Friday 29 December 2017

ചതിക്കുഴികൾ

ചതിക്കുഴികൾ
*****************

അത്യാവശ്യം കാഴ്ചക്കാർ ഉള്ള സാമാന്യം ഭേദപ്പെട്ട ഒരു ചാനൽ.
അതിന്റെ ഓഫീസ് ഒരു വലിയ കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലാണ്.
അതിനു മുകളിൽ രണ്ടു നിലകൾ കൂടി. അവിടെ ഒരു പാരലൽ കോളേജും കുറേ കുട്ടികളും.

ചാനൽ ഓഫീസിൽ ഒരു അഭിമുഖം നടക്കുന്നു. ഒരു പ്രമുഖ നടി വന്നിരിക്കുന്നു.
വലിയ ഒരു മേശയുടെ ഇരു വശങ്ങളിലായി അവതാരകനും നടിയും ഇരിക്കുന്നു.
ചുവന്ന സാരിയിൽ സ്വർണ്ണ വീതിയുള്ള ബോർഡർ.
ഒരു പാളി തോളത്തു കുത്തി ബാക്കി അലസമായി വിരിഞ്ഞു കൈകളിലേയ്ക്ക് കിടക്കുന്നു. അഴിച്ചിട്ട മുടി ഇടയ്ക്കിടെ കൈ കൊണ്ട് മാടിയൊതുക്കി നടി ഉത്തരങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു.

ഒരുപാട് നാളുകൾക്കു മുമ്പ് പറഞ്ഞു വച്ച അഭിമുഖം. എങ്കിലും അവതാരകന്റെ മുഖത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന ഭയവും ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉണ്ടാകുന്ന വിറയലും ജനാലയിൽ കൂടെ എത്തി നോക്കിക്കൊണ്ടിരുന്ന മനു ശ്രദ്ധിച്ചു.

"എന്തേ ഇങ്ങനെ.. ചാനൽ അവതാരകൻ ജോൺ മാത്യു ഒരിക്കലും ഇങ്ങനെയല്ലല്ലോ.
എന്തിനാണ് അദ്ദേഹം ഇങ്ങനെ വിറയ്ക്കുന്നത്.. "

മനു തല തിരിച്ച്  ആ നടിയെ ഒന്നു നോക്കി.
അവന്റെ മനസ്സിൽ കൂടി ഒരായിരം കൊള്ളിയാൻ ഒന്നിച്ചു മിന്നി.

ആ നടിയുടെ പേര് ഊർമ്മിള.
പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയവൾ.
നല്ല നടിക്കുള്ള പുരസ്കാരം ഒരുപാട് തവണ ലഭിച്ചിരിക്കുന്നു.
അവരുടെ കൃത്യനിഷ്ഠ, എളിമ, ലാളിത്യം മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്ത പുലർത്തുന്നു. ഒരു കാര്യം ഏറ്റെടുത്താൽ ഏതറ്റം വരെയും എത്ര കഷ്ടപ്പാടും സഹിച്ച്
പൂർത്തിയാക്കുന്നവൾ. സൗന്ദര്യം, സമ്പത്ത് മതിവരുവോളം.

മനുവിന് ഞടുക്കം മാറുന്നില്ല.
ഓടിപ്പോകാൻ വെമ്പുന്ന കാലുകൾ ഭാരത്താൽ ഘനം വച്ച് ഒരടി പോലും മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥ.

മനു നടിയെ നോക്കി.
സുന്ദരിയായ അവൾ അതറിയുന്നുണ്ടോ...
പതുക്കെ തിരിഞ്ഞ് മനുവിനെ നോക്കി അവൾ പുഞ്ചിരിച്ചു.

അഭിമുഖം അവസാനിച്ചു.
അവതാരകൻ എഴുന്നേറ്റു. കൈകൊടുത്തു പിരിഞ്ഞു.

