സ്പന്ദനം
"മടുത്തു ..
അവിടെയും ഇവിടെയും പറഞ്ഞു നടന്ന് എത്ര കാലം ഇങ്ങനെ കഴിയും ..."
നാരദമുനി കഴുത്ത് ഒന്ന് ചെരