ചിന്തകളിൽ കള്ളസാക്ഷ്യങ്ങൾ നിരത്തുമ്പോൾ അയാൾ കയ്യുയർത്തി വീശി...

ഉറക്കെ ചിലച്ചു കൊണ്ട് ആ കുഞ്ഞു കിളി പറന്നു പോയി.


നന്ദിനി
               --------------------------




Saturday 27 January 2018

കേറടാ കുപ്പിയിൽ

കേറടാ കുപ്പിയിൽ    
********************

വലിയ തല.
ശരീരമാകെ പുക കൊണ്ടു മൂടിയിരിക്കുന്നു.
കഴുത്തിന്റെ ഭാഗത്തായി ഒരു സഞ്ചി.
അതിൽ എന്തെല്ലാമോ കുത്തി നിറച്ച് മുഴച്ചു നില്ക്കുന്നു.
പുകച്ചുരുളുകൾ കൊണ്ട് വായുവിൽ രേഖകൾ തീർത്ത് പാഞ്ഞു പോകുന്നു ഒരു ഭൂതം.
ശരവേഗത്തിൽ അത് മുന്നോട്ട് കുതിക്കുന്നു.

"കേറടാ കുപ്പിയിൽ " മുതലാളി അലറി.
ഭൂതം കേട്ട മട്ടില്ല.

കൈവിരൽ ചൂണ്ടി അയാൾ വീണ്ടും അലറി.
" നിന്നോടാ പറഞ്ഞത് കുപ്പിയിൽ കയറാൻ "

കുപ്പിയുടെ അടപ്പ് ഒന്നയഞ്ഞ തക്കം നോക്കി പുകയായി പുറത്തു ചാടിയ ഭൂതം ആ അലർച്ചയ്ക്ക് ചെവി കൊടുക്കാതെ ദൂരെ മറഞ്ഞു.

താടിക്ക് കൈയ്യും കൊടുത്ത് നിരാശനായി മുതലാളി നിലത്തു കുത്തിയിരുന്നു.
മുതുകിൽ ആരോ തോണ്ടുന്നു.
അയാൾ തിരിഞ്ഞു നോക്കി.
രണ്ടു യുവാക്കൾ.

"എന്താ ചേട്ടാ ഒരു സങ്കടം. ഭൂതം വീണ്ടും രക്ഷപ്പെട്ടോ ?"
കൂട്ടത്തിൽ ഇളയവൻ ചോദിച്ചു.
അയാൾ അതേ എന്നർത്ഥത്തിൽ തലകുലുക്കി കുനിഞ്ഞിരുന്നു

"പിടിച്ചു തന്നാൽ എന്തു തരും " മൂത്തയാൾ ചോദിച്ചു.
"എന്തും " മുതലാളി തേങ്ങി.

"പക്ഷെ ഒരു കാര്യം.
 ഇനി മുതൽ ചില്ലു കുപ്പി കോർക്കു കൊണ്ടടയ്ക്കാതെ പ്ലാസ്റ്റിക്‌ കുപ്പിയിൽ പിരിയടച്ച്
 അവനെ പൂട്ടും എന്നുറപ്പിക്കാമോ "

"ഉറപ്പിക്കാം " മുതലാളി വാക്കു കൊടുത്തു.

യുവാക്കൾ ഭൂതത്തെ തേടിയിറങ്ങി.


ഭൂതം പരോപകാരിയാണ്.
മുതലാളിയിലൊഴികെ ആരു വിളിച്ചാലും അവൻ പറന്നെത്തും.
ചോദിക്കുന്നതെന്തും കൊടുക്കും.
പക്ഷെ ഭൂതത്തിന് ഒരു നിർബന്ധം.
വിളിക്കാതെ തന്നെ അടുത്ത തവണ എത്താൻ തക്കവിധം നല്ല ബന്ധം സ്ഥാപിക്കണം.
ചില സമയങ്ങളിൽ ഭൂതത്തെ വേണ്ടെന്നു വയ്ക്കുന്നവർ പോലും അവന്റെ ആ സ്നേഹത്തിനു മുമ്പിൽ വീണു പോകുന്നു.
അവർ വീണ്ടും അവനെ വിളിക്കുന്നു.

സാധാരണയായി പകൽ ഭൂതത്തിന് തിരക്ക് കുറവാണ്.
എന്നാൽ കുറച്ചു നാളായി ഒരുപാട് പേർക്ക് ധാരാളം ആവശ്യങ്ങൾ.
എന്തു കാര്യം പറയാനും എല്ലാവർക്കും അവൻ വേണം.

ഭൂതത്തിന് ഇരിക്കപ്പൊറുതിയില്ല.
പറന്നു ക്ഷീണിച്ച ഭൂതം പട്ടണത്തിൽ തണലിനായി നിരനിരയായി നട്ട പാലമരങ്ങളുടെ ഇലകൾക്കിടയിൽ മയങ്ങാൻ തീരുമാനിച്ചു.

അവൻ പാലയുടെ മുകളിൽ എത്തി.
പെട്ടെന്ന് പാല ഒന്നു കുലുങ്ങി.
നിലവിളിച്ചു കൊണ്ട് കുറേ യക്ഷികൾ ഇറങ്ങി ഓടി.
ഭൂതം പൊട്ടിച്ചിരിച്ചു.
യക്ഷികൾക്ക് തന്നെ ഭയമില്ല എന്നവനറിയാം..
എന്നാൽ അവന്റെ സഞ്ചിയിലെ ആരെയും കൂസാക്കാത്ത ഒരു ജനതയുടെ ലീലാവിലാസങ്ങളിൽ യക്ഷികൾ പോലും ഭയന്നു വിറയ്ക്കുന്നു.
അവൻ സ്നേഹത്തോടെ തന്റെ സഞ്ചിയെ തലോടി.

ഒന്നു തല ചായ്ച്ചതേയുള്ളൂ.
ഒരു നിലവിളി.
ഭൂതം ചാടിയെഴുന്നേറ്റു.
കാമുകീകാമുകന്മാരാണ്.
അവൻ പറന്നെത്തി.
ലൈവ് ആത്മഹത്യ.
ഭൂതം പതറിയില്ല. എത്ര കണ്ടിരിക്കുന്നു.

പന്ത്രണ്ടു നിലകളുള്ള ഫ്ലാറ്റിൽ ചന്ദ്രിക ചുംബിക്കുന്നു.
പത്താം നിലയിൽ ജനാലയിൽ കൂടി ഒരു നേരിയ വെട്ടം.
ഇത്തവണ ഭൂതം ചെന്നെത്തിയത് ഒരു പുതപ്പിനടിയിലേയ്ക്കാണ്.
ഒന്നു മയങ്ങിയതേയുള്ളൂ.
ഒറ്റ ചവിട്ട്.
ചവിട്ടു കൊണ്ട് ജനലുവഴി അവൻ ചാടി ഓടി.
മൊബൈൽ ഓഫ്‌ ചെയ്തിരിക്കുന്നു.
തല്ലു കൂടുന്ന ഭാര്യാഭർത്താക്കന്മാരെക്കാൾ ഭേതം ലൈവ് കാമുകീകാമുകന്മാർ തന്നെ.

ഉറക്കച്ചടവിൽ അവൻ അങ്ങനെ ചിന്തിച്ചിരിക്കവേ ആരോ കൈകൊട്ടുന്നു.
ഭൂതം ശ്രദ്ധിച്ചു.
"ഹലോ " രണ്ടു യുവാക്കൾ വിളിക്കുന്നു
സമയം പാഴാക്കിയില്ല. അവൻ അവർക്കിടയിലേയ്ക്ക് താണിറങ്ങി.

നീതി നിഷേധിക്കപ്പെട്ട ഒരു കുടുംബം ഭൂതത്തിന്റെ സഹായം തേടുന്നു.
യുവാക്കൾ ചൂണ്ടിയ വഴിയിലൂടെ അവൻ യാത്ര ചെയ്തു.
ധാരാളം ആളുകളിലേയ്ക്ക്.
നീതിക്കു വേണ്ടി പോരാടാൻ അവൻ ഷെയർ ചെയ്യപ്പെട്ടു.

ഭൂതത്തിന് വിശ്രമം ഇല്ലാതായി.
യുവാക്കൾ അവനെ മെരുക്കി.

തിന്മ നന്മയ്ക്ക് വഴിമാറിയപ്പോൾ മുതലാളി കടന്നു വന്നു.
യുവാക്കൾക്ക് പിന്നിൽ നിന്നയാൾ മുരടനക്കി
ഇളയവൻ തിരിഞ്ഞു നോക്കി.
"സുക്കൻബർഗ്.. താങ്കളെത്തിയോ " യുവാവ് ചോദിച്ചു.
"നിങ്ങൾ അവനെ പിടിച്ചോ "
അയാൾക്കറിയണം.
"കൈയ്യിലുണ്ട് " യുവാക്കൾ പറഞ്ഞു.

"കേറടാ കുപ്പിയിൽ " ഭൂതത്തെ നോക്കി അയാൾ അലറി.
മുതലാളിയെ കണ്ട ഭൂതം പേടിച്ചു വിറച്ചു.
യുവാക്കൾ കാട്ടിയ വഴിയിലൂടെ ഇനി ഉപകാരിയായി മാറാം എന്നു പറഞ്ഞു കൊണ്ട് അവൻ അയാളുടെ കാൽക്കൽ വീണു.

മുതലാളി അയഞ്ഞു.
ഭൂതം വാക്കു പാലിക്കുമോ.
ഉറപ്പില്ല.

യുവത്വം ഭൂതത്തെ ഏറ്റെടുത്തപ്പോൾ സുക്കൻബർഗ് പ്ലാസ്റ്റിക് കുപ്പി പിടിവിടാതെ നെഞ്ചോട്‌ ചേർത്തു വച്ചു.

ഭൂതം ഏറുകണ്ണിട്ട് നോക്കുന്നത് അദ്ദേഹം കാണുന്നുണ്ടായിരുന്നു .


************************

നന്ദിനി



Saturday 20 January 2018

ചുരുളഴിഞ്ഞ സത്യം

ചുരുളഴിഞ്ഞ സത്യം
***********************

ദൂരെ പച്ച പുതച്ചു നിൽക്കുന്ന മലനിരകൾ.
സൂര്യൻ പതിവ് പോലെ ആ മലകൾക്ക് പിന്നിൽ ഒളിച്ചു.

രാത്രിയുടെ യാമങ്ങളിൽ താഴ്വാരങ്ങളിൽ ഇടതൂർന്ന
മരങ്ങൾക്കിടയിലൂടെ ഇര തേടി നടക്കുന്നു  ഒരു സിംഹം.
പുലർക്കാല സ്വപ്നങ്ങളെ താലോലിച്ചു മയങ്ങിയ
ഒരു മാൻപേടയുടെ ദയനീയ നിലവിളികൾക്കിടയിലൂടെ
ഒരു മുരൾച്ച മാത്രം.

വയറു നിറഞ്ഞ സിംഹം ഇരയുടെ തുടയെല്ലിൽ
വലതു കാൽ  വച്ച് തല പിറകോട്ടാക്കി ഒന്നലറി.

മരങ്ങളിൽ ഒന്നു മയങ്ങി ഉണർന്ന കിളികൾ ചിറകടിച്ചു പറന്നു.
വീണ്ടും ഇലയുടെ മറവുകളിൽ അവർ കണ്ണുകൾ
ഇറുക്കിയടച്ചു.

മലകൾക്കിടയിൽ ഒളിച്ച സൂര്യൻ കടലിൽ നിന്നെത്തി നോക്കി.
തിരകളെ തലോടി അവനുയരവേ സൂര്യ ദൃഷ്ടിയിൽ
ഒരു കാഴ്ച പതിഞ്ഞു.

താഴെ കടൽ തീരത്ത് നിലവിളിച്ചു കൊണ്ടോടുന്നു ഒരു സ്ത്രീ.
ഒക്കത്തിരുന്നു ഒരു കുഞ്ഞു  വാവിട്ട് കരയുന്നു.
പുറകേ നാലഞ്ചാണുങ്ങൾ.
"നില്ക്കടീ അവിടെ " അവർ അലറി.

ആ സ്ത്രീ കരഞ്ഞു കൊണ്ടോടുന്നു.
മണലിൽ പൂണ്ട കാലുകൾ അടിതെറ്റിയപ്പോൾ കൈ വഴുതി
കുഞ്ഞു തീരത്തു വീഴുന്നു.

ഓടി വന്നവരിൽ ഒരാൾ ആ കുഞ്ഞിനെയെടുത്ത്
കടലിലേയ്ക്ക് എറിഞ്ഞു.

"അരുതേ.. "ആ സ്ത്രീ നിലവിളിച്ചു കൊണ്ട് കുഞ്ഞിനെ
എറിഞ്ഞ ഭാഗത്തേയ്ക്ക് ഓടി.
ആ സമയം തന്നെ ധാരാളം. പുറകെ വന്നവർ ആ സ്ത്രീയെ
പിടികൂടി.
കടൽത്തീരത്ത് ആ സ്ത്രീയുടെ മാനത്തിന് കുഞ്ഞിന്റെ ജീവനു
വിലയിട്ടപ്പോൾ സൂര്യൻ ജ്വലിച്ചുയർന്നു.

ഒന്നു മയങ്ങാൻ പോയ ചന്ദ്രൻ അദൃശ്യനായി ആ
കാഴ്ചകൾക്ക്  സാക്ഷ്യം വഹിച്ചു. ആ സ്ത്രീയുടെ നിലവിളി
ചന്ദ്രനെ ഭൂമിയോടടുപ്പിച്ചു. കടലിന്റെ അടിത്തട്ട് പ്രകമ്പനം കൊണ്ടു.
തിരകൾ ഉയർന്നു പൊങ്ങി. കാറ്റ് ആഞ്ഞു വീശി.
തിരകൾ വാരിയെടുത്ത കുഞ്ഞിനെ കടൽ തിരികെ നൽകി.
ചെറിയ തുടിപ്പുകൾ ആ കുരുന്നു ശരീരത്തെ ചലിപ്പിച്ചു.
മണലിൽ കമഴ്ന്നു കിടന്നിരുന്ന ആ കുട്ടി ഒന്നനങ്ങി.

സ്ത്രീയുടെ നിലവിളി തേങ്ങലായി മാറവേ ചെന്നായ്ക്കൾ അവളെ
വിട്ടകന്നു. നിരങ്ങി നീങ്ങി തന്റെ കുഞ്ഞിന് വാരിപ്പുണർന്ന
സ്ത്രീയ്ക്ക് ആശ്വാസമേകുവാൻ ഒരു ചെറുകാറ്റ് അവളെ തലോടി.

കണ്ണുതുറന്ന കുഞ്ഞിനെ മാറോട് ചേർത്ത് സ്ത്രീ വേച്ചു വേച്ച്
നടന്നു നീങ്ങവേ...
മറുഭാഗത്ത് തിരകളുയർന്നു.
പ്രകൃതി ക്ഷോഭിച്ചു
സ്ത്രീയുടെ മാനത്തിന് പുല്ലു വില കൽപ്പിച്ച ചെന്നായ്ക്കൾ
നടുക്കടലിലേയ്ക്ക് യാത്രയായി.

സൂര്യദൃഷ്ടിയിൽ മ്ലേച്ഛതകൾ അനാവൃതമാകവേ മനുഷ്യന്
താങ്ങും തണലുമായ പ്രകൃതി തിരിച്ചടിക്കാൻ തുടങ്ങി.
സൗരക്കാറ്റ് ഭൂമിയെ ചാമ്പലാക്കാൻ ഉന്നം പിടിക്കവേ
പ്രകൃതിയുടെ മാറ്റത്തിൽ വിറപൂണ്ട മനുഷ്യർ പരസ്പരം
പഴിചാരൽ തുടർന്നു.

കനലുകൾ എരിയുന്ന മനസ്സുകളുടെ എണ്ണം
പെരുകിക്കൊണ്ടിരുന്നു. ആത്മഹത്യകൾ കുട്ടിക്കളികളായി.
പ്രണയം കാമത്തിൽ അലിഞ്ഞു ചേർന്നു. പ്രകൃതിയുടെ
കോപത്തിൽ കടലുകൾ കുരുതിക്കളങ്ങളായി
വിറകൊള്ളാൻ വെമ്പുന്ന ഭൂമിയിൽ നിഷ്കളങ്ക മനസ്സുകളുടെ
നിലവിളികൾ ഉയർന്നു.

പ്രകൃതി അടങ്ങി.
സൂര്യൻ സൂക്ഷിച്ചു നോക്കി.

ഇരുണ്ടു മൂടിയ കാട്ടിലേയ്ക്ക് ഒരേയൊരു വഴി.
ഒരാൾക്ക് കഷ്ടിച്ചു കടന്നു പോകാം.
ആ വഴിയിൽ നിത്യം സന്ദർശകരും. ജീവിതം മടുത്തവർ.
ആത്മഹത്യാ വനത്തിലേയ്ക്ക് കയറിയവർ തിരിച്ചിറങ്ങിയിട്ടില്ല.
അവരെ അന്വേഷിച്ചു പോയവർ പോലും അവിടെ
ആത്മഹത്യ ചെയ്യുന്നു.
നാട്ടുകാർ പറഞ്ഞു.
അജ്ഞാതശക്തി.
വഴിക്ക് കാവൽ നിന്ന പോലീസുകാരൻ ഒരു പ്രഭാതത്തിൽ
പെട്ടെന്ന്  വനത്തിൽ പോയി ആത്മഹത്യ ചെയ്തു.

ആളുകൾ ആ വനത്തിന് അതിർവരമ്പുകൾ വരച്ചു.
എങ്കിലും ആ വനം തേടി പോകുന്ന കനലുകൾ എരിയുന്ന
മനസ്സുകൾ അനേകം.

ആ കാഴ്ച്ചകളിൽ സൂര്യൻ മങ്ങി.
വൈകുന്നേരം മലയുടെ മറവിൽ ഒളിച്ചു ഒന്നു
മയങ്ങുവാനായി വട്ടം കൂട്ടവേ എന്തോ ഒന്ന് കണ്ണിൽ
ഉടക്കി.

സൂര്യൻ ശ്രദ്ധിച്ചു.

താഴെ ഒരു ദ്വീപ്‌.
പകൽ സമയം ഒരുപാട് സന്ദർശകർ.
രാത്രിയായാൽ ആരെയും അവിടെ തങ്ങാൻ
അനുവദിക്കില്ല.
കാരണം പ്രേതശല്യം.
സന്ധ്യയോടടുപ്പിച്ച്  ആളുകൾ ബോട്ടുകളിൽ
മടങ്ങുന്നു.

സൂര്യന്റെ ആകാംഷ ചന്ദ്രനെ ഏല്പ്പിച്ചു
അവൻ കൃത്യനിഷ്ഠ  പാലിച്ചു.


ചന്ദ്രൻ ആ  ദ്വീപിന് മുകളിൽ തന്നെ  നിന്നു.
ആളൊഴിഞ്ഞ ദ്വീപിൽ ചില അനക്കങ്ങൾ.
ചന്ദ്രൻ സൂക്ഷിച്ചു നോക്കി.
കൊലപാതകം നടന്നതും പ്രേതശല്യം ഉണ്ടെന്നും
പറയപ്പെടുന്നതുമായ വീടിന്റെ ജനാലയിൽ
അരണ്ട വെളിച്ചം.
മുറ്റത്ത് ഒരു കാറു വന്നു നിന്നു.
പകൽമാന്യൻ അകത്തേയ്ക്ക് കയറവേ
അരണ്ട വെളിച്ചത്തിൽ തേങ്ങലുകൾ ഉയർന്നു.

പ്രേതശല്യം മറനീക്കപ്പെടുന്നു.
ചന്ദ്രൻ മുഖം പൊത്തി.
നിലാവ് മാഞ്ഞു.

രാവിലെ സൂര്യ ചന്ദ്രാദികൾ പങ്കുവച്ച വിശേഷങ്ങൾ
ചെറുകാറ്റ്  കേൾക്കുവാനിടയായി.
കോപാകുലയായി ഭീകരരൂപിയായി മാറിയ അവൾ ഒരു
ചുഴലി കൊടുങ്കാറ്റായി ആ ദ്വീപിൽ ആഞ്ഞടിച്ചു.
കടൽ കയറി ഒലിച്ചു പോകുന്ന പ്രേതശല്യത്തിൽ
മാനുഷിക അധഃപതനത്തിന് പ്രകൃതി തുടക്കം
കുറിച്ചു കഴിഞ്ഞു.

കനലുകൾ വീണ്ടും എരിയാൻ തുടങ്ങി.
പ്രകൃതിയിൽ, സൂര്യചന്ദ്രാദികളിൽ, കാറ്റിൽ..

മനുഷ്യൻ പ്രകൃതിയിൽ ഒടുങ്ങുന്ന കാലം
വിദൂരമല്ല എന്ന്  അവന്റെ പ്രവൃത്തികൾ അപ്പോഴും
അവനെ നോക്കി വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.




നന്ദിനി 

Friday 29 December 2017

ചതിക്കുഴികൾ

ചതിക്കുഴികൾ
*****************

അത്യാവശ്യം കാഴ്ചക്കാർ ഉള്ള സാമാന്യം ഭേദപ്പെട്ട ഒരു ചാനൽ.
അതിന്റെ ഓഫീസ് ഒരു വലിയ കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലാണ്.
അതിനു മുകളിൽ രണ്ടു നിലകൾ കൂടി. അവിടെ ഒരു പാരലൽ കോളേജും കുറേ കുട്ടികളും.

ചാനൽ ഓഫീസിൽ ഒരു അഭിമുഖം നടക്കുന്നു. ഒരു പ്രമുഖ നടി വന്നിരിക്കുന്നു.
വലിയ ഒരു മേശയുടെ ഇരു വശങ്ങളിലായി അവതാരകനും നടിയും ഇരിക്കുന്നു.
ചുവന്ന സാരിയിൽ സ്വർണ്ണ വീതിയുള്ള ബോർഡർ.
ഒരു പാളി തോളത്തു കുത്തി ബാക്കി അലസമായി വിരിഞ്ഞു കൈകളിലേയ്ക്ക് കിടക്കുന്നു. അഴിച്ചിട്ട മുടി ഇടയ്ക്കിടെ കൈ കൊണ്ട് മാടിയൊതുക്കി നടി ഉത്തരങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു.

ഒരുപാട് നാളുകൾക്കു മുമ്പ് പറഞ്ഞു വച്ച അഭിമുഖം. എങ്കിലും അവതാരകന്റെ മുഖത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന ഭയവും ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉണ്ടാകുന്ന വിറയലും ജനാലയിൽ കൂടെ എത്തി നോക്കിക്കൊണ്ടിരുന്ന മനു ശ്രദ്ധിച്ചു.