നടി കസേര തള്ളിമാറ്റി കുറച്ചകലെ വച്ചിരിക്കുന്ന ഹാൻഡ്‌ ബാഗ് എടുക്കാൻ എഴുന്നേല്ക്കുന്നു.
ബാഗ്‌ കൈയ്യിൽ എടുത്ത് അവർ എന്തോ തിരയുന്നു.
കാണുന്നില്ല.
ഇരുന്നു കൊണ്ട് വീണ്ടും തിരയുന്നു.

മനു ഞെട്ടി പുറകോട്ടു മാറി.
നടി ഇരിക്കുന്നത് കസേരയിൽ അല്ല അന്തരീക്ഷത്തിലാണ് .

കാലുകൾ വലിച്ചു കുടഞ്ഞ്‌ വെപ്രാളപ്പെട്ട് പടികൾ ഓടിക്കയറി മനു നാലാം നിലയിലെത്തി. അവിടെ നടകളിൽ നിരനിരയായി കുട്ടികൾ നില്ക്കുന്നു.
അവർ എന്തോ കളിയിലാണ്. ഒരുമിച്ച് ഒരു പാട്ടിന്റെ താളത്തിൽ ഒരു പടി ഇറങ്ങുന്നു.
രണ്ടു പടികൾ  കയറുന്നു.

ആരും മനുവിനെ ശ്രദ്ധിച്ചില്ല.
പാട്ടിന്റെ സ്വരം കൂടിക്കൂടി വരുന്നു.
മനു ചെവി പൊത്തി.
അവൻ പടികൾ ഇറങ്ങി ഓടി.
രണ്ടാം നിലയിൽ എത്തിയപ്പോൾ ചാനൽ ഓഫീസിലേയ്ക്ക് അവൻ ഒന്നു പാളി നോക്കി.

നടി അന്തരീക്ഷത്തിൽ തന്നെ ഇരിക്കുന്നു.
എന്നാൽ ഇപ്പോൾ മുകളിലുള്ള പാട്ടിന്റെ ഈണത്തിൽ  കാലു കൊണ്ട് താളം പിടിക്കുന്നു.

ജോൺ മാത്യു അവിടെങ്ങുമില്ല.
മനു നടകൾ ഓടിയിറങ്ങി.
താഴെ തന്റെ കാർ വളരെ വേഗത്തിൽ ഓടിച്ചു ജോൺ മാത്യു പോകുന്നു.

മനു ചുറ്റും നോക്കി.
ഗേറ്റ് കടന്നാൽ ഇടത്തോട്ട് പോകുന്നത് ടൗണിലേക്ക്.
വലത്തോട്ട് കുറച്ചധികം പോയാൽ കടൽ തീരത്തെത്താം.
മനു വളരെ വേഗം വലത്തോട്ട് നടന്നു.

ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നു.
ആരുമില്ല.
മനുവിന്റെ ചിന്തയിൽ പാരലൽ കോളേജിലെ കുട്ടികൾ കടന്നു വന്നു.
" എന്താകുമോ എന്തോ.. "

ചിന്തകൾ കുടഞ്ഞെറിഞ്ഞു കടൽക്കരയിലെ ബഞ്ചിൽ തലചായ്ക്കുമ്പോൾ മനുവിന്റെ മനസ്സിൽ ഓർമ്മകളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായി.

കഴിഞ്ഞ ആഴ്ച ഓൺലൈൻ പത്രത്തിൽ വന്ന ഒരു നടിയുടെ അമ്മയുടെ വെളിപ്പെടുത്തൽ.
അതിൽ പറയുന്നു..
ഞാനും എന്റെ മോളും ഓജോ ബോർഡ്‌ കളിച്ചു കൊണ്ടിരുന്നപ്പോൾ മോൾ ചോദിച്ചു.

മനു ചിന്തിച്ചു.
ഈ ഓജോ ബോർഡ്‌ ചീട്ടു കളിക്കുന്നതു പോലെ കളിക്കുന്നതൊന്നുമല്ലല്ലോ.
ആത്മാക്കളെ വിളിച്ചു വരുത്തുന്ന ഒരു സാധനമല്ലേ അത്.
എന്തെങ്കിലുമാകട്ടെ....

