Sunday 12 February 2012

ഒരു കൊച്ചു കാര്യവും വെള്ളപശുവും

സ്പന്ദനം
വെള്ള പശു ഇന്നും പറയും ..
" ഞാന്‍ തെറ്റുകാരിയല്ല..
കന്നുകാലിക്കൂട്ടത്തില്‍ ഞാന്‍ പെട്ടു പോയി ..
എനിക്ക് വെള്ള നിറവും ആയി പോയി ..
എന്റ്റെ നിറത്തില്‍ ചെറു ബാല്യത്തിനു ആക്ഷേപം ഉന്നയിക്കപ്പെട്ടത് തെറ്റായിപോയി .."
വെള്ളപശു മുത്തശ്ശിയായി..
ഓര്‍മ്മകള്‍ പിറകോട്ടു പോയപ്പോള്‍ അവള്‍ ഒരു കിടാവായിരുന്നു .
മൂന്ന് പെണ്‍കുട്ടികള്‍ ...
അഞ്ചിലോ ആറിലോ മറ്റോ പഠിക്കുന്നവര്‍ ..ആറ്റിറമ്പില് പഠിക്കാന്‍ വരുന്ന ഇവരെ ഞാന്‍ സാധാരണ കാണാറുണ്ട് ..
പഠിക്കുകയും കളിക്കുകയും ആറ്റില്‍ കുളിക്കുകയും ചെയ്യാറുണ്ട് ഇവര്‍ ..
കുട്ടികള്‍ ചിലപ്പോള്‍ കൈയ്യില്‍ ഇല വച്ച് പടക്കം പൊട്ടിക്കും ..
അതെങ്ങനെയെന്ന്‍ എനിക്കറിയില്ല ..
ആ ‍ ശബ്ദം എനിക്കിഷ്ടമല്ലായിരുന്നു..
ഇടയ്ക്കിടെ ഞാന്‍ അവരെ ശ്രദ്ധിക്കാറുണ്ട് ...
ഒരു വെളുത്ത കുട്ടി ..രണ്ടു കറുത്ത കുട്ടികള്‍ ...
ഞാന്‍ അറിഞ്ഞിരുന്നില്ല എന്നെ പോലെ എന്റെ യജമാനനും അവരെ ശ്രദ്ധിക്കുന്നത് .
അവര്‍ മിടുക്കികളായിരുന്നു...കുട്ടികള്‍ പടക്കം പൊട്ടിക്കുമ്പോള്‍ യജമാനനും പൊട്ടിക്കും .
കൊച്ചു കുട്ടികള്‍ ..
യജമാനന്റ്റെ വികാരം മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചില്ല ..
കാരണം ഞാന്‍ ഒരു പശുവല്ലേ...
ഒരു ദിവസം ഞാന്‍ കണ്ടു. യജമാനന്‍ എന്തോ കുത്തിക്കുറിക്കുന്നു .അത് ആ കുട്ടികളെ ഉയര്‍ത്തി കാട്ടുന്നു .എന്നിട്ട് ആറ്റുമണലില്‍ അത് ഉപേക്ഷിച്ച് തോട്ടത്തിലേയ്ക്ക് കയറുന്നു .
കുട്ടികള്‍ ..ചെറുപ്രായം ..അവര്‍ ജിജ്ഞാസയോടെ അതെടുക്കുന്നു .
കൂട്ടത്തില്‍ നീളന്‍ മുടിക്കാരി ആ കടലാസ് വലിച്ചുകീറി യജമാനന്‍ പോയ വഴിയെ എറിയുന്നു .
എന്തോ പിശകുണ്ട് ..
അറിയില്ല ...
ഒരു പശുവായത് നന്നായി എന്ന് ഈ അവസരങ്ങളില്‍ ഞാന്‍ ചിന്തിക്കാറുണ്ട് .
പിന്നെ എന്തോ ..കുട്ടികള്‍ പടക്കം പൊട്ടിച്ചു കളിക്കുമ്പോള്‍ യജമാനന്‍ ‌ ‌
പൊട്ടിക്കാറില്ല..
ഒരു ദിവസം കുട്ടികള്‍ ആറ്റില്‍ കുളിക്കുന്നത് കണ്ടു .അവരുടെ വീട്ടുകാര്‍ ആയിരിക്കണം ...
ആദ്യം ഒരു സ്ത്രീ വന്നു നോക്കി ..പിന്നെ മീശക്കാരനായ ഒരു തടിയനും .
തടിയന്‍ വെളുത്ത കുട്ടിയെ വഴക്ക് പറഞ്ഞു വിളിച്ചു കൊണ്ടു പോയി .
അവര്‍ പോയ പുറകെ ഒരു ചട്ടയും മുണ്ടും ധരിച്ച അമ്മച്ചിയും സാരിയിട്ട മറ്റൊരു സ്ത്രീയും വന്നു ...
ബാക്കി കുട്ടികള്‍ വെള്ളത്തില്‍ കളിച്ചു കൊണ്ടിരുന്നു ...
നിഷ്കളങ്ക ബാല്യങ്ങള്‍ ...
ആ അമ്മച്ചി അവരെ ഉറക്കെ വിളിച്ചു .
ഒരു കുട്ടി ഓടി പോയി ..നീളന്‍ മുടിക്കാരി കയറി ചെന്നു.
ആ കുട്ടിയുടെ അമ്മയായിരിക്കണം സാരിയിട്ട സ്ത്രീ എന്തോ പറഞ്ഞു കുട്ടിയെ അടിക്കുന്നത് കണ്ടു.
ഞാന്‍ ഉറക്കെ അമറി...
ആ കുട്ടിയെ തല്ലരുതെ എന്ന് ഞാന്‍ ഉറക്കെ പറഞ്ഞു ...
എന്റ്റെ അമറല്‍ കേട്ടു ആ കുട്ടി തിരിഞ്ഞു നോക്കി .ആ കുട്ടിയുടെ മുഖത്തെ നിഷ്കളങ്കത ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു ....
താന്‍ ചെയ്ത തെറ്റ് എന്തെന്നു പോലും അവള്‍ക്കു മനസ്സിലായിട്ടില്ല ..
അന്ന് ഞാന്‍ കൂട്ടില്‍ പോയി ഒരുപാട് ചിന്തിച്ചു .
"നീളന്‍ മുടിക്കാരി ചെയ്ത തെറ്റ് എന്ത് ..?
വെളുത്ത കുട്ടിയെ ആരും ഒന്നും പറഞ്ഞില്ല ...
കുറ്റം നീളന്‍ മുടിക്കാരിക്ക്..
അവള്‍ കടലാസ് കീറി കളഞ്ഞത് കൊണ്ടാണോ ..?"
പിന്നീടു ഞാന്‍ അവരെ കണ്ടിട്ടില്ല ..
വര്‍ഷങ്ങള്‍ക്ക് ശേഷം ആ കുട്ടിയെ ഞാന്‍ കണ്ടു ...
അവള്‍ വളര്‍ന്നിരിക്കുന്നു .അന്ന് അവളെ അടിച്ച സ്ത്രീയും കൂടെ ഉണ്ട് .
ഞാന്‍ നോക്കുമ്പോള്‍ അവര്‍ സംസാരിക്കുകയായിരുന്നു .
അവള്‍ ചോദിക്കുകയാണ് .
" അമ്മേ ..എന്തിനാണ് എല്ലാവരും ആ വെള്ളപശുവിന്റ്റെ കാര്യത്തില്‍ എന്നെ കുറ്റക്കാരിയാക്കിയത്..?
എന്തിനാണ് അമ്മ എന്നെ തല്ലിയത്..."?
അവള്‍ കടലാസ് കീറി കളഞ്ഞ ചരിത്രവും പറയുന്നതു കേട്ടു .
അമ്മയുടെ കണ്ണുകള്‍ ഈറനണിയുന്നതും മകളെ ചേര്‍ത്തു പിടിക്കുന്നതും ഞാന്‍ കണ്ടു .
അമ്മ പറയുകയാണ്‌ ..
" മോളെ ..വീട്ടിലാരോ പറഞ്ഞു ..നിങ്ങള്‍ തുണിയില്ലാതെയാണ് ആറ്റില്‍ കുളിക്കുന്നത് എന്ന്‍..."
"തുണിയില്ലാതെയോ...?" അവള്‍ ചോദിച്ചു .
എന്തൊരു ആരോപണം ..
അവള്‍ തുടര്‍ന്ന് ചോദിച്ചു .
"ആരെങ്കിലും കണ്ടിട്ടുണ്ടോ ഞങ്ങള്‍ തുണിയില്ലാതെ ആറ്റില്‍ കുളിക്കുന്നത് ..?
"ഇല്ല .." അമ്മ പറഞ്ഞു .
അവള്‍ ഒന്നും പറഞ്ഞില്ല .
ഞാനും ചിന്തിച്ചു .
"തുണിയില്ലാതെ അവര്‍ ആറ്റില്‍ കുളിക്കുന്നത് ഞാനും കണ്ടിട്ടില്ല .."
ഞാന്‍ ഉറക്കെ അമറി .
മനുഷ്യ വര്‍ഗ്ഗത്തോടുള്ള എന്റ്റെ വര്‍ഗ്ഗത്തിന്റ്റെ പ്രതിഷേധമായിരുന്നു അത് .
അന്നും അവള്‍ തിരിഞ്ഞു നോക്കി .
ഒരു പശുവായി ജനിച്ചതില്‍ ആദ്യമായ് ഞാന്‍ സന്തോഷിച്ചു .
നീതികേടിനും നന്ദിയില്ലായ്മയ്ക്കും അസൂയയ്ക്കും പാത്രമാകേണ്ടി വരികയില്ലല്ലോ ...
പക്ഷെ ഒരു കാര്യം എന്നെ വീണ്ടും ദുഖത്തിലാഴ്ത്തി .
വെള്ളപശുവിന്റ്റെ പേര് മോശമാക്കിയല്ലോ ....
" ഞാന്‍ തെറ്റ് ചെയ്തിട്ടില്ല ..
നീളന്‍ മുടിക്കാരിയും ...
പിന്നെ തെറ്റ് ചെയ്തത് ആര്‍ ...
നീളന്‍ മുടിക്കാരിക്ക് അറിയാമായിരിക്കും ....
ചോദിക്കാം ..."
ഞാന്‍ വീണ്ടും അമറി .
പക്ഷെ ഇത്തവണ അവള്‍ തിരിഞ്ഞു നോക്കിയില്ല .
" എന്റ്റെ ഭാഷ അവള്‍ക്ക് വശമില്ലല്ലോ ....."
നന്ദിനി

8 comments:

  1. പക്ഷെ ഇത്തവണ അവള്‍ തിരിഞ്ഞു നോക്കിയില്ല .
    " എന്റ്റെ ഭാഷ അവള്‍ക്ക് വശമില്ലല്ലോ ....."

    nannayi.. alpam koodi specific akuka

    ReplyDelete
  2. എന്തിനാണ് നന്ദിനി ഇങ്ങനെ ഒരു കഥ എഴുതിയത്...?

    ReplyDelete
  3. സേതുലക്ഷ്മി @...ജീവിതം ഒരു കഥയല്ലേ...

    ചെറു ബാല്യത്തെ പഴിക്കുമ്പോള്‍ അതൊരു നൊമ്പരപൂവായി മാറുന്നില്ലെ...?

    ആരും അത് ശ്രദ്ധിക്കാറില്ല ...

    കുഞ്ഞുങ്ങളുടെ മനസ്സ് ആരും കാണാറില്ല ...

    അങ്ങനെ ഒരു കഥ പിറന്നു ...സ്വാഗതം


    കലി..@.. തീര്‍ച്ചയായും ശ്രദ്ധിക്കാം ...സ്വാഗതം

    ReplyDelete
  4. ബാല്യത്തിന് കൂച്ചുവിലങ്ങിടുന്നതും, കാര്യമറിയാതെ പഴിക്കുന്നതും, ചിലകാര്യങ്ങളില്‍ അനാവശ്യ വിലക്കേര്‍പ്പെടുത്തുന്നതും അവരെ കൌമാരത്തില്‍ തെറ്റുചെയ്യാന്‍ പ്രേരിപ്പിക്കും. പലകാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കിക്കോടുക്കാന്‍ ഇക്കാലത്ത് പോലും പലമാതാപിതാകളും ശ്രമിക്കാറില്ല.

    ReplyDelete
  5. ഹൃദയ സ്പര്‍ശിയായ കഥ നന്നായിടുണ്ട് .......... യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ കഥ യാണോ ?...നന്നായിടുണ്ട് ആശംസകള്‍

    ReplyDelete
  6. നന്നായിരിക്കുന്നു’ചിലപ്പോൾ രണ്ടോ അതിൽ കൂടുതൽ വായന വേണ്ടി വന്നേക്കും നന്ദിനി ഉദ്ദേശിച്ച രീതിയിലേയ്ക്ക് വായനക്കാർ എത്തിപെടാൻ.......

    കഥയുടേ പ്രമേയം വ്യത്യസ്തം......നന്നായിരികുന്നു....

    ReplyDelete
  7. പശുക്കളുടെ ദേവത തന്നെയാണല്ലോ നന്ദിനി അല്ലേ

    ReplyDelete
  8. മനോജ്‌ ---നന്ദി എന്റെ എളിയ കഥ ഉള്കൊണ്ടതിനു..വീണ്ടും കാണാം

    മഹറൂഫ് പാട്ടില്ലത്ത്---ഒരുപാട് നന്ദി .അങ്ങനെയും പറയാം എന്ന് ഞാന്‍ പറയണോ ..ഹ ഹ ...ഒത്തിരി സന്തോഷം

    ജാനകി ---ഇവിടെ വന്നല്ലോ ..സന്തോഷം ..ഇനിയും വരണം ..സ്വാഗതം
    മുരളീമുകുന്ദന്‍-അങ്ങനെയു0 പറയാം. സ്വാഗതം

    ReplyDelete