"എന്തേ ഇങ്ങനെ.. ചാനൽ അവതാരകൻ ജോൺ മാത്യു ഒരിക്കലും ഇങ്ങനെയല്ലല്ലോ.
എന്തിനാണ് അദ്ദേഹം ഇങ്ങനെ വിറയ്ക്കുന്നത്.. "

മനു തല തിരിച്ച്  ആ നടിയെ ഒന്നു നോക്കി.
അവന്റെ മനസ്സിൽ കൂടി ഒരായിരം കൊള്ളിയാൻ ഒന്നിച്ചു മിന്നി.

ആ നടിയുടെ പേര് ഊർമ്മിള.
പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയവൾ.
നല്ല നടിക്കുള്ള പുരസ്കാരം ഒരുപാട് തവണ ലഭിച്ചിരിക്കുന്നു.
അവരുടെ കൃത്യനിഷ്ഠ, എളിമ, ലാളിത്യം മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്ത പുലർത്തുന്നു. ഒരു കാര്യം ഏറ്റെടുത്താൽ ഏതറ്റം വരെയും എത്ര കഷ്ടപ്പാടും സഹിച്ച്
പൂർത്തിയാക്കുന്നവൾ. സൗന്ദര്യം, സമ്പത്ത് മതിവരുവോളം.

മനുവിന് ഞടുക്കം മാറുന്നില്ല.
ഓടിപ്പോകാൻ വെമ്പുന്ന കാലുകൾ ഭാരത്താൽ ഘനം വച്ച് ഒരടി പോലും മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥ.

മനു നടിയെ നോക്കി.
സുന്ദരിയായ അവൾ അതറിയുന്നുണ്ടോ...
പതുക്കെ തിരിഞ്ഞ് മനുവിനെ നോക്കി അവൾ പുഞ്ചിരിച്ചു.

അഭിമുഖം അവസാനിച്ചു.
അവതാരകൻ എഴുന്നേറ്റു. കൈകൊടുത്തു പിരിഞ്ഞു.

നടി കസേര തള്ളിമാറ്റി കുറച്ചകലെ വച്ചിരിക്കുന്ന ഹാൻഡ്‌ ബാഗ് എടുക്കാൻ എഴുന്നേല്ക്കുന്നു.
ബാഗ്‌ കൈയ്യിൽ എടുത്ത് അവർ എന്തോ തിരയുന്നു.
കാണുന്നില്ല.
ഇരുന്നു കൊണ്ട് വീണ്ടും തിരയുന്നു.

മനു ഞെട്ടി പുറകോട്ടു മാറി.
നടി ഇരിക്കുന്നത് കസേരയിൽ അല്ല അന്തരീക്ഷത്തിലാണ് .

കാലുകൾ വലിച്ചു കുടഞ്ഞ്‌ വെപ്രാളപ്പെട്ട് പടികൾ ഓടിക്കയറി മനു നാലാം നിലയിലെത്തി. അവിടെ നടകളിൽ നിരനിരയായി കുട്ടികൾ നില്ക്കുന്നു.
അവർ എന്തോ കളിയിലാണ്. ഒരുമിച്ച് ഒരു പാട്ടിന്റെ താളത്തിൽ ഒരു പടി ഇറങ്ങുന്നു.
രണ്ടു പടികൾ  കയറുന്നു.

ആരും മനുവിനെ ശ്രദ്ധിച്ചില്ല.
പാട്ടിന്റെ സ്വരം കൂടിക്കൂടി വരുന്നു.
മനു ചെവി പൊത്തി.
അവൻ പടികൾ ഇറങ്ങി ഓടി.
രണ്ടാം നിലയിൽ എത്തിയപ്പോൾ ചാനൽ ഓഫീസിലേയ്ക്ക് അവൻ ഒന്നു പാളി നോക്കി.

നടി അന്തരീക്ഷത്തിൽ തന്നെ ഇരിക്കുന്നു.
എന്നാൽ ഇപ്പോൾ മുകളിലുള്ള പാട്ടിന്റെ ഈണത്തിൽ  കാലു കൊണ്ട് താളം പിടിക്കുന്നു.

ജോൺ മാത്യു അവിടെങ്ങുമില്ല.
മനു നടകൾ ഓടിയിറങ്ങി.
താഴെ തന്റെ കാർ വളരെ വേഗത്തിൽ ഓടിച്ചു ജോൺ മാത്യു പോകുന്നു.

മനു ചുറ്റും നോക്കി.
ഗേറ്റ് കടന്നാൽ ഇടത്തോട്ട് പോകുന്നത് ടൗണിലേക്ക്.
വലത്തോട്ട് കുറച്ചധികം പോയാൽ കടൽ തീരത്തെത്താം.
മനു വളരെ വേഗം വലത്തോട്ട് നടന്നു.

ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നു.
ആരുമില്ല.
മനുവിന്റെ ചിന്തയിൽ പാരലൽ കോളേജിലെ കുട്ടികൾ കടന്നു വന്നു.
" എന്താകുമോ എന്തോ.. "

ചിന്തകൾ കുടഞ്ഞെറിഞ്ഞു കടൽക്കരയിലെ ബഞ്ചിൽ തലചായ്ക്കുമ്പോൾ മനുവിന്റെ മനസ്സിൽ ഓർമ്മകളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായി.

കഴിഞ്ഞ ആഴ്ച ഓൺലൈൻ പത്രത്തിൽ വന്ന ഒരു നടിയുടെ അമ്മയുടെ വെളിപ്പെടുത്തൽ.
അതിൽ പറയുന്നു..
ഞാനും എന്റെ മോളും ഓജോ ബോർഡ്‌ കളിച്ചു കൊണ്ടിരുന്നപ്പോൾ മോൾ ചോദിച്ചു.

മനു ചിന്തിച്ചു.
ഈ ഓജോ ബോർഡ്‌ ചീട്ടു കളിക്കുന്നതു പോലെ കളിക്കുന്നതൊന്നുമല്ലല്ലോ.
ആത്മാക്കളെ വിളിച്ചു വരുത്തുന്ന ഒരു സാധനമല്ലേ അത്.
എന്തെങ്കിലുമാകട്ടെ....

അമ്മ പറയുന്നു.
മോൾ എന്നോട് ചോദിച്ചു.
" അമ്മ മരിച്ചാൽ എന്റെ അടുത്തേയ്ക്ക് വരുമോ "
അമ്മ ചിരിച്ചു.
" അതിനു ഞാൻ മരിക്കാൻ പോകുന്നില്ലല്ലോ "

അതുവരെയില്ലാത്ത മുഖഭാവത്തോടെ മകൾ പറഞ്ഞു.
" ഞാൻ മരിച്ചാൽ തീർച്ചയായും അമ്മയുടെ അടുത്ത് വരും.
   നമ്മളെന്നും ഒന്നായിരിക്കും "

മകൾ താമസിയാതെ ഒരു അപകടത്തിൽ മരിച്ചു.
ആ അമ്മ പറയുന്നു.
" അതേ.. എനിക്കറിയാം അവൾ ഇപ്പോഴും എന്റെ മുമ്പിൽ വരാറുണ്ട്.
ഞങ്ങൾ ഇപ്പോഴും ഒന്നാണ്. "


മനുവിന്റെ ചിന്തകൾ കാടു കയറി.
മരിച്ചവർ തിരിച്ചു വരില്ല. ബൈബിൾ പറയുന്നു.
അന്ത്യവിധി നാളിൽ താന്താങ്ങളുടെ വിധിയ്ക്കായി അവർ ഉയിർത്തെഴുന്നേൽക്കും.

അപ്പോൾ ഇവരൊക്കെ ആരാ..
മനുവിന് ഭയം.
വീണ്ടും തിരിഞ്ഞു നോക്കി.
ഊർമ്മിള അവിടെങ്ങുമില്ല.
രണ്ടാഴ്ച മുമ്പ് മരണപ്പെട്ട അവർ എങ്ങനെ ആ അഭിമുഖത്തിനെത്തി.

