Friday 9 March 2012

അന്തരാ ..ഇന്ന് നീ ..

സ്പന്ദനം
കാട്ടുമുള്ളുകള്‍ വകഞ്ഞു മാറ്റി അവള്‍ ചുറ്റും കണ്ണോടിച്ചു ...
ഇല്ല...ആരുമില്ല ....
ദൂരെ പണി നടക്കുന്ന കെട്ടിടത്തിലെ തൊഴിലാളികള്‍ ഉച്ചമയക്കത്തിലാണ് ..
അവള്‍ അന്തര ..
ആദിയും അന്തവും അവള്‍ക്കറിയില്ല ..പക്ഷെ ..അവളെ അടുത്തറിഞ്ഞവര്‍ക്ക് അവള്‍ വിശുദ്ധിയുടെ നിറകുടമാണ് ..
അന്തര ഇറങ്ങുകയാണ് ..അവളുടെ  വാസസ്ഥലമായ മുള്‍ചെടിക്കൂട്ടത്തില്‍നിന്ന്..
സൂര്യന്‍ തലയ്ക്കു മുകളില്‍ സ്ഥാനം പിടിക്കുമ്പോള്‍ അവള്‍ പുറത്തിറങ്ങും ..ഭക്ഷണത്തിനായി ..
ഒരുനാള്‍ അവള്‍ സമ്പന്നയായിരുന്നു..ഇന്നോ ഗതിയില്ലാത്തവള്‍..
അന്തര നടക്കുകയാണ് ...ലക്ഷ്യം സമീപത്തെ കുപ്പത്തൊട്ടി ..
വലിയ സമ്പന്ന മക്കള്‍ താമസിക്കുന്ന ലേഡീസ് ഹോസ്റ്റല്‍ ദൂരെയല്ലാതെ കാണാം ..അവിടെ നിന്നെത്തുന്ന ഭക്ഷണാവശിഷ്ടങ്ങള് ആ വയര്‍ നിറയ്ക്കും .മിച്ചം വരുന്നത് ‍ ശേഖരിച്ച് അവള്‍ വീണ്ടും മുള്‍വനത്തിലേയ്ക്ക് ...
മനോഹരിയായിരുന്നു അന്തര ...
സൌന്ദര്യം വേണ്ടുവോളം ...പക്ഷെ ..ഇന്നവള്‍ ഭ്രാന്തിയാണ് ..
ഭ്രാന്ത് ...അവള്‍ക്കൊരു കവചമാണ്.മുള്‍ചെടികള് നല്‍കുന്ന കവചത്തിന് മുകളില്‍ ദൈവം കൊടുത്ത മറ്റൊരു കവചം ..
എന്നാല്‍ അവള്‍ക്ക് ഭ്രാന്തുണ്ടോ ....
ഇല്ല ...അവള്‍ക്കതറിയാം .

സൂര്യനസ്തമിച്ചു ...
ചന്ദ്രനുദിച്ചിരിക്കുന്നു...
നക്ഷത്രങ്ങള്‍ മിന്നിതെളിയുകയാണ് ...
അന്തര ആകാശത്തിലേയ്ക്ക് നോക്കി ...മേഘത്തേരില്‍ മാലാഖമാര്‍ ..
സ്വര്‍ഗ്ഗം തുറന്നിരിക്കുന്നു ..
അവളുടെ മനസ്സ് കടിഞ്ഞാണ്‍ ഭേദിച്ചു ഉയരങ്ങളിലേയ്ക്ക് പറന്നു .
അവള്‍ മാലാഖമാര്‍ക്കൊപ്പം ആടി...പാടി ..നൃത്തം ചവിട്ടി ...
ദൂരെ ...
അസ്ഥിപഞ്ജരം പോലെ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടത്തിലെ തൊഴിലാളികള്‍ ഞെട്ടിഉണര്‍ന്നു...
ഭയപ്പാടോടെ എത്തിനോക്കി ...
തേരോട്ടം ..നോക്കാന്‍ പാടില്ല ..
കൈയ്യില്‍ കെട്ടിയ രക്ഷ മുറുക്കെ പിടിച്ച് അവര്‍ കിടന്നു .
അന്തര ക്ഷീണിതയാണ്...പതുക്കെ അവള്‍ തന്റ്റെ മുള്‍വനത്തിലേയ്ക്ക് വലിഞ്ഞു .
ഒച്ചപ്പാടവസാനിച്ചു ...
തൊഴിലാളികള്‍ കൈയയച്ച് ഉറക്കത്തിലേയ്ക്കാണ്ടു.
അന്തരയും ഉറങ്ങുകയാണ് ..
പഴയകാല മധുരസ്മരണകളില് അവള്‍ ‍ ആലിംഗനബദ്ധയായി...
അന്തര കേള്‍ക്കുകയാണ് ...
സ്വര്‍ഗീയ കാഹളം ..മാലാഖമാരുടെ ദൈവസ്തുതികള്‍ ...
ആദിത്യന്റ്റെ ആദ്യകിരണങ്ങള് ആ തേന്‍ ‍ ചുണ്ടുകളില്‍ അന്ത്യചുംബനമര്പ്പിച്ചു..

ആകാശംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ഫ്ലാറ്റിന്റ്റെ ബാല്കണിയില് സൂര്യനമസ്കാരം ചെയ്തുകൊണ്ടിരുന്ന കാര്‍ന്നോര്‍ എത്തിനോക്കി ...
സര്‍വത്ര ബഹളം ...
കെട്ടിട തൊഴിലാളികള്‍ മുള്‍വനത്തിലേയ്ക്ക് ഓടുന്നു ...
മുറിയില്‍ പോയി കണ്ണടവച്ച് കാര്‍ന്നോര്‍ വീണ്ടും ബാല്കണിയിലെത്തി...
മൂന്നാലുപേര്‍ ആരെയോ എടുത്തുകൊണ്ടു പോകുന്നു ...
"എന്തെങ്കിലുമാകട്ടെ...എനിക്കെന്താ ..."
കാര്‍ന്നോര്‍ കണ്ണട മാറ്റി ..
ഇടയ്ക്ക് വച്ച് നിന്ന സൂര്യനമസ്കാരത്തിലേയ്ക്ക് വീണ്ടും കടന്നു .
നാളെ തന്റ്റെ ഊഴമെന്നറിയാതെ ...


നന്ദിനി ‍