Sunday 21 October 2018

ഇരുട്ടിന്റെ ആത്മാക്കൾ

 രുൾക്കുഴികളിൽ ഒന്നിൽ നിന്നും യൂദാസ് തലയുയർത്തി.
"അസഹനീയം..
 വല്ലവിധത്തിലും ഒന്നു പുറത്തുകടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..
 യേശുവിനെ ഒറ്റികൊടുത്ത അന്നു മുതൽ അനുഭവിക്കുന്ന യാതനകൾ..
 വയ്യ.. "

എരിതീയിലും ചാകാത്ത പുഴുക്കൾ,
എരിപിരി കൊള്ളിക്കുന്ന നാരകീയ അവസ്ഥകൾ..
അവനു മതിയായി.

ചുട്ടു പൊള്ളുന്ന തീയിലൂടെ ഉരുകാതെയുരുകി  അവൻ നിരങ്ങി നീങ്ങി.
അവൻ തലയുയർത്തി നോക്കി.
ദൂരെ..
അഗ്നിജ്വാലകളാൽ തീർത്ത സിംഹാസനത്തിൽ ഇരിക്കുന്നു സാത്താൻ.
നാരകീയ രാജാവ്.
പരിചരിക്കാൻ ചുറ്റിലും കുട്ടിച്ചാത്തന്മാർ.

അവനെക്കണ്ടതും സാത്താനലറി.
"നീയോ യൂദാസ്...
നിനക്കിപ്പഴും മതിയായില്ലേ..
മുപ്പതു വെള്ളി കാശിന് നീ ഒറ്റിയ രക്ഷകന്റെ രാജ്യത്തിലേയ്ക്ക്
നിനക്ക് പോകണോ... ഹ ഹ ഹ "

യൂദാസ് തല കുനിച്ചു.
'ആ നശിച്ച ചുംബനം.. അതുവഴി തനിക്ക് തുറന്നു കിട്ടിയ നിത്യനരകം.. '
അവന്റെ കുടിലബുദ്ധി വീണ്ടും ഉണർന്നു.

അവൻ പറഞ്ഞു.
"അങ്ങുന്നേ.. ഒരു സങ്കടം ഉണർത്തിക്കുവാനാണ് ഞാൻ വന്നത്.
ഇരുൾക്കുഴികളിൽ,അന്ധകാരത്തിൽ,തീയിൽ, ചൂടിൽ ഞാൻ
കഴിയുന്നു.എന്റെ മുമ്പിൽ എന്നേയ്ക്കുമായി സ്വർഗ്ഗവാതിൽ
അടഞ്ഞു കഴിഞ്ഞിരിക്കുന്നു.
അവിടുന്നനുവദിച്ചാൽ ഈ നരകത്തിലേയ്ക്ക് ഞാൻ ധാരാളം
ആളുകളെ എത്തിക്കാം.
എന്നെപോലെയുള്ളവരെ..
ഒരുപക്ഷേ..
എന്നെക്കാൾ വലിയവരെ.. "

സാത്താൻ അലറി.
"നുണയാ.. നിന്റെ തട്ടിപ്പ് എനിക്കറിയാം.
നിനക്ക് ഇവിടം മടുത്തു അല്ലേ.
ഹ ഹ ഹ..
നിന്നെ ഞാൻ പറഞ്ഞയച്ചാൽ തന്നെ..
നീ വീണ്ടും ഇവിടേയ്ക്ക് വരും.
കാരണം നിന്റെ ഹൃദയം ചാഞ്ഞിരിക്കുന്നത്
എന്റെ സിദ്ധാന്തങ്ങളിലേയ്ക്ക് തന്നെ... "

യൂദാസ് തല കുനിച്ചു.
സാത്താൻ പറയുന്ന സത്യം.

യൂദാസിന്റെ നിരാശയിൽ സാത്താൻ വിത്തു പാകി,
വെള്ളമൊഴിച്ചു.

അവൻ പറഞ്ഞു.
"ദയവായി എനിക്ക് ഒരു അവസരം തരണമേ.. "

"തന്നിരിക്കുന്നു ".സാത്താൻ സമ്മതിച്ചു.
താൻ പാകിയ വിത്ത് മുളപൊട്ടി ചെടിയായി കായ്‌ഫലങ്ങൾ തരുന്നതോർത്ത്
അവൻ ചിറി നക്കി.

സാത്താൻ പൊട്ടിച്ചിരിച്ചു.
കുട്ടിച്ചാത്തന്മാർ ചിതറിയോടി.

യൂദാസ് യാത്രയായി.
അവന്റെ മനോമുകുളത്തിൽ   നിരവധി ചിത്രങ്ങൾ തെളിഞ്ഞു.