അമ്മ പറയുന്നു.
മോൾ എന്നോട് ചോദിച്ചു.
" അമ്മ മരിച്ചാൽ എന്റെ അടുത്തേയ്ക്ക് വരുമോ "
അമ്മ ചിരിച്ചു.
" അതിനു ഞാൻ മരിക്കാൻ പോകുന്നില്ലല്ലോ "

അതുവരെയില്ലാത്ത മുഖഭാവത്തോടെ മകൾ പറഞ്ഞു.
" ഞാൻ മരിച്ചാൽ തീർച്ചയായും അമ്മയുടെ അടുത്ത് വരും.
   നമ്മളെന്നും ഒന്നായിരിക്കും "

മകൾ താമസിയാതെ ഒരു അപകടത്തിൽ മരിച്ചു.
ആ അമ്മ പറയുന്നു.
" അതേ.. എനിക്കറിയാം അവൾ ഇപ്പോഴും എന്റെ മുമ്പിൽ വരാറുണ്ട്.
ഞങ്ങൾ ഇപ്പോഴും ഒന്നാണ്. "


മനുവിന്റെ ചിന്തകൾ കാടു കയറി.
മരിച്ചവർ തിരിച്ചു വരില്ല. ബൈബിൾ പറയുന്നു.
അന്ത്യവിധി നാളിൽ താന്താങ്ങളുടെ വിധിയ്ക്കായി അവർ ഉയിർത്തെഴുന്നേൽക്കും.

അപ്പോൾ ഇവരൊക്കെ ആരാ..
മനുവിന് ഭയം.
വീണ്ടും തിരിഞ്ഞു നോക്കി.
ഊർമ്മിള അവിടെങ്ങുമില്ല.
രണ്ടാഴ്ച മുമ്പ് മരണപ്പെട്ട അവർ എങ്ങനെ ആ അഭിമുഖത്തിനെത്തി.

അവരുടെ നിശ്ചയദാർഢ്യമോ കൃത്യനിഷ്ഠയോ..
മരിച്ചാൽ പിന്നെ ഇവ ഒക്കെയുണ്ടായിട്ടെന്തു  കാര്യം.
പിന്നെ അവർ ആരാ...

അവരുടെ രൂപത്തിൽ ആരാണ് വരുന്നത്.
ഓജോ ബോർഡിൽ വരുന്ന ആത്മാക്കൾ ആരാണ്..


മനുവിന്റെ കണ്ണുകൾ കടലിലേയ്ക്ക് നീണ്ടു.
ഉയരുന്ന തിരമാലകൾ തന്നെ മാടി വിളിക്കുന്നോ..
മനസ്സിനെ ആരോ സ്വാധീനിക്കുന്നോ...
കടലിലേയ്ക്ക് ഇറങ്ങാൻ തോന്നിക്കുന്നുവോ...

"ദൈവമേ.... " മനു ഉറക്കെ വിളിച്ചു.
പോക്കറ്റിൽ കിടന്ന ജപമാല മുറുക്കെ പിടിച്ച് അവൻ ചാടി എഴുന്നേറ്റു.
റോഡിലേയ്ക്ക് തിരിച്ചു  നടക്കുമ്പോൾ മനു തിരിഞ്ഞു നോക്കി.

താനിരുന്ന ബഞ്ചിൽ അതാ ഊർമ്മിള.
അവൾ എഴുന്നേല്ക്കുന്നു.
കടലിലേയ്ക്ക് നടക്കുന്നു.

മനു തിരിഞ്ഞു നോക്കാതെ ഓടി.
ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം തികട്ടി വരുന്നു.

മരിച്ചവരുടെ രൂപത്തിൽ എത്തുന്ന തിന്മകൾ ആകാംഷ മുറ്റുന്ന മനസ്സുകളെ സ്വാധീനിച്ച് ആത്മഹത്യയിലൂടെ  നരകത്തിലെത്തിക്കുന്ന വിധം ഭീകരം.

ദൂരെ മുഴങ്ങുന്ന പള്ളിമണികളിൽ ഈശ്വരസാന്നിദ്ധ്യം തിരിച്ചറിഞ്ഞ മനു ശാന്തനായി.

നന്മയായ ദൈവത്തെ തിരയാതെ തിന്മയെ തിരയുന്ന സമൂഹത്തിനു മുമ്പിൽ മനു വ്യത്യസ്തനായി തന്നെ നില കൊണ്ടു.



നന്ദിനി










Sunday 22 October 2017

ഭയം തുറന്ന മരണവഴികൾ..

ഭയം തുറന്ന മരണവഴികൾ 

ല്ലാത്തൊരു ആകർഷണം ആയിരുന്നു ആ ബംഗ്ലാവിന് .
ദൂരെ നിന്നുള്ള വീക്ഷണക്കോണുകളിൽ തലയുയർത്തി നില്ക്കുന്ന രണ്ടു  ഗോപുരങ്ങൾ.
രണ്ടാൾ പൊക്കമുള്ള ചുറ്റുമതിൽ  കാഴ്ച്ചയെ മറയ്ക്കുമ്പോഴും തലയെടുപ്പിൽ കോട്ടം തട്ടാത്ത
പുറംവാതിലും അതിൽ കൊത്തിവച്ച തലയുടെ നാക്കു നീട്ടിയ നേർക്കാഴ്ചയും  നാട്ടുകാരിൽ കൗതുകമുണർത്തിയിരുന്നു. രാവേറെ ചെല്ലുമ്പോഴുള്ള വവ്വാലുകളുടെ വലംവയ്ക്കലിൽ തെളിയാറുള്ള ഗോപുരക്കണ്ണുകൾ ഒരു രക്ഷസ്സിന്റ്റെ ആഗമനം വിളിച്ചറിയിക്കുന്നു എന്ന പഴമക്കാരുടെ വാദങ്ങളിൽ, ചുടുചോരയുടെ ഗന്ധം കലർന്നിരുന്നു .

തടിക്കച്ചവടക്കാരൻ പീറ്റർ ഒന്നു തലചൊറിഞ്ഞു .
ജനാലയിലൂടെ ഇമവെട്ടാതെ അയാൾ ആ ഗോപുരങ്ങളിലേയ്ക്ക് നോക്കിയിരുന്നു .
ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന കുന്നിന്റ്റെ താഴ്വാരത്തായിരുന്നു പീറ്ററിന്റ്റെ ഭവനം .
കൂട്ടിന് ഒരു ലോറി മാത്രം ..
ഏകാന്ത വാസം ഇഷ്ടപ്പെടുന്ന ഒരു വിചിത്ര മനുഷ്യൻ ..
രാവിലെ ലോറിയുമായി കൂപ്പിലെത്തുകയും   വൈകുന്നേരം  ആറ്റിൽ ഒരു കുളിയും കഴിഞ്ഞ് ലോറിയും കഴുകി വീട്ടിലെത്തുന്ന സ്ഥിരം പതിവിനുടമ .
അന്ന് പീറ്റർ അസ്വസ്ഥനായിരുന്നു ..
ആറ്റിൽ വെള്ളം പേരിനു മാത്രം ..
പാലത്തിനു താഴെയുള്ള മണ്‍റോഡിലൂടെ ഉരുളൻ കല്ലുകൾ നിറഞ്ഞ ചെറുവെള്ളത്തിലേയ്ക്കിറങ്ങുമ്പോൾ അയാളുടെ കണ്ണുകൾ മരങ്ങൾക്കിടയിൽ
ഉയർന്നു നിന്നിരുന്ന ഗോപുരക്കണ്ണുകളിൽ ഉടക്കി ...
പതിവില്ലാത്ത ഒരു ആകാംഷ പീറ്ററിൽ കുടിയേറി .
വേഗത്തിൽ പണി  അവസാനിപ്പിച്ച്  മടങ്ങുമ്പോൾ  ആ യാത്രയോടുള്ള പ്രതിഷേധമെന്നവണ്ണം 
ലോറി ഒന്നു  ചുമച്ചു കുലുങ്ങി .പാലം കടന്ന് മരങ്ങൾക്കിടയിലൂടെ കുന്നു കയറുമ്പോഴും 
ആ ചുമ തുടർന്നുകൊണ്ടിരുന്നു.
ബംഗ്ലാവിന്റ്റെ ചുറ്റുമതിലിനോടു ചേർന്നുള്ള പുറം വാതിലിനു മുന്നിൽ ലോറി നിശ്ചലമായി .

നാക്കുനീട്ടിയ തലയിലെ കണ്ണുകൾ ഒന്നു ചിമ്മിയോ ....
'ഏയ് .....ഓരോ തോന്നലുകൾ ...' 
പീറ്റർ ചാടിയിറങ്ങി ...വാതിലിൽ ആഞ്ഞു തള്ളി .
തലയുമായി ഒരു മുരളലോടെ വാതിൽ അകത്തേയ്ക്ക് തുറന്നു .
വിശാലമായ മുറ്റം ഒരു  വനം പോലെ തോന്നിച്ചു .
കാടുകൾ വകഞ്ഞു മാറ്റിയ പീറ്ററിനെ,  സമ്മിശ്ര ഗന്ധങ്ങളുടെ അകമ്പടിയോടെ  ചെറുകാറ്റ്
ഒന്നു തലോടി .


പീറ്റർ അകവാതിലിനടുത്തെത്തി...
അരികിലായി ഒരു  മണി  ..
ദ്രവിച്ച കയറും പേരറിയാത്ത മറ്റു പലതും കൊണ്ട് നിലം മൂടിയിരിക്കുന്നു .

പെരുവിരലിൽ കുത്തിയുയർന്ന്  കൈയ്യുയർത്തി മണിയിൽ ഒന്നു തട്ടി ..
ആ മുഴക്കത്തിനൊപ്പം അകത്തളത്തിലെവിടെയോ മറ്റൊരു ശബ്ദം ഉയർന്നുവോ ...
പീറ്റർ ചെവി വട്ടം  പിടിച്ചു .
ആരും വന്നില്ല ...
വാതിലിൽ  തട്ടി അയാൾ ഉറക്കെ വിളിച്ചു ..
" ഇവിടാരുമില്ലേ ..."
  ഞാൻ പീറ്റർ ..ഒന്നു പരിചയപ്പെടാൻ വന്നതാണ് ..വാതിൽ തുറക്കൂ ..."

വാതിൽ തുറന്നില്ല .
എന്നാൽ....അതിനു മറുപടിയെന്നവണ്ണം  ഗോപുരക്കണ്ണുകൾ ഒന്നു തെളിഞ്ഞു മങ്ങി ..
അസ്തമയസൂര്യനെ സാക്ഷിയാക്കി നേർരേഖയിൽ മിന്നി മറഞ്ഞ ഒരു പ്രകാശം ലോറിയുടെ ചില്ലിൽ തട്ടി പ്രതിഫലിച്ചു .

പീറ്റർ തിരിഞ്ഞു നടന്നു ..
' ആൾ പാർപ്പില്ലാത്ത വീടുകളെ ചുറ്റിപ്പറ്റിയുള്ള ഓരോ തെറ്റിദ്ധാരണകൾ ...'
അയാൾ പിറുപിറുത്തു ..
ലോറിയുമായി   മടങ്ങുമ്പോൾ വീശിയടിച്ച ശക്തമായ കാറ്റിൽ തുറന്നു കിടന്ന പുറംവാതിൽ വീണ്ടും മുരണ്ടു ...നാക്കു നീട്ടിയ തല യഥാസ്ഥാനം നിലയുറപ്പിച്ചു .

ഗോപുരത്തിൽ ഒരു രൂപം ചോരപുരണ്ട മോണകാട്ടി ഒന്നിളിച്ചു ...
' പരിചയപ്പെടാം ...' 
അത് അപ്രത്യക്ഷമായി ..

