Tuesday 13 November 2012

ഒടുക്കത്തെ ഒരു തലവിധി

സ്പന്ദനം 

"ഒന്നു കൂടി ആഞ്ഞു ശ്വാസം വലിക്കാന്‍ നോക്കിയിരുന്നെങ്കില്‍ നീ മരിക്കില്ലായിരുന്നു ...ഒക്കെ നിന്റ്റെ തലവിധി ..അല്ലാതെന്തു പറയാന്‍ .."


സ്വര്‍ഗ്ഗ കവാടത്തില്‍ കണക്കെടുക്കാന്‍ നിന്ന ദൂതന്‍ പുസ്തകത്തില്‍ കുഞ്ഞേലിയുടെ പേര് തിരയുന്നതിനിടയില്‍ പറഞ്ഞു.


കുഞ്ഞേലി തല കുമ്പിട്ടു നിന്നു.


'മരണത്തിലും ഒരു തലവിധി'


കുഞ്ഞേലി മറുത്തൊന്നും പറഞ്ഞില്ല .

ദൂതന്‍ പേര് കണ്ടുപിടിച്ചു .
" കുഞ്ഞേലി നീ മറ്റൊന്നും ചിന്തിക്കണ്ട ..ഞാന്‍ പറഞ്ഞതിന് കാരണം ഉണ്ട് .
നീ ഇവിടേയ്ക്ക് വരേണ്ട സമയം ഇതല്ല .കുറച്ചു കൊല്ലങ്ങള്‍ നേരത്തെയാണ് നീ വന്നിരിക്കുന്നത് ..ചാവാനാനെങ്കിലും അങ്ങനെ കിടന്നു കൊടുക്കരുത് .
മനശക്തി ഒന്നെടുത്ത് പ്രയോഗിച്ചെങ്കില്‍ ഇപ്പോള്‍ നിനക്ക് കയറി കിടക്കാന്‍ ഒരിടം എങ്കിലും ഉണ്ടായേനെ ...."
ദൂതന്‍ പറഞ്ഞു .

"എനിക്കിപ്പോള്‍ മുകളില്‍ ആകാശവും താഴെ ഭൂമിയും ഇല്ലെന്നാണോ അങ്ങ് പറയുന്നത് ...?

കുഞ്ഞേലി ചോദിച്ചു .

"അതേ ...ഇപ്പോള്‍ അതാണ്‌ സ്ഥിതി .ഇവിടെ സമയനിഷ്ഠ നിര്‍ബന്ധമാണ്‌. തത്കാലം കുഞ്ഞേലി പോയിട്ട് വാ ..."

ദൂതന്‍ സ്വര്‍ഗ്ഗ കവാടം കൊട്ടിയടച്ചു .

കുഞ്ഞേലി വാവിട്ടു കരഞ്ഞു .ജീവിതം മുഴുവന്‍ തലവിധി പ്രയോഗങ്ങള്‍ .

ഇപ്പോള്‍ ഇവിടെയും ആ വിധിയില്‍ താന്‍ നിരാലംബയായല്ലോ ...


ടപ്പ് ...ടപ്പ് 


ആരോ കൈ കൊട്ടുന്നു .കുഞ്ഞേലി തിരിഞ്ഞു നോക്കി .

അങ്ങു താഴെ വലിയ ഒരു കവാടത്തിനു മുന്നില്‍ നിന്ന്, ഒരു ദിവ്യന്‍ കൈയുയര്‍ത്തി വീശുന്നു .

കുഞ്ഞേലി ദിവ്യന്റ്റെ അടുക്കലേയ്ക്കോടി .

താണു  വീണു കേണു .
" പ്രഭോ ..കയറി കിടക്കാന്‍ ഒരിടം വേണം ...."

ദിവ്യന്‍ പുഞ്ചിരിച്ചു .

"എന്റ്റെ ഭവനത്തിലേയ്ക്ക് വരാന്‍ നേരവും കാലവും ഇല്ല .ആര്‍ക്കും അപ്പോള്‍ വേണമെങ്കിലും കടന്നു വരാം ..."

ദിവ്യന്‍ കുഞ്ഞേലിയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു .അവള്‍  ദിവ്യന്റ്റെ 
ഭവനത്തിലേയ്ക്ക് നടന്നു .

കവാടത്തില്‍  പേര്  എഴുതിയിരിക്കുന്നു .


പാതാളം ....


താഴെ ഒരു വാചകവും ...


"ഏതു നേരത്തും സ്വാഗതം ...."


കുഞ്ഞേലി ഒന്നു  നിന്നു .

"പ്രഭോ ....ഇവിടുത്തെ താമസ വ്യവസ്ഥകള്‍  എങ്ങനെ ?...കുറച്ചു കൊല്ലങ്ങള്‍ കഴിയുമ്പോള്‍ സ്വര്‍ഗ്ഗ കവാടം എനിയ്ക്കായി തുറക്കും .... ?"

ദിവ്യന്‍ വീണ്ടും പുഞ്ചിരിച്ചു .

അദ്ദേഹം പറഞ്ഞു .
"ആര്‍ക്കും അപ്പോള്‍ വേണമെങ്കിലും ഇവിടെ നിന്ന് തിരികെ പോകാം .പാതാള വാതിലുകള്‍ തുറന്നു തന്നെയിരിക്കും .അത് ആര്‍ക്കു നേരെയും കൊട്ടിയടയില്ല "

കുഞ്ഞേലിക്ക് ആശ്വാസമായി .

പാതാളമെങ്കില്‍ അത് ...
കുഞ്ഞേലി പാതാളം തിരഞ്ഞെടുത്തു .

അവള്‍ പാതാളത്തിലൂടെ നടന്നു .വഴി വിജനമായിരുന്നു .


"ഇവിടാരും ഇല്ലേ ....?"  


 കുഞ്ഞേലി വിളിച്ചു ചോദിച്ചു .


"കുഞ്ഞേലീ ................"


പെട്ടെന്നൊരു വിളി .അവള്‍ തിരിഞ്ഞു നോക്കി .

വടക്കേതിലെ ദാക്ഷായണി ഓടി വരുന്നു .

"ദാക്ഷായണി ...നീ ഇവിടെയാണോ ..?എത്ര കൊല്ലങ്ങള്‍ മുമ്പ് പോന്നതാ നീ സുഖമാണോ ഇവിടെ ."

കുഞ്ഞേലി ചോദിച്ചു .

"സുഖം തന്നെ ....ഇവിടെ എല്ലാവരും ഉണ്ടെടി ...കുറ്റിപ്പുറത്തെ അവറാച്ചനും ഭാര്യയും ....പാലക്കടവിലെ  ശോശാമ്മയും പിള്ളേരും ..പിന്നെ നിന്റ്റെ അടുത്ത കൂട്ടുകാരി ചിന്നകുട്ടിയും ...."


കുഞ്ഞേലി അമ്പരന്നു .

"അവരെല്ലാം ഇവിടെ ഉണ്ടോ ....?"

"ഉവ്വെടി ....നീ വാ ..."  

ദാക്ഷായണി കുഞ്ഞേലിയുടെ കൈ പിടിച്ചു .

ശ്വാസം വലിക്കേണ്ട നേരത്ത് അത് ചെയ്യാതെ നിശ്ചിത സമയത്തിനു മുമ്പ് വന്നത് കാരണം ഇവിടേയ്ക്ക്  വരേണ്ടി  വന്ന   തന്റ്റെ വിധിയില്‍ ,

 കൂടുതല്‍ തലവിധി പ്രയോഗങ്ങള്‍ കേള്‍ക്കേണ്ടി വരുമല്ലോ .....  
കുഞ്ഞേലി കൈ വിടുവിച്ചു ....

"ഇല്ല... ഞാന്‍ വരുന്നില്ല ...."

അവള്‍ തിരിഞ്ഞു നടന്നു .

"കുഞ്ഞേലി ...നീ നില്‍ക്ക് ...."

ദാക്ഷായണി പിറകെ ഓടി വന്നു .
" നീ ഒന്ന് കൂടെ ചിന്തിക്ക്...ഇവിടെ പരമ സുഖമാ ...ഇഷ്ടമുള്ളത് പോലെ ജീവിക്കാം ..ഒരു തടസ്സവും ഇല്ല ...ഒരിക്കല്‍ വന്നവര്‍ പിന്നെ തിരിച്ചു പോവില്ല .
നീ വാ ...."
കുഞ്ഞേലി കുതറിയോടി ....

' വേണ്ട ...തലവിധി തിരുത്തണം ...'

പാതാള വാതിലിലൂടെ കുഞ്ഞേലി പുറത്തു കടന്നു 

ഇന്നലെ വരെ തനിക്ക് സ്വന്തമായിരുന്ന ശരീരം തേടി അവള്‍ യാത്രയായി .