നിധികൾ ഒളിഞ്ഞിരിക്കുന്ന അമ്പലങ്ങൾ...
നാണയങ്ങൾ പെരുകുന്ന കാണിയ്ക്ക വഞ്ചികൾ..
അവിടെ അധികാരം കൈപ്പിടിയിലൊതുക്കാൻ കടിപിടി കൂട്ടുന്ന ആചാര്യന്മാർ..

കൊട്ടാരസദൃശ്യമായ പള്ളികൾ..
തീർത്ഥാടനകേന്ദ്രങ്ങളുടെ മറവിൽ തടിച്ചു കൊഴുക്കുന്ന കീശകൾ..
വിദേശങ്ങളിൽ വാങ്ങി കൂട്ടുന്ന തോട്ടങ്ങൾ
അതിനു വഴി വയ്ക്കുന്ന ലൈംഗീക അരാജകത്വങ്ങൾ..

തന്റെ വിചാരങ്ങൾ നീണ്ടു പോകവേ അവൻ  ഊറിച്ചിരിച്ചു.


യൂദാസ് പെട്ടെന്ന് നിന്നു.
സാത്താൻ ഒന്നു കുലുങ്ങിയിരുന്നു.

പള്ളിമേടയിൽ യോഗം നടക്കുന്നു.
ദേവസ്യാ അച്ചൻ പ്രസംഗിക്കുന്നു.
"അൾത്താര പഴയരീതിയിൽ പണിതതാണ്. പള്ളിക്ക് വിസ്തീർണം പോരാ.
പുതുക്കി പണിയണം "

"അതിനെവിടുന്നാ അച്ചാ ഇത്രയും കാശ്.. "
കൈക്കാരൻ അവറാച്ചന് സംശയം.

"പിരിക്കണം "
ദേവസ്യാച്ചന്റെ മറുപടിയിൽ കയ്യടിയോടെ തീരുമാനം ഉറപ്പിച്ചു.
യോഗം പിരിഞ്ഞു.

അച്ചൻ ആലോചനയിലാണ്.
ആരെ പിടിക്കണം...
എപ്പോൾ..
എങ്ങനെ..

തക്കം പാർത്തിരുന്ന യൂദാസ് അവസരം മുതലാക്കി.
മുപ്പതു വെള്ളിക്കാശിനു വേണ്ടിയുള്ള യാത്ര യൂദാസ് അച്ചനിലൂടെ
വീണ്ടുമാരംഭിച്ചു.

സാത്താൻ തലയാട്ടി.

യൂദാസ് ദേവസ്യാച്ചൻ വഴി പലരിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിച്ചു.
മദ്യലോബി വച്ചു നീട്ടിയ പണത്തിൽ..
അന്യായ പലിശക്കാരുടെ കൊള്ളലാഭത്തിൽ..
പള്ളി വലുതായിക്കൊണ്ടിരുന്നു.

മദ്യം മദിരാക്ഷിയിലേയ്ക്കും..
മദിരാക്ഷി മാതൃത്വത്തിലേയ്ക്കും..
മാതൃത്വം പീഡനത്തിലേയ്ക്കും മാറി മറിഞ്ഞു കൊണ്ടിരുന്നു.

പള്ളി പണി തീർന്നു.

സാത്താൻ സന്തോഷത്തിലാണ്. യൂദാസിനെ അവൻ ഉയർത്തി.
അവൻ പറഞ്ഞു.
"നീ എനിക്കായ് നേടിയ ആത്മാക്കൾ അനേകം.
നിന്നെ പോലെയുള്ളവരെയാണ് ഈ ലോകത്തിന് ആവശ്യം.
ഇനി മുതൽ നീ ലോകത്തിൽ വസിക്കുക.
തിന്മയിലേയ്ക്ക് ചാഞ്ഞിരിക്കുന്ന ഹൃദയങ്ങൾ നിന്റെ വാസസ്ഥലങ്ങൾ ആകട്ടെ .
അൾത്താരകൾ, അമ്പലങ്ങൾ, പള്ളികൾ  എനിക്കായി നീ പുതുക്കി പണിയുക.
ആരാധനാലയങ്ങൾ നിന്റെ ആവാസ വ്യവസ്ഥിതിക്ക് അനുകൂലമാക്കുക. "

യൂദാസ് തലയാട്ടി.

അഗ്നിയിലെരിയുന്ന ആത്മാക്കളുടെ എണ്ണം പെരുകവേ..
യൂദാസ് തന്നെ ഭരമേല്പിച്ച ജോലി കൃത്യമായി നിർവഹിച്ചു കൊണ്ടിരുന്നു.

.........................................

നന്ദിനി വർഗീസ്