അവരുടെ നിശ്ചയദാർഢ്യമോ കൃത്യനിഷ്ഠയോ..
മരിച്ചാൽ പിന്നെ ഇവ ഒക്കെയുണ്ടായിട്ടെന്തു  കാര്യം.
പിന്നെ അവർ ആരാ...

അവരുടെ രൂപത്തിൽ ആരാണ് വരുന്നത്.
ഓജോ ബോർഡിൽ വരുന്ന ആത്മാക്കൾ ആരാണ്..


മനുവിന്റെ കണ്ണുകൾ കടലിലേയ്ക്ക് നീണ്ടു.
ഉയരുന്ന തിരമാലകൾ തന്നെ മാടി വിളിക്കുന്നോ..
മനസ്സിനെ ആരോ സ്വാധീനിക്കുന്നോ...
കടലിലേയ്ക്ക് ഇറങ്ങാൻ തോന്നിക്കുന്നുവോ...

"ദൈവമേ.... " മനു ഉറക്കെ വിളിച്ചു.
പോക്കറ്റിൽ കിടന്ന ജപമാല മുറുക്കെ പിടിച്ച് അവൻ ചാടി എഴുന്നേറ്റു.
റോഡിലേയ്ക്ക് തിരിച്ചു  നടക്കുമ്പോൾ മനു തിരിഞ്ഞു നോക്കി.

താനിരുന്ന ബഞ്ചിൽ അതാ ഊർമ്മിള.
അവൾ എഴുന്നേല്ക്കുന്നു.
കടലിലേയ്ക്ക് നടക്കുന്നു.

മനു തിരിഞ്ഞു നോക്കാതെ ഓടി.
ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം തികട്ടി വരുന്നു.

മരിച്ചവരുടെ രൂപത്തിൽ എത്തുന്ന തിന്മകൾ ആകാംഷ മുറ്റുന്ന മനസ്സുകളെ സ്വാധീനിച്ച് ആത്മഹത്യയിലൂടെ  നരകത്തിലെത്തിക്കുന്ന വിധം ഭീകരം.

ദൂരെ മുഴങ്ങുന്ന പള്ളിമണികളിൽ ഈശ്വരസാന്നിദ്ധ്യം തിരിച്ചറിഞ്ഞ മനു ശാന്തനായി.

നന്മയായ ദൈവത്തെ തിരയാതെ തിന്മയെ തിരയുന്ന സമൂഹത്തിനു മുമ്പിൽ മനു വ്യത്യസ്തനായി തന്നെ നില കൊണ്ടു.



നന്ദിനി










Sunday 22 October 2017

ഭയം തുറന്ന മരണവഴികൾ..

ഭയം തുറന്ന മരണവഴികൾ 

ല്ലാത്തൊരു ആകർഷണം ആയിരുന്നു ആ ബംഗ്ലാവിന് .
ദൂരെ നിന്നുള്ള വീക്ഷണക്കോണുകളിൽ തലയുയർത്തി നില്ക്കുന്ന രണ്ടു  ഗോപുരങ്ങൾ.
രണ്ടാൾ പൊക്കമുള്ള ചുറ്റുമതിൽ  കാഴ്ച്ചയെ മറയ്ക്കുമ്പോഴും തലയെടുപ്പിൽ കോട്ടം തട്ടാത്ത
പുറംവാതിലും അതിൽ കൊത്തിവച്ച തലയുടെ നാക്കു നീട്ടിയ നേർക്കാഴ്ചയും  നാട്ടുകാരിൽ കൗതുകമുണർത്തിയിരുന്നു. രാവേറെ ചെല്ലുമ്പോഴുള്ള വവ്വാലുകളുടെ വലംവയ്ക്കലിൽ തെളിയാറുള്ള ഗോപുരക്കണ്ണുകൾ ഒരു രക്ഷസ്സിന്റ്റെ ആഗമനം വിളിച്ചറിയിക്കുന്നു എന്ന പഴമക്കാരുടെ വാദങ്ങളിൽ, ചുടുചോരയുടെ ഗന്ധം കലർന്നിരുന്നു .

തടിക്കച്ചവടക്കാരൻ പീറ്റർ ഒന്നു തലചൊറിഞ്ഞു .
ജനാലയിലൂടെ ഇമവെട്ടാതെ അയാൾ ആ ഗോപുരങ്ങളിലേയ്ക്ക് നോക്കിയിരുന്നു .
ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന കുന്നിന്റ്റെ താഴ്വാരത്തായിരുന്നു പീറ്ററിന്റ്റെ ഭവനം .
കൂട്ടിന് ഒരു ലോറി മാത്രം ..
ഏകാന്ത വാസം ഇഷ്ടപ്പെടുന്ന ഒരു വിചിത്ര മനുഷ്യൻ ..
രാവിലെ ലോറിയുമായി കൂപ്പിലെത്തുകയും   വൈകുന്നേരം  ആറ്റിൽ ഒരു കുളിയും കഴിഞ്ഞ് ലോറിയും കഴുകി വീട്ടിലെത്തുന്ന സ്ഥിരം പതിവിനുടമ .
അന്ന് പീറ്റർ അസ്വസ്ഥനായിരുന്നു ..
ആറ്റിൽ വെള്ളം പേരിനു മാത്രം ..
പാലത്തിനു താഴെയുള്ള മണ്‍റോഡിലൂടെ ഉരുളൻ കല്ലുകൾ നിറഞ്ഞ ചെറുവെള്ളത്തിലേയ്ക്കിറങ്ങുമ്പോൾ അയാളുടെ കണ്ണുകൾ മരങ്ങൾക്കിടയിൽ
ഉയർന്നു നിന്നിരുന്ന ഗോപുരക്കണ്ണുകളിൽ ഉടക്കി ...
പതിവില്ലാത്ത ഒരു ആകാംഷ പീറ്ററിൽ കുടിയേറി .
വേഗത്തിൽ പണി  അവസാനിപ്പിച്ച്  മടങ്ങുമ്പോൾ  ആ യാത്രയോടുള്ള പ്രതിഷേധമെന്നവണ്ണം 
ലോറി ഒന്നു  ചുമച്ചു കുലുങ്ങി .പാലം കടന്ന് മരങ്ങൾക്കിടയിലൂടെ കുന്നു കയറുമ്പോഴും 
ആ ചുമ തുടർന്നുകൊണ്ടിരുന്നു.
ബംഗ്ലാവിന്റ്റെ ചുറ്റുമതിലിനോടു ചേർന്നുള്ള പുറം വാതിലിനു മുന്നിൽ ലോറി നിശ്ചലമായി .

നാക്കുനീട്ടിയ തലയിലെ കണ്ണുകൾ ഒന്നു ചിമ്മിയോ ....
'ഏയ് .....ഓരോ തോന്നലുകൾ ...' 
പീറ്റർ ചാടിയിറങ്ങി ...വാതിലിൽ ആഞ്ഞു തള്ളി .
തലയുമായി ഒരു മുരളലോടെ വാതിൽ അകത്തേയ്ക്ക് തുറന്നു .
വിശാലമായ മുറ്റം ഒരു  വനം പോലെ തോന്നിച്ചു .
കാടുകൾ വകഞ്ഞു മാറ്റിയ പീറ്ററിനെ,  സമ്മിശ്ര ഗന്ധങ്ങളുടെ അകമ്പടിയോടെ  ചെറുകാറ്റ്
ഒന്നു തലോടി .


പീറ്റർ അകവാതിലിനടുത്തെത്തി...
അരികിലായി ഒരു  മണി  ..
ദ്രവിച്ച കയറും പേരറിയാത്ത മറ്റു പലതും കൊണ്ട് നിലം മൂടിയിരിക്കുന്നു .

പെരുവിരലിൽ കുത്തിയുയർന്ന്  കൈയ്യുയർത്തി മണിയിൽ ഒന്നു തട്ടി ..
ആ മുഴക്കത്തിനൊപ്പം അകത്തളത്തിലെവിടെയോ മറ്റൊരു ശബ്ദം ഉയർന്നുവോ ...
പീറ്റർ ചെവി വട്ടം  പിടിച്ചു .
ആരും വന്നില്ല ...
വാതിലിൽ  തട്ടി അയാൾ ഉറക്കെ വിളിച്ചു ..
" ഇവിടാരുമില്ലേ ..."
  ഞാൻ പീറ്റർ ..ഒന്നു പരിചയപ്പെടാൻ വന്നതാണ് ..വാതിൽ തുറക്കൂ ..."

വാതിൽ തുറന്നില്ല .
എന്നാൽ....അതിനു മറുപടിയെന്നവണ്ണം  ഗോപുരക്കണ്ണുകൾ ഒന്നു തെളിഞ്ഞു മങ്ങി ..
അസ്തമയസൂര്യനെ സാക്ഷിയാക്കി നേർരേഖയിൽ മിന്നി മറഞ്ഞ ഒരു പ്രകാശം ലോറിയുടെ ചില്ലിൽ തട്ടി പ്രതിഫലിച്ചു .

പീറ്റർ തിരിഞ്ഞു നടന്നു ..
' ആൾ പാർപ്പില്ലാത്ത വീടുകളെ ചുറ്റിപ്പറ്റിയുള്ള ഓരോ തെറ്റിദ്ധാരണകൾ ...'
അയാൾ പിറുപിറുത്തു ..
ലോറിയുമായി   മടങ്ങുമ്പോൾ വീശിയടിച്ച ശക്തമായ കാറ്റിൽ തുറന്നു കിടന്ന പുറംവാതിൽ വീണ്ടും മുരണ്ടു ...നാക്കു നീട്ടിയ തല യഥാസ്ഥാനം നിലയുറപ്പിച്ചു .

ഗോപുരത്തിൽ ഒരു രൂപം ചോരപുരണ്ട മോണകാട്ടി ഒന്നിളിച്ചു ...
' പരിചയപ്പെടാം ...' 
അത് അപ്രത്യക്ഷമായി ..

പീറ്റർ ലോറി ഒതുക്കി വീട്ടിലേയ്ക്ക് കയറുമ്പോൾ മൂവാണ്ടൻ മാവിൽ തലകീഴായി തൂങ്ങിക്കിടന്ന
വവ്വാൽ അന്ധകാരത്തിലേയ്ക്ക് കണ്‍ചിമ്മി ആ കിടപ്പ് തുടർന്നു ..

ഒരു ചൂടു ചായയിട്ട്  ചുണ്ടോടടുപ്പിച്ചതും ലോറിയുടെ ഹോണ്‍ മുഴങ്ങി ..
' ഇതെന്തു മറിമായം ..'
ചായ മേശപ്പുറത്തു  വച്ച് പീറ്റർ ഓടിയിറങ്ങി ലോറിയ്ക്കരികിലെത്തി ..
അയാൾ നാലുപാടും നോക്കി .
'  ആരുമില്ല....തോന്നിയതാവാം  '
തൂങ്ങിക്കിടന്ന വവ്വാലിനു നേരെ ഒരു കല്ലെടുത്തെറിഞ്ഞ് ഭയം മറയ്ക്കുമ്പോൾ ചായ കപ്പിൽ പടരുന്ന  രക്തഗന്ധം അയാൾ അറിഞ്ഞിരുന്നില്ല ................

തിരിച്ചു വന്ന് ആ ചായ ഒരു കവിൾ കുടിച്ച പീറ്റർ, വായിൽ പതഞ്ഞ അരുചിയിൽ അതു കമഴ്ത്തിക്കളഞ്ഞു     കട്ടിലിലേയ്ക്ക് ചാഞ്ഞു. 

ഉറക്കം കൺപോളകൾ ബലമായി അടയ്ക്കവേ വലിയ ശബ്ദത്തോടെ തുറഞ്ഞടഞ്ഞ ജനാല അയാളെ ഉണർത്തിയതേയില്ല. ജനാലയ്ക്ക് പിന്നിൽ തെളിഞ്ഞ തീഷ്ണമായ രണ്ടു കണ്ണുകൾ പീറ്ററിനെ ഒന്നു നോക്കി അപ്രത്യക്ഷമായി. 

ആ സമയത്തു തന്നെ കുന്നിൻ മുകളിലെ വലിയ ബംഗ്ളാവിന്റെ ശാന്തത ശക്തമായ ഒരു കാറ്റിൽ നഷ്ടമായി. ഉയർന്ന ഗോപുരത്തിലെ തുറന്നടഞ്ഞ ജനാല ഏതോ അദൃശ്യശക്തിയുടെ ആഗമനത്തിൽ ഒന്നു വിറച്ചു. 

            ഉദയസൂര്യന്റെ ആദ്യ തലോടലിൽ തന്നെ പീറ്റർ കണ്ണു തുറന്നു. പുത്തൻ പ്രഭാതം പകർന്ന
 ഊർജ്ജത്തിൽ അയാൾ രാവിലെ തന്നെ ലോറിയുമായി കൂപ്പിലെത്തി. 
വൈകുവോളം പണി. പതിവുപോലെ ആറ്റിലെ തണുത്ത വെള്ളത്തിൽ ഒന്നു മുങ്ങി നിവരവേ, 
ഒരു വലിയ ശബ്ദം.. 
കൂടെ ശക്തമായ മിന്നലും.. 

'ഇടിവെട്ടിയോ.. '

പീറ്റർ തലയുയർത്തി നോക്കി. 
ദൂരെ ബംഗ്ളാവിന്റെ ഇരട്ട ഗോപുരങ്ങളിൽ ഒന്നിൽ തീയാളുന്നു. 
കുളി മതിയാക്കി പീറ്റർ ലോറിയുമായി അവിടേയ്ക്ക് പാഞ്ഞു. 
ഗേറ്റിനു അല്പം മാറി ലോറി നിറുത്തി. 
കത്തിയമരുന്ന ഗോപുരങ്ങൾക്കും അഗ്നി വിഴുങ്ങുന്ന ബംഗ്ലാവിന്റെ  അന്ത്യത്തിനും  അയാൾ മൂകസാക്ഷിയായി. 

 പരിസരം മുഴുവനും  അഗ്നി പടരവേ.. 
ഗേറ്റിലെ നാക്കു നീട്ടിയ തല വലിയ ശബ്ദത്തോടെ താഴെ വീണു. 
ഞെട്ടി മാറിയ പീറ്റർ വീട്ടിലേയ്ക്ക് തിരിക്കവേ.. 
ആ തലയിലെ കണ്ണുകൾ തിളങ്ങി.. ഒന്നടഞ്ഞു തുറന്നു. 

അയാൾ വീട്ടിലെത്തുമ്പോൾ ഇരുട്ട് പരന്നിരുന്നു. 
ലോറി മാഞ്ചോട്ടിലേയ്ക്ക് ഒതുക്കി പീറ്റർ വരാന്തയിലേയ്ക്ക് കയറി. 

ഇരുണ്ട മൂലയിൽ ഭിത്തിയിറമ്പിനോട് ചേർന്ന് ഒരു ചാരുകസേര. 

'ഇരിക്കണോ... '
'വേണ്ട.. '

ഒന്നു തലകുലുക്കി പീറ്റർ അകത്തേയ്ക്ക് കയറി വാതിൽ അടച്ചു. 

ചാരുകസേരയെ പൊതിഞ്ഞ ഇരുട്ട് ഒരു രൂപമായി. 
അത് അയാൾ പോയ വഴിയിലേയ്ക്ക് നോക്കി.. 
കാറ്റിൽ തുറന്ന ജനാലയിൽ വീണ്ടും ആ രണ്ടു കണ്ണുകൾ തിളങ്ങി. 
തീ പാറുന്ന കണ്ണുകൾ പീറ്ററിനെ ആവേശിക്കാൻ വെമ്പൽ കൊണ്ടു. 
അതു ചിറി നക്കി. 

സാധിക്കുന്നില്ല.. 
എന്തോ ഒന്നു തടയുന്നു. 
ആ സത്വം കിണഞ്ഞു പരിശ്രമിച്ചു. 
പീറ്ററിലെ ശാന്തത അതിനെ ഭയപ്പെടുത്തി.

കത്തിയെരിഞ്ഞ ബംഗ്ളാവിനൊപ്പം പീറ്ററിൽ ഉണ്ടായിരുന്ന ഭയവും ചാരമായി തീർന്നിരുന്നു. 
ആ ശാന്തതയിൽ ദൈവിക സംരക്ഷണത്തിന് വാതിൽ തുറന്നു.

അടഞ്ഞ വഴികളിൽ.. 
ഭയം എന്ന വികാരത്തിലൂടെ മനുഷ്യനെ കീഴ്പ്പെടുത്താൻ  സാധിക്കാതെ 
ആ സത്വം ഉറക്കെയലറി. 

മൂവാണ്ടൻ മാവിൽ തലകീഴായി കിടന്ന കടവാവൽ ഭയന്നു വിറച്ചു. 
കാൽ വിറച്ചു താഴെ വീഴാൻ പോയ അതിനെ മിന്നൽ വേഗത്തിൽ സത്വം കടന്നു പിടിച്ചു. 
കടവാവലിന്റെ കണ്ണുകൾ തിളങ്ങി. 
രക്തദാഹിയായി മാറിയ അത് ചിറകടിച്ചുയർന്നു. 

ജിജ്ഞാസ തുറന്നു കൊടുക്കുന്ന വഴികളിൽ ഭയം വിതച്ചു  മനുഷ്യാത്മാക്കളെ കീഴ്പ്പെടുത്താൻ അതു തക്കം പാർത്തു. 

സത്വം അറിഞ്ഞില്ല.. 
അതിനു വാസസ്ഥലമൊരുക്കാൻ ജിജ്ഞാസയോടെ കാത്തിരിക്കുന്ന മനുഷ്യർ  ഈ കാലത്തിന്റെ സവിശേഷതയാണ്‌ എന്ന നഗ്ന യാഥാർത്ഥ്യം. 



നന്ദിനി 









Thursday 1 October 2015

അരക്കില്ലം തീർത്ത് കാത്തിരിക്കുന്നവർ



 സ്പന്ദനം 


സ്വർഗ്ഗീയ വിരുന്നു നടക്കുന്നു .
നിരന്നിരിക്കുന്ന സ്വർഗ്ഗവാസികൾക്ക് മാലാഖമാർ ഭോജനം വിളമ്പുന്നു .
'കൊള്ളാം ..'
വയറു നിറഞ്ഞ പൈലി ഒരേമ്പക്കവും വിട്ടെഴുന്നേറ്റു .
പെട്ടെന്നു കൂട്ടമണിയടി മുഴങ്ങി .
പൈലി കണ്ടു .
മറ്റൊരാൾ കൂടി സ്വർഗ്ഗത്തിലെത്തിയിരിക്കുന്നു .
മാലാഖമാർ വന്നയാളെ ആദരവോടെ ആനയിക്കുന്നു
 
അവിടവിടെയായി ഓരോരുത്തർ എത്തി നോക്കി .
" ഇതാരാണാവോ .."
പൈലി അടുത്തു നില്ക്കുന്ന  കറിയാച്ചനോട് ചോദിച്ചു.
" ശ്ശ് ...."
അപ്പുറത്ത് നിന്ന മാലാഖ ചുണ്ടത്ത് വിരൽ  വച്ചു .
പൈലി നിശബ്ദനായി .

വെള്ള വസ്ത്രത്തിൽ പൊതിഞ്ഞ ആ വ്യക്തിയുടെ മുഖം കാണാൻ അയാൾ പെരുവിരലിലൂന്നിയൊന്നുയർന്നു .
കഴിഞ്ഞില്ല .
മുന്നിൽ തിക്കും തിരക്കും കൂട്ടുന്ന സ്വർഗ്ഗവാസികളുടെ ഉയർന്ന തലകൾ ആ കാഴ്ചയ്ക്ക് വിലങ്ങുതടിയായി .

ആരോ തോണ്ടി .
ഞെട്ടിത്തിരിഞ്ഞ പൈലിയുടെ മുമ്പിലായ് മറ്റൊരു  മാലാഖ .
" ദൈവം വിളിക്കുന്നു ...കൂടെ വരിക .."

മാലാഖയെ അനുഗമിക്കുമ്പോഴും പൈലിയുടെ മനസ്സിൽ നിന്നും വെള്ളവസ്ത്രധാരി ഒഴിഞ്ഞു പോയിരുന്നില്ല .ദൈവസമക്ഷം   അയാളെ നിറുത്തി  മാലാഖ അകന്നു പോയി .

പൈലി ശ്രദ്ധിച്ചു .
ദൈവം ചിന്താകുലനാണ് .
അദ്ദേഹം ഇടയ്ക്കിടെ താഴെ ഭൂമിയിലേയ്ക്ക് നോക്കുന്നുമുണ്ട് .
പൈലി അടുത്തേയ്ക്ക് ചെന്നു .
ദൈവചിന്തയുടെ കാരണം സ്പഷ്ടമായിരുന്നു .

ഭൂമിയിൽ യുദ്ധം നടക്കുന്നു .
തെരുവിൽ മുദ്രാവാക്യം മുഴക്കി അവകാശങ്ങൾക്കു വേണ്ടി പൊരുതുന്ന ജനതയുടെ പിന്നാമ്പുറങ്ങളിൽ ,..
രക്തം ഊറ്റാൻ വെമ്പൽ  കൊള്ളുന്ന ചെന്നായ്ക്കൂട്ടങ്ങൾ. 

ദൈവം പൈലിയെ നോക്കി .
" നീ അതു കണ്ടുവോ ..
ഞാൻ ദാനമായി കൊടുത്ത ജീവൻ നിഷ്കരുണം വെട്ടി വീഴ്ത്തുന്ന ദുഷ്ട ഹൃദയങ്ങൾ ..."

പൈലിയുടെ കണ്ണു നിറഞ്ഞു .
ദൈവം മറ്റൊരിടത്തേയ്ക്ക്  വിരൽ ചൂണ്ടി .
പൈലി കണ്ടത് ഒരു വലിയ ബംഗ്ലാവ് .
അവിടെ ആലോചനകൾ തകൃതിയിൽ നടക്കുന്നു .
ഒരാൾ ഒറ്റയ്ക്ക് മാറിയിരുന്ന് എന്തൊക്കെയോ കുത്തിക്കുറിക്കുന്നു .

പൈലി സൂക്ഷിച്ചു നോക്കി .
വാഗ്ദാനങ്ങൾ ..
ഭരണകാലത്ത് ചെയ്യാൻ പോകുന്നുവെന്ന് പറയപ്പെടുന്ന  സത്ക്രിയകളുടെ
അക്കമിട്ട പട്ടികകൾ .

ദൈവം നെടുവീർപ്പെട്ടു .
പൈലി മറ്റൊന്നു കൂടെ കണ്ടു .
ഒരാൾ ഫോണിൽ കൂടി സംസാരിച്ച് ധൃതിയിൽ കടന്നു വരുന്നു  .
മേശ വലിപ്പിൽ കരുതി  വച്ചിരിക്കുന്ന ഫോട്ടോ ചുവരിൽ തൂക്കി ,അതിൽ ഹാരമിട്ട് അയാൾ  പൊട്ടിച്ചിരിച്ചു .   
 " അങ്ങനെ ഒരു രക്തസാക്ഷിയെ കൂടി നമുക്ക് ലഭിച്ചിരിക്കുന്നു ."

