Sunday 26 February 2012

ആ വാതില്‍ പൂട്ടിയിട്ടില്ലായിരുന്നു

(ഇരിപ്പിടം weekly നടത്തിയ   കഥാമത്സരത്തില്‍ രണ്ടാം സമ്മാനം ലഭിച്ച കഥ)
  
സ്പന്ദനം
അദ്ദേഹം അങ്ങിനെയാണ് ...
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താൻ അദ്ദേഹം വേഗത്തിൽ നടന്നു... ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളേയും, തന്നെനോക്കി വിനയപൂർവ്വം കൈകൂപ്പി നടന്നുനീങ്ങുന്നവരേയും, തണുപ്പുപുതച്ച് നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്ന് പാടുന്ന പക്ഷികളേയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടേയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൾ ഇന്നു വീട്ടിലെത്താൻ വൈകുന്നതെന്തെന്നുകൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം .
നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകൾ,ആവശ്യത്തിനുമാത്രം സംഭാഷണം.... ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തിൽ വേറേയില്ലെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച്, ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലൊ...............


--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------


"എന്താണ് കുട്ടി താമസിക്കുന്നത് .."
സ്വതവേ ഊര്ജ്ജസ്വലനായ അദ്ദേഹത്തെ ആ ചിന്ത മഥിച്ചു കൊണ്ടിരുന്നു .വഴിയില്‍ കണ്ണും നട്ടിരുന്ന അദ്ദേഹത്തിറ്റെ മുന്നിലേയ്ക്ക് അവള്‍ ഓടി വന്നു .
" എന്തേ മോള് താമസിച്ചത് .." അദ്ദേഹം ചോദിച്ചു .
ഒരു കുസൃതി നോട്ടമായിരുന്നു ഉത്തരം.കവിളില്‍ മുത്തം നല്‍കി അവള് വീട്ടിലേയ്ക്ക് ഓടി കയറി .പതിവിനു വിപരീതമായി കുട്ടി ഉല്ലാസവതിയായി കാണപ്പെട്ടു .



വരാന്തയില്‍ ചാരുകസേരയിലേയ്ക്ക് ചെരിഞ്ഞപ്പോള്‍ താഴെ വീണ ഊന്നു വടി അദ്ദേഹത്തെ ഓര്‍മകളിലേയ്ക്ക് കൊണ്ടുപോയി .
മറക്കാന്‍ ശ്രമിക്കുന്നതും ഓര്‍ക്കാന്‍ കൊതിക്കുന്നതുമായ ആ ഓര്‍മ്മകള്‍ അദ്ദേഹത്തിനു മാത്രം സ്വന്തമായിരുന്നു .
വര്‍ഷങ്ങള്‍ക്കു മുമ്പ് റയില്‍വേ ഗെയ്റ്റിനടുത്ത് പാളത്തിലൂടെ ഓടി പോകുന്ന ഒരു പിഞ്ചു കുഞ്ഞ്.അവളുടെ അമ്മയായിരിക്കണം ദൂരെ ചിന്നഭിന്നമായി കിടന്നിരുന്നത്.പേടിച്ചു ഓടുന്ന അവള്‍ പാഞ്ഞു വരുന്ന ട്രെയിനിന്റ്റെ മുന്നില്‍ അകപ്പെടാതിരിക്കാന്‍ ശ്രമിച്ചതിന്റ്റെ ഫലമായി നഷ്ടപ്പെട്ട കാലിനെയും ലഭിച്ച കുഞ്ഞിനെയും കുറിച്ചുള്ള ഓര്‍മകള്‍ അദ്ദേഹത്തിനു പ്രിയങ്കരവും ഒപ്പം തേങ്ങലുമായിരുന്നു.ഏകനായി കഴിഞ്ഞിരുന്ന അദ്ദേഹത്തിനു ആ കുഞ്ഞ് മകളായിരുന്നു .



ദിവസങ്ങള്‍ കഴിഞ്ഞു പോകും തോറും കുട്ടിയുടെ സ്കൂളില്‍ നിന്ന് വരുന്ന സമയത്തിനു താമസം കണ്ടു തുടങ്ങി .എങ്കിലും അവള്‍ ഉത്സാഹവതിയായിരുന്നു .



അയല്‍പക്കത്തെ അന്തോനിച്ചന്‍ ഗെയിറ്റ് കടന്നു വരുന്നു .
സമയം 5 മണി .കുട്ടി എത്തിയിട്ടില്ല..
"കുറേ കാലമായല്ലോ കണ്ടിട്ട് ..." അദ്ദേഹം ചോദിച്ചു .
"വണക്കം മേനോന്‍ ...ഞാനിവിടൊക്കെ തന്നെ ഒണ്ടേ..." തമാശ കലര്‍ന്നുള്ള സംഭാഷണം .
"കുട്ടി എത്തിയില്ല അല്ലേ ..."..അന്തോനിച്ചന്‍ ചോദിച്ചു .
ഇല്ല....ഒരു ദീര്‍ഘനിശ്വാസത്തോടെ മേനോണ്‍ ഉത്തരം പറഞ്ഞു .
"ഒന്നും വിചാരിക്കരുത് ...കുട്ടി വടക്കെ പാലത്തിനു താഴെയുള്ള അമ്മിണിയുടെ വീട്ടിലേയ്ക്ക് പോകുന്നത് കണ്ടിരുന്നു ."
അന്തോനിച്ചന്‍ പറഞ്ഞത് കേട്ടു മേനോന്‍ ഞെട്ടിപോയി.
"ഗുണ്ട രാജുവിന്റ്റെ അമ്മയല്ലേ ആ സ്ത്രി ..." മേനോന്‍ ചോദിച്ചു .
"അതേ ...കുട്ടിയെ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും ..."
അന്തോനിച്ചന്‍ യാത്ര പറഞ്ഞിറങ്ങി ..
പുറകെ മേനോനും .



അമ്മിണിയുടെ വീടിന്റ്റെ മുന്നിലെത്തിയതേ കുട്ടിയുടെ സംസാരം കേട്ടു .
വാതില്‍ പൂട്ടിയിട്ടില്ലായിരുന്നു ...പതുക്കെ അകത്തേയ്ക്ക് നോക്കി ..
അമ്മിണി കട്ടിലില്‍ കിടക്കുന്നു . ദീനമാണെന്നു തോന്നുന്നു .അടുത്തിരുന്നു ടിഫിന്‍ ബോക്സില്‍ നിന്നും ചോറ് വാരി അമ്മിണിക്ക് കൊടുക്കുന്നു തന്റ്റെ മോള് ...



മേനോന്‍ ഒരു നിമിഷം സ്തബ്ധനായി നിന്നു...
തെറ്റിദ്ധരിച്ച് താന്‍ അവിവേകം കാട്ടിയിരുന്നെങ്കില്‍ ...
മേനോന്‍ കണ്ണു തുടച്ചു ..
പതുക്കെ വീട്ടിലേയ്ക്ക് നടന്നു ....



അന്ന് വീട്ടില്‍ വന്ന കുട്ടി ഒരു സങ്കടം അപ്പനോട് പറഞ്ഞു ..
"പാലത്തിന്റ്റെ താഴത്തെ വീട്ടിലെ... അമ്മിണിയമ്മയ്ക്ക് തീരെ സുഖമില്ല ...ആശുപത്രിയില്‍ കൊണ്ടു പോകണം ...അവരുടെ മകന്‍ ഇപ്പോള്‍ ജയിലിലാണ്..."



തന്റ്റെ പ്രിയ മകളെ മാറോടു ചേര്‍ക്കുമ്പോള്‍ ആ അപ്പന്റ്റെ നഷ്ടപ്പെട്ട കാല്‍ വളരുകയായിരുന്നു ....
പട്ടിണി കിടക്കുന്ന അനേകം ജന്മങ്ങള്‍ക്ക് വേണ്ടി .........





നന്ദിനി വര്‍ഗീസ്‌

Saturday 25 February 2012

അയാള് നടക്കുന്നു...

സ്പന്ദനം
  
അയാള്‍ നടക്കുകയായിരുന്നു ...
രാവിലെ ഒരു കുളിയും കഴിഞ്ഞ് പത്തു മണിയോടെ അയാള്‍ ഇറങ്ങും .
ഭക്ഷണം രാവിലെ രണ്ടു ദോശ..മധുരമില്ലാത്ത ഒരു ഗ്ലാസ്‌ ചായയും ..
പ്രഷറും ഷുഗറും തളര്ത്തുന്നുണ്ടെങ്കിലും അയാള്‍ക്ക്‌ നടക്കാതെ പറ്റില്ല ..
കൊളസ്ട്രോളും ലേശം കൂടുതല്‍ ...
അയല്‍പ്പക്കത്തെ കാര്‍ന്നോര് നടക്കാന്‍ വിളിക്കും ..അതിരാവിലെ ...
"രണ്ടു നടത്തം ..എന്തായാലും നടക്കണം .അത് പത്തു മണിക്ക് തുടങ്ങണം ..."
ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയില്‍ സമയനിഷ്ഠ അത്യന്താപേക്ഷിതം ..
അന്നത്തെ നടപ്പില്‍ സാധാരണ തോന്നുന്ന കിതപ്പ് അയാള്‍ക്ക് തോന്നിയില്ല .ഒരു ഉന്മേഷം .
പക്ഷെ ...
മനസ്സു മടുത്തിരിക്കുന്നു ..
അയാള്‍ നടപ്പിന്റ്റെ വേഗം കൂട്ടി ...
ചാക്കോ എതിരേ വരുന്നു .
" കറിയാച്ചോ നടപ്പ് തീര്‍ന്നില്ലേ...കുറേ നാളായല്ലോ ...ഒന്നും ശരിയാകുന്നില്ലേ...?"
ചാക്കോയുടെ കുശലം .
കറിയാച്ചന്‍ നിന്നില്ല ..നടന്നു കൊണ്ടു തന്നെ മറുപടി ..
" നടത്തിക്കുവല്ലെ ..കൊല്ലം രണ്ടായി ..ഇതുവരെ ഒന്നുമായില്ല ."
ചാക്കോ ചായക്കടയിലേയ്ക്ക് ...
കറിയാച്ചന്‍ സര്‍ക്കാരാപ്പീസിന് മുന്നിലെത്തി .
കുറച്ചു ഭൂമിയുള്ളതിന്റ്റെ പട്ടയത്തിനു വേണ്ടി നടക്കാന്‍ തുടങ്ങിയിട്ട് കൊല്ലം രണ്ടായി .
അവര്‍ ‍ നടത്തുന്നു
കറിയാച്ചന്‍ നടക്കുന്നു...
അവര്‍ ‍ ചോദിക്കുന്നു ..
കറിയാച്ചന്‍ കൊടുക്കുന്നു ..
രേഖകള്‍ , കത്തുകള്‍ അങ്ങനെയങ്ങനെ ..പട്ടിക നീളുന്നു ..
കറിയാച്ചന്‍ കൈക്കൂലി കൊടുക്കില്ല .
ഒരു വിട്ടുവീഴ്ചയുമില്ല...അതുകൊണ്ട്
അവര്‍ നടത്തുന്നു ..
കറിയാച്ചന്‍ നടക്കുന്നു...
അന്നും കയറി ചെന്നു കറിയാച്ചന്‍ .
ഒരുസ്ത്രീയാണ് അതൊക്കെ കൈകാര്യം ചെയ്യുന്നത് .
കറിയാച്ചന്‍ ചോദിച്ചു .
" എന്നത്തേയ്ക്കാകും..."?
സ്ത്രീ പറഞ്ഞു .
"കുറച്ചു താമസം ഉണ്ട് ..ഒരു പേപ്പറും കൂടി ശരിയാക്കണം..."
അന്ന് കറിയാച്ചന്‍ സംസാരിച്ചു .
സ്ത്രീ വാ പൂട്ടി ...
കറിയാച്ചന്‍ ചിലത് തീരുമാനിച്ചു .നിയമവശങ്ങളിലും മാധ്യമങ്ങളും ചെയ്യേണ്ടത് ചെയ്തപ്പോള്‍ ..
സ്ത്രീ വിളിച്ചു ..
"ശരിയായിട്ടുണ്ട്..."
കറിയാച്ചന്‍ ഒന്ന് മൂളി ..
സ്ത്രീ വിളി നിറുത്തി ..കറിയാച്ചന്‍ നടപ്പും .
കുറച്ചു നാളായി തോന്നുന്ന ഉന്മേഷം കറിയാച്ചനെ ഊര്ജ്ജസ്വലനാക്കി ..
"എന്തായാലും ഒന്ന് പരിശോധിച്ചു കളയാം ..ഭാര്യക്ക് സമാധാനമാകട്ടെ .."
അതിരാവിലെ കറിയാച്ചന്‍ ആശുപത്രിയിലെത്തി ..സകല പരിശോധനകളും നടത്തി .
ഫലം നോര്‍മല്‍ ...
കറിയാച്ചനു   സന്തോഷം ..
ഡോക്ടര്‍ ചോദിച്ചു .
"കറിയാച്ചോ അത്ഭുതമായിരിക്കുന്നല്ലോ ...എന്താ പുതുതായി ചെയ്തത് ..?"
കറിയാച്ചന്‍ പറഞ്ഞു .
" ദൈവത്തിന്റ്റെ ഓരോ പദ്ധതികളേ..ദൈവത്തിനു നന്ദി .."
തിരിച്ചു വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ കറിയാച്ചന്‍ ആലോചിക്കുകയായിരുന്നു .
" നടത്തം നിറുത്തിയാല്‍ സംഗതി പാളും"
വീട്ടിലെത്തുന്നതിനു മുമ്പേ ഒരു ഗ്യാസ് കണക്ഷനുള്ള അപേക്ഷ അയാള്‍ മനസ്സില്‍ കോറിയിട്ടിരുന്നു ..
നന്ദിനി


Sunday 12 February 2012

ഒരു കൊച്ചു കാര്യവും വെള്ളപശുവും

സ്പന്ദനം
വെള്ള പശു ഇന്നും പറയും ..
" ഞാന്‍ തെറ്റുകാരിയല്ല..
കന്നുകാലിക്കൂട്ടത്തില്‍ ഞാന്‍ പെട്ടു പോയി ..
എനിക്ക് വെള്ള നിറവും ആയി പോയി ..
എന്റ്റെ നിറത്തില്‍ ചെറു ബാല്യത്തിനു ആക്ഷേപം ഉന്നയിക്കപ്പെട്ടത് തെറ്റായിപോയി .."
വെള്ളപശു മുത്തശ്ശിയായി..
ഓര്‍മ്മകള്‍ പിറകോട്ടു പോയപ്പോള്‍ അവള്‍ ഒരു കിടാവായിരുന്നു .
മൂന്ന് പെണ്‍കുട്ടികള്‍ ...
അഞ്ചിലോ ആറിലോ മറ്റോ പഠിക്കുന്നവര്‍ ..ആറ്റിറമ്പില് പഠിക്കാന്‍ വരുന്ന ഇവരെ ഞാന്‍ സാധാരണ കാണാറുണ്ട് ..
പഠിക്കുകയും കളിക്കുകയും ആറ്റില്‍ കുളിക്കുകയും ചെയ്യാറുണ്ട് ഇവര്‍ ..
കുട്ടികള്‍ ചിലപ്പോള്‍ കൈയ്യില്‍ ഇല വച്ച് പടക്കം പൊട്ടിക്കും ..
അതെങ്ങനെയെന്ന്‍ എനിക്കറിയില്ല ..
ആ ‍ ശബ്ദം എനിക്കിഷ്ടമല്ലായിരുന്നു..
ഇടയ്ക്കിടെ ഞാന്‍ അവരെ ശ്രദ്ധിക്കാറുണ്ട് ...
ഒരു വെളുത്ത കുട്ടി ..രണ്ടു കറുത്ത കുട്ടികള്‍ ...
ഞാന്‍ അറിഞ്ഞിരുന്നില്ല എന്നെ പോലെ എന്റെ യജമാനനും അവരെ ശ്രദ്ധിക്കുന്നത് .
അവര്‍ മിടുക്കികളായിരുന്നു...കുട്ടികള്‍ പടക്കം പൊട്ടിക്കുമ്പോള്‍ യജമാനനും പൊട്ടിക്കും .
കൊച്ചു കുട്ടികള്‍ ..
യജമാനന്റ്റെ വികാരം മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചില്ല ..
കാരണം ഞാന്‍ ഒരു പശുവല്ലേ...
ഒരു ദിവസം ഞാന്‍ കണ്ടു. യജമാനന്‍ എന്തോ കുത്തിക്കുറിക്കുന്നു .അത് ആ കുട്ടികളെ ഉയര്‍ത്തി കാട്ടുന്നു .എന്നിട്ട് ആറ്റുമണലില്‍ അത് ഉപേക്ഷിച്ച് തോട്ടത്തിലേയ്ക്ക് കയറുന്നു .
കുട്ടികള്‍ ..ചെറുപ്രായം ..അവര്‍ ജിജ്ഞാസയോടെ അതെടുക്കുന്നു .
കൂട്ടത്തില്‍ നീളന്‍ മുടിക്കാരി ആ കടലാസ് വലിച്ചുകീറി യജമാനന്‍ പോയ വഴിയെ എറിയുന്നു .
എന്തോ പിശകുണ്ട് ..
അറിയില്ല ...
ഒരു പശുവായത് നന്നായി എന്ന് ഈ അവസരങ്ങളില്‍ ഞാന്‍ ചിന്തിക്കാറുണ്ട് .
പിന്നെ എന്തോ ..കുട്ടികള്‍ പടക്കം പൊട്ടിച്ചു കളിക്കുമ്പോള്‍ യജമാനന്‍ ‌ ‌
പൊട്ടിക്കാറില്ല..
ഒരു ദിവസം കുട്ടികള്‍ ആറ്റില്‍ കുളിക്കുന്നത് കണ്ടു .അവരുടെ വീട്ടുകാര്‍ ആയിരിക്കണം ...
ആദ്യം ഒരു സ്ത്രീ വന്നു നോക്കി ..പിന്നെ മീശക്കാരനായ ഒരു തടിയനും .
തടിയന്‍ വെളുത്ത കുട്ടിയെ വഴക്ക് പറഞ്ഞു വിളിച്ചു കൊണ്ടു പോയി .
അവര്‍ പോയ പുറകെ ഒരു ചട്ടയും മുണ്ടും ധരിച്ച അമ്മച്ചിയും സാരിയിട്ട മറ്റൊരു സ്ത്രീയും വന്നു ...
ബാക്കി കുട്ടികള്‍ വെള്ളത്തില്‍ കളിച്ചു കൊണ്ടിരുന്നു ...
നിഷ്കളങ്ക ബാല്യങ്ങള്‍ ...
ആ അമ്മച്ചി അവരെ ഉറക്കെ വിളിച്ചു .
ഒരു കുട്ടി ഓടി പോയി ..നീളന്‍ മുടിക്കാരി കയറി ചെന്നു.
ആ കുട്ടിയുടെ അമ്മയായിരിക്കണം സാരിയിട്ട സ്ത്രീ എന്തോ പറഞ്ഞു കുട്ടിയെ അടിക്കുന്നത് കണ്ടു.
ഞാന്‍ ഉറക്കെ അമറി...
ആ കുട്ടിയെ തല്ലരുതെ എന്ന് ഞാന്‍ ഉറക്കെ പറഞ്ഞു ...
എന്റ്റെ അമറല്‍ കേട്ടു ആ കുട്ടി തിരിഞ്ഞു നോക്കി .ആ കുട്ടിയുടെ മുഖത്തെ നിഷ്കളങ്കത ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു ....
താന്‍ ചെയ്ത തെറ്റ് എന്തെന്നു പോലും അവള്‍ക്കു മനസ്സിലായിട്ടില്ല ..
അന്ന് ഞാന്‍ കൂട്ടില്‍ പോയി ഒരുപാട് ചിന്തിച്ചു .
"നീളന്‍ മുടിക്കാരി ചെയ്ത തെറ്റ് എന്ത് ..?
വെളുത്ത കുട്ടിയെ ആരും ഒന്നും പറഞ്ഞില്ല ...
കുറ്റം നീളന്‍ മുടിക്കാരിക്ക്..
അവള്‍ കടലാസ് കീറി കളഞ്ഞത് കൊണ്ടാണോ ..?"
പിന്നീടു ഞാന്‍ അവരെ കണ്ടിട്ടില്ല ..
വര്‍ഷങ്ങള്‍ക്ക് ശേഷം ആ കുട്ടിയെ ഞാന്‍ കണ്ടു ...
അവള്‍ വളര്‍ന്നിരിക്കുന്നു .അന്ന് അവളെ അടിച്ച സ്ത്രീയും കൂടെ ഉണ്ട് .
ഞാന്‍ നോക്കുമ്പോള്‍ അവര്‍ സംസാരിക്കുകയായിരുന്നു .
അവള്‍ ചോദിക്കുകയാണ് .
" അമ്മേ ..എന്തിനാണ് എല്ലാവരും ആ വെള്ളപശുവിന്റ്റെ കാര്യത്തില്‍ എന്നെ കുറ്റക്കാരിയാക്കിയത്..?
എന്തിനാണ് അമ്മ എന്നെ തല്ലിയത്..."?
അവള്‍ കടലാസ് കീറി കളഞ്ഞ ചരിത്രവും പറയുന്നതു കേട്ടു .
അമ്മയുടെ കണ്ണുകള്‍ ഈറനണിയുന്നതും മകളെ ചേര്‍ത്തു പിടിക്കുന്നതും ഞാന്‍ കണ്ടു .
അമ്മ പറയുകയാണ്‌ ..
" മോളെ ..വീട്ടിലാരോ പറഞ്ഞു ..നിങ്ങള്‍ തുണിയില്ലാതെയാണ് ആറ്റില്‍ കുളിക്കുന്നത് എന്ന്‍..."
"തുണിയില്ലാതെയോ...?" അവള്‍ ചോദിച്ചു .
എന്തൊരു ആരോപണം ..
അവള്‍ തുടര്‍ന്ന് ചോദിച്ചു .
"ആരെങ്കിലും കണ്ടിട്ടുണ്ടോ ഞങ്ങള്‍ തുണിയില്ലാതെ ആറ്റില്‍ കുളിക്കുന്നത് ..?
"ഇല്ല .." അമ്മ പറഞ്ഞു .
അവള്‍ ഒന്നും പറഞ്ഞില്ല .
ഞാനും ചിന്തിച്ചു .
"തുണിയില്ലാതെ അവര്‍ ആറ്റില്‍ കുളിക്കുന്നത് ഞാനും കണ്ടിട്ടില്ല .."
ഞാന്‍ ഉറക്കെ അമറി .
മനുഷ്യ വര്‍ഗ്ഗത്തോടുള്ള എന്റ്റെ വര്‍ഗ്ഗത്തിന്റ്റെ പ്രതിഷേധമായിരുന്നു അത് .
അന്നും അവള്‍ തിരിഞ്ഞു നോക്കി .
ഒരു പശുവായി ജനിച്ചതില്‍ ആദ്യമായ് ഞാന്‍ സന്തോഷിച്ചു .
നീതികേടിനും നന്ദിയില്ലായ്മയ്ക്കും അസൂയയ്ക്കും പാത്രമാകേണ്ടി വരികയില്ലല്ലോ ...
പക്ഷെ ഒരു കാര്യം എന്നെ വീണ്ടും ദുഖത്തിലാഴ്ത്തി .
വെള്ളപശുവിന്റ്റെ പേര് മോശമാക്കിയല്ലോ ....
" ഞാന്‍ തെറ്റ് ചെയ്തിട്ടില്ല ..
നീളന്‍ മുടിക്കാരിയും ...
പിന്നെ തെറ്റ് ചെയ്തത് ആര്‍ ...
നീളന്‍ മുടിക്കാരിക്ക് അറിയാമായിരിക്കും ....
ചോദിക്കാം ..."
ഞാന്‍ വീണ്ടും അമറി .
പക്ഷെ ഇത്തവണ അവള്‍ തിരിഞ്ഞു നോക്കിയില്ല .
" എന്റ്റെ ഭാഷ അവള്‍ക്ക് വശമില്ലല്ലോ ....."
നന്ദിനി