'ആ ശരീരത്തില്‍ കയറി കൂടി ആഞ്ഞു ശ്വാസം വലിച്ചു നോക്കാം ...
തലവിധി  തിരുത്താനായാലോ ....'

കുഞ്ഞേലി തന്റ്റെ ശരീരം തേടിയലഞ്ഞു .


ഒടുവില്‍ ഇടവക പള്ളിയിലെ സിമിത്തേരിയില്‍ ആറടി മണ്ണിനടിയില്‍ അവള്‍ അത് കണ്ടു .


ഒരു നിമിഷം ....കുഞ്ഞേലി വരും വരായ്കകളെ കുറിച്ച് ഓര്‍ത്തു പോയി .


'ശരീരത്തില്‍ കടക്കുക എളുപ്പം...ശ്വാസവും വലിക്കാം ...ഒരു പക്ഷെ ....

ജീവന്‍ തിരികെ കിട്ടിയാല്‍ മണ്ണിനടിയില്‍ നിന്നും എങ്ങനെ പുറത്തു കടക്കും '

'നടക്കില്ല ...തലവിധി ...'



വീണ്ടും പാതാള വാതിലില്‍ തിരികെയെത്തുമ്പോള്‍ ദിവ്യന്റ്റെ മുഖത്തു തെളിഞ്ഞ വിജയ ഭാവം കുഞ്ഞേലി കണ്ടില്ല എന്ന് നടിച്ചു .


കുഞ്ഞേലിയെ കണ്ട് ദാക്ഷായണി ഓടി വന്നു .


"തലവിധി തന്നെ ..." അവള്‍ പറഞ്ഞു .


അവള്‍ കുഞ്ഞേലിയുടെ കരം പിടിച്ച്  നടന്നു നീങ്ങി . 





നന്ദിനി 

  
   
      

      

26 comments:


  1. കൊള്ളാം നന്ദിനി ഈ ഒടുക്കത്തെ തലവിധി
    എങ്കിലും പാവം കുഞ്ഞേലി യുടെ ഒരു തലവിധിയെ !
    നന്നായി അവതരിപ്പിച്ചു ആശംസകള്‍
    ആദ്യ കമന്റും എന്റേതു അല്ലെ!

    ReplyDelete
  2. ഇനി അഥവാ തിരിച്ച് വന്നിരുന്നെങ്കിലോ..?

    ReplyDelete
  3. കുഞ്ഞേലി ഒരു കണ്‍സള്‍ട്ടന്‍സിയുടെ
    സേവനം തേടേണ്ടിയിരുന്നു. നല്ല കഥയും ഭാവനയും പിന്നെ ഒതുക്കമുള്ള വരികളും. അഭിനന്ദനങ്ങള്‍..

    ReplyDelete
  4. നന്നായിരിക്കുന്നു.....

    ReplyDelete
  5. പ്ലീസ്‌
    ഞാന്‍ ശ്വാസം ഒന്ന് നീട്ടിവലിക്കട്ടെ !
    കാരണം എന്റെ നാട്ടുകാര്‍ ആണല്ലോ പാതാളത്തില്‍ ഉള്ളതിലധികവും !
    കഥ നന്നായി

    ReplyDelete
  6. നന്നായിരിക്കുന്നു ഭാവനയും,ഭാഷാശൈലിയും.
    കുഞ്ഞേലിയുടെ തലവിധി ഒടുവില്‍
    പാതാളത്തില്‍ തന്നെ കൊണ്ടെത്തിച്ചു.
    രസകരമായ കഥ.അഭിനന്ദനങ്ങള്‍
    ആശംസകളോടെ

    ReplyDelete
  7. നല്ല ഭാവന. ഒതുക്കമുള്ള കഥ.

    ReplyDelete
  8. കൊള്ളാമല്ലോ... നല്ല ഭാവന തന്നെ. ശ്രമിച്ചിരുന്നെങ്കിൽ അവസാനം കുറച്ചൂടെ നന്നാക്കാമായിരുന്നു.ഇതും നന്ന്

    ReplyDelete
  9. സുന്ദരമായ ഭാവന...നല്ല കയ്യടക്കത്തോടെ
    എഴുതിയ ഈ സാടയര് തികച്ചും
    ചിന്തനീയം തന്നെ...

    എന്നാലും കുഞ്ഞേലിയെപ്പോലെ അവസാനം
    ഒന്ന് ആഞ്ഞു വലിച്ചിരുന്നു എങ്കില്‍ എന്തൊക്കെയോ
    ചെയ്തു തീര്‍ക്കാമായിരുന്നു എന്നൊരു തോന്നല്‍..
    മനസ്സില്‍ തങ്ങി നില്‍ക്കുന്നു.അത് എന്റെ തലവിധി
    അല്ലാതെ എന്ത് പറയാന്‍..!!!..അഭിനന്ദനങ്ങള്‍

    ReplyDelete
  10. നല്ല ഒതുക്കമുള്ള എഴുത്ത്. നന്നായിരിക്കുന്നു. ആശംസകള്‍!

    ReplyDelete
  11. കഥ വായിച്ചു.സന്തോഷം.ഭാവുകങ്ങള്‍ .
    ലിങ്ക് തന്നതിന് നന്ദി.

    ReplyDelete
  12. Jeevitha Yadharthyam...!

    Manoharam, Ashamsakal...!!!

    ReplyDelete
  13. വളരെ സുന്ദരമായി പറഞ്ഞ ഒരു കുഞ്ഞു കഥ.. ആസ്വദിച്ചു..ആശംസകള്‍..

    ReplyDelete
  14. നല്ല ഭാവന....ഇനിയും നല്ല നല്ല കഥകള്‍ വരട്ടെ...ലിങ്ക് അയച്ചുകൊള്ളൂ. എല്ലാ ആശംസകളും ......

    ReplyDelete
  15. വ്യത്യസ്തമായൊരു ഭാവന,നല്ല എഴുത്ത് നന്നായിരിക്കുന്നു ആശംസകള്‍.

    ReplyDelete
  16. നല്ല എഴുത്ത്‌. അവസാനം ഒരു ട്വിസ്റ്റ്‌ കൊടുക്കാനയാൽ ഒന്നുകൂടി നന്നാവുമായിരുന്നു

    ReplyDelete
  17. നന്ദിനിയുടെ ലോകത്തേക്ക്‌ ഞാൻ ആദ്യമായാണു..
    ആദ്യ വായനയിൽ തന്നെ ഇഷ്ടമായി,
    നല്ല അടുക്കും ചിട്ടയുമുള്ള എഴുത്ത്‌..
    ഭാവനയിലൂടെ മാത്രം സഞ്ചരിച്ചിട്ടുള്ള ലോകവും കഥ പറച്ചിലും കൊള്ളാം..
    ആശംസകൾ ട്ടൊ..!

    ReplyDelete
  18. വിത്യസ്ത ഭാവനയുടെ അക്ഷരപൂന്തോട്ടം ആശംസകള്‍ എഴുത്ത് തുടരട്ടെ ഒപ്പം വായനയും എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    ReplyDelete
  19. ഭാവനകൊള്ളാം.കഥ ഇഷ്ടപ്പെട്ടു.

    ReplyDelete
  20. നന്നായിട്ടുണ്ട് ..:)

    ReplyDelete
  21. നല്ല ഭാവന.മനോഹരമായ ഭാഷ.ആശംസകള്‍

    ReplyDelete

  22. അത് കലക്കി,നന്ദിനീ. വല്ലാത്തൊരു തലവിധി.

    ReplyDelete
  23. ഞാന്‍ പറഞ്ഞതിന് കാരണം ഉണ്ട് .
    നീ ഇവിടേയ്ക്ക് വരേണ്ട സമയം ഇതല്ല .കുറച്ചു കൊല്ലങ്ങള്‍ നേരത്തെയാണ് നീ വന്നിരിക്കുന്നത് ..ചാവാനാനെങ്കിലും അങ്ങനെ കിടന്നു കൊടുക്കരുത് .

    വായിക്കാൻ എന്നിൽ വളരെ രസമുണർത്തിയ, വ്ഹിന്തോദ്ദീപകമായ രചന. നല്ല അർത്ഥതലങ്ങൾ കണ്ടെത്താവുന്ന തരത്തിലാണ് ആ കുഞ്ഞെലിയും ദാക്ഷായണിയും ദിവ്യനും മറ്റുമുള്ളവരും നടത്തുന്ന സംഭാഷണങ്ങളും അവരുടെ നിശബ്ദ നോട്ടങ്ങളും.
    നല്ല രസമായി അവതരിപ്പിച്ച ഗംഭീരൻ ഭാവന. ആശംസകൾ.

    ReplyDelete
  24. കുഞ്ഞേലിയുടെ ഒരു തലവിധി.. നല്ല എഴുത്ത്..!!

    ReplyDelete