ആലോചനകളിൽ മുഴുകിയിരുന്നവർ ചാടി എഴുന്നേറ്റ് പരസ്പരം കെട്ടിപിടിച്ചു സന്തോഷം പങ്കു വച്ചു .
ജനഹൃദയങ്ങൾ  സഹതാപതരംഗത്തിലൂടെ കീഴടക്കി പാർട്ടിയുടെ കൊടി പാറിക്കുവാനുള്ള വ്യഗ്രതയിൽ വിജയ പ്രതീക്ഷകളോടെ അവർ കൈകൾ കോർത്തു .   
ആ മുഖങ്ങളിൽ  കപടതയുടെ മൂടുപടം ദർശിച്ച പൈലി നെഞ്ചത്ത് കൈവച്ചു .

" ദൈവമേ ...ഇനി എന്ത് ..."

ദൈവം ആജ്ഞാപിച്ചു .
" ഇപ്പോൾ സ്വർഗത്തിലേയ്ക്ക് പ്രവേശിച്ച ആളെ കൊണ്ടു വരൂ .."

  
മാലാഖമാരുടെ അകമ്പടിയോടെ അയാൾ  കടന്നു വന്നു .

ദൈവത്തിന്റ്റെ മുഖത്തേയ്ക്ക് ആകുലതയോടെ സൂക്ഷിച്ചു നോക്കുന്ന അയാളിൽ പൈലി തന്റെ നിരീശ്വരനായ സുഹൃത്തിനെ കണ്ടു  . സത്യത്തിനു വേണ്ടി പോരാടുകയും ജനനന്മയ്ക്ക് വേണ്ടി ത്യാഗോജ്ജ്വല സേവനത്തിലൂടെ  സാധാരണക്കാർക്ക് എന്നും ആശ്വാസമായി തീരുകയും ചെയ്ത  പൊതു പ്രവർത്തകൻ .  

"പദ്മനാഭാ ...."
പൈലി ഓടിച്ചെന്നു അയാളെ കെട്ടിപ്പിടിച്ചു .

" എത്ര നാളായടാ ഒന്നു കണ്ടിട്ട് .."
പൈലിയുടെ സാന്നിദ്ധ്യം അയാളുടെ ആകുലതയെ തെല്ലു ശമിപ്പിച്ചു .

" പൈലി ...ഇതേതാ സ്ഥലം. ഇവരൊക്കെ ആരാ .."
പദ്മനാഭന്റ്റെ ചോദ്യത്തിനുത്തരം ഒരു തലോടലായിരുന്നു .

പൈലി പുഞ്ചിരിയോടെ  ദൈവത്തെ നോക്കി .
പദ്മനാഭൻ  കണ്ടു .

നിത്യവും പൈലി കത്തിച്ചിരുന്ന  തിരികളുടെ പിറകിലായ്‌, ഭിത്തിയിൽ ഉറപ്പിച്ചിരുന്ന  പടത്തിനും തന്റെ മുമ്പിൽ നില്ക്കുന്ന ആളിനും  ഒരേ മുഖം .

ദൈവം .
പദ്മനാഭൻ തിരിച്ചറിഞ്ഞു .


 അയാൾ പറഞ്ഞു .
  "    ഇന്ന്  ഞാൻ  ഒരു  സത്യം മനസ്സിലാക്കുന്നു .."
       നീയാണ് ദൈവം .
       നിന്റെ ശ്വാസം പകർന്നു നല്കിയ ജീവനാണ് എന്നെ നിലനിർത്തിയത്.
       എങ്കിലും ദൈവമേ ..
       എന്തിനാണ് നീ എനിക്ക് മരണം അനുവദിച്ചത് .."

ദൈവം പുഞ്ചിരിച്ചു .

കുനിഞ്ഞു തൊഴുതു നിന്ന  പദ്മനാഭനെ ചേർത്തു പിടിച്ചു കൊണ്ട് ദൈവം പറഞ്ഞു .
" നീ എന്നെ തിരിച്ചറിയാൻ വൈകി .
  എന്റെ ശ്വാസം നിനക്ക്  ജീവൻ പകർന്നത് നീ അന്ന് മനസ്സിലാക്കിയിരുന്നില്ല .
  അജ്ഞസിദ്ധാന്തങ്ങളുടെ രൂക്ഷതയിൽ ആ  ശ്വാസം മലിനമാക്കപ്പെട്ടു .
  നിന്റെ വിവേകത്തിന്റ്റെ  ചുക്കാൻ നിന്നിൽ നിന്നും അകന്നു പോയി .
  വ്യാജ സംഹിതകൾക്ക് വിധേയനായി..
  കപടതയുടെ മുഖങ്ങൾക്ക് നീ  വശംവദനായി .
  സത്യത്തിനു വേണ്ടി നിലകൊണ്ട് വിജയം കരഗതമാക്കുവാൻ  ആഗ്രഹിച്ച നീ ,
  അസത്യവാദികളെ അന്ധമായി വിശ്വസിച്ചു .  
  ആ വിശ്വാസത്തിലൂടെ  വിവേകവും അതിലൂടെ ലഭിക്കുന്ന സാമാന്യ ബോധവും     തിരസ്കരിക്കപ്പെട്ടു .
  അത് മരണകാരണമായി ഭവിക്കുകയും ചെയ്തു ."


പദ്മനാഭന്റ്റെ കണ്ണുകൾ നിറഞ്ഞൊഴുകി .
അവന്റെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് ദൈവം പറഞ്ഞു .

" നീ എന്നെ അറിഞ്ഞിരുന്നില്ല ..
  നിന്റെ അറിവില്ലായ്മ ഞാൻ പരിഗണിക്കുന്നില്ല .
  സത്യത്തിനും നീതിക്കും വേണ്ടി നിലയുറപ്പിച്ച മനസ്സും 
  സഹജീവികളോട് നീ  കാണിച്ച കാരുണ്യവും 
  നിനക്ക് മുതൽക്കൂട്ടായി ..
  എന്നിലേയ്ക്ക് എത്തിച്ചേരുവാൻ അതെല്ലാം കാരണമായിരിക്കുന്നു .."
     
അയാൾ ദൈവത്തിനു നന്ദി പറഞ്ഞു .
ജനനന്മയ്ക്കു വേണ്ടി  നിലയുറപ്പിച്ച തനിക്ക് ..
രക്തസാക്ഷിത്വം  വിധിച്ച രാഷ്ട്രീയ കപടതയെ  അന്നാദ്യമായി അയാൾ തിരിച്ചറിഞ്ഞു .

പൈലി പദ്മനാഭന്റ്റെ കരങ്ങൾ ചേർത്തു പിടിച്ചു .
                      
                                                     *********************
താഴെ ഭൂമിയിൽ മാലപ്പടക്കങ്ങൾക്ക് തീ  കൊളുത്തി നേതാക്കൾ വിജയം ആഘോഷിച്ചു ..

രക്തസാക്ഷി മണ്ഡപത്തിൽ പൂക്കൾ വിതറി പദ്മനാഭന്റ്റെ  പൂർണ്ണകായ പ്രതിമയിൽ  മാലയിട്ട് ,അണികൾക്ക്  പ്രസ്ഥാനത്തിന്റെ അടിത്തറകളുടെ  ഉറപ്പ് ഓതി  കൊടുക്കുമ്പോൾ...
മുഴങ്ങുന്ന മുദ്രാവാക്യങ്ങളുടെ പ്രകമ്പനങ്ങൾക്കിടയിൽ , 
വിവേകത്തിന്റ്റെ ചുക്കാൻ നേതൃകരങ്ങളിൽ സുരക്ഷിതമായിരുന്നു . 



നന്ദിനി വർഗീസ്‌