പീറ്റർ ലോറി ഒതുക്കി വീട്ടിലേയ്ക്ക് കയറുമ്പോൾ മൂവാണ്ടൻ മാവിൽ തലകീഴായി തൂങ്ങിക്കിടന്ന
വവ്വാൽ അന്ധകാരത്തിലേയ്ക്ക് കണ്‍ചിമ്മി ആ കിടപ്പ് തുടർന്നു ..

ഒരു ചൂടു ചായയിട്ട്  ചുണ്ടോടടുപ്പിച്ചതും ലോറിയുടെ ഹോണ്‍ മുഴങ്ങി ..
' ഇതെന്തു മറിമായം ..'
ചായ മേശപ്പുറത്തു  വച്ച് പീറ്റർ ഓടിയിറങ്ങി ലോറിയ്ക്കരികിലെത്തി ..
അയാൾ നാലുപാടും നോക്കി .
'  ആരുമില്ല....തോന്നിയതാവാം  '
തൂങ്ങിക്കിടന്ന വവ്വാലിനു നേരെ ഒരു കല്ലെടുത്തെറിഞ്ഞ് ഭയം മറയ്ക്കുമ്പോൾ ചായ കപ്പിൽ പടരുന്ന  രക്തഗന്ധം അയാൾ അറിഞ്ഞിരുന്നില്ല ................

തിരിച്ചു വന്ന് ആ ചായ ഒരു കവിൾ കുടിച്ച പീറ്റർ, വായിൽ പതഞ്ഞ അരുചിയിൽ അതു കമഴ്ത്തിക്കളഞ്ഞു     കട്ടിലിലേയ്ക്ക് ചാഞ്ഞു. 

ഉറക്കം കൺപോളകൾ ബലമായി അടയ്ക്കവേ വലിയ ശബ്ദത്തോടെ തുറഞ്ഞടഞ്ഞ ജനാല അയാളെ ഉണർത്തിയതേയില്ല. ജനാലയ്ക്ക് പിന്നിൽ തെളിഞ്ഞ തീഷ്ണമായ രണ്ടു കണ്ണുകൾ പീറ്ററിനെ ഒന്നു നോക്കി അപ്രത്യക്ഷമായി. 

ആ സമയത്തു തന്നെ കുന്നിൻ മുകളിലെ വലിയ ബംഗ്ളാവിന്റെ ശാന്തത ശക്തമായ ഒരു കാറ്റിൽ നഷ്ടമായി. ഉയർന്ന ഗോപുരത്തിലെ തുറന്നടഞ്ഞ ജനാല ഏതോ അദൃശ്യശക്തിയുടെ ആഗമനത്തിൽ ഒന്നു വിറച്ചു. 

            ഉദയസൂര്യന്റെ ആദ്യ തലോടലിൽ തന്നെ പീറ്റർ കണ്ണു തുറന്നു. പുത്തൻ പ്രഭാതം പകർന്ന
 ഊർജ്ജത്തിൽ അയാൾ രാവിലെ തന്നെ ലോറിയുമായി കൂപ്പിലെത്തി. 
വൈകുവോളം പണി. പതിവുപോലെ ആറ്റിലെ തണുത്ത വെള്ളത്തിൽ ഒന്നു മുങ്ങി നിവരവേ, 
ഒരു വലിയ ശബ്ദം.. 
കൂടെ ശക്തമായ മിന്നലും.. 

'ഇടിവെട്ടിയോ.. '

പീറ്റർ തലയുയർത്തി നോക്കി. 
ദൂരെ ബംഗ്ളാവിന്റെ ഇരട്ട ഗോപുരങ്ങളിൽ ഒന്നിൽ തീയാളുന്നു. 
കുളി മതിയാക്കി പീറ്റർ ലോറിയുമായി അവിടേയ്ക്ക് പാഞ്ഞു. 
ഗേറ്റിനു അല്പം മാറി ലോറി നിറുത്തി. 
കത്തിയമരുന്ന ഗോപുരങ്ങൾക്കും അഗ്നി വിഴുങ്ങുന്ന ബംഗ്ലാവിന്റെ  അന്ത്യത്തിനും  അയാൾ മൂകസാക്ഷിയായി. 

 പരിസരം മുഴുവനും  അഗ്നി പടരവേ.. 
ഗേറ്റിലെ നാക്കു നീട്ടിയ തല വലിയ ശബ്ദത്തോടെ താഴെ വീണു. 
ഞെട്ടി മാറിയ പീറ്റർ വീട്ടിലേയ്ക്ക് തിരിക്കവേ.. 
ആ തലയിലെ കണ്ണുകൾ തിളങ്ങി.. ഒന്നടഞ്ഞു തുറന്നു. 

അയാൾ വീട്ടിലെത്തുമ്പോൾ ഇരുട്ട് പരന്നിരുന്നു. 
ലോറി മാഞ്ചോട്ടിലേയ്ക്ക് ഒതുക്കി പീറ്റർ വരാന്തയിലേയ്ക്ക് കയറി. 

ഇരുണ്ട മൂലയിൽ ഭിത്തിയിറമ്പിനോട് ചേർന്ന് ഒരു ചാരുകസേര. 

'ഇരിക്കണോ... '
'വേണ്ട.. '

ഒന്നു തലകുലുക്കി പീറ്റർ അകത്തേയ്ക്ക് കയറി വാതിൽ അടച്ചു. 

ചാരുകസേരയെ പൊതിഞ്ഞ ഇരുട്ട് ഒരു രൂപമായി. 
അത് അയാൾ പോയ വഴിയിലേയ്ക്ക് നോക്കി.. 
കാറ്റിൽ തുറന്ന ജനാലയിൽ വീണ്ടും ആ രണ്ടു കണ്ണുകൾ തിളങ്ങി. 
തീ പാറുന്ന കണ്ണുകൾ പീറ്ററിനെ ആവേശിക്കാൻ വെമ്പൽ കൊണ്ടു. 
അതു ചിറി നക്കി. 

സാധിക്കുന്നില്ല.. 
എന്തോ ഒന്നു തടയുന്നു. 
ആ സത്വം കിണഞ്ഞു പരിശ്രമിച്ചു. 
പീറ്ററിലെ ശാന്തത അതിനെ ഭയപ്പെടുത്തി.

കത്തിയെരിഞ്ഞ ബംഗ്ളാവിനൊപ്പം പീറ്ററിൽ ഉണ്ടായിരുന്ന ഭയവും ചാരമായി തീർന്നിരുന്നു. 
ആ ശാന്തതയിൽ ദൈവിക സംരക്ഷണത്തിന് വാതിൽ തുറന്നു.

അടഞ്ഞ വഴികളിൽ.. 
ഭയം എന്ന വികാരത്തിലൂടെ മനുഷ്യനെ കീഴ്പ്പെടുത്താൻ  സാധിക്കാതെ 
ആ സത്വം ഉറക്കെയലറി. 

മൂവാണ്ടൻ മാവിൽ തലകീഴായി കിടന്ന കടവാവൽ ഭയന്നു വിറച്ചു. 
കാൽ വിറച്ചു താഴെ വീഴാൻ പോയ അതിനെ മിന്നൽ വേഗത്തിൽ സത്വം കടന്നു പിടിച്ചു. 
കടവാവലിന്റെ കണ്ണുകൾ തിളങ്ങി. 
രക്തദാഹിയായി മാറിയ അത് ചിറകടിച്ചുയർന്നു. 

ജിജ്ഞാസ തുറന്നു കൊടുക്കുന്ന വഴികളിൽ ഭയം വിതച്ചു  മനുഷ്യാത്മാക്കളെ കീഴ്പ്പെടുത്താൻ അതു തക്കം പാർത്തു. 

സത്വം അറിഞ്ഞില്ല.. 
അതിനു വാസസ്ഥലമൊരുക്കാൻ ജിജ്ഞാസയോടെ കാത്തിരിക്കുന്ന മനുഷ്യർ  ഈ കാലത്തിന്റെ സവിശേഷതയാണ്‌ എന്ന നഗ്ന യാഥാർത്ഥ്യം. 



നന്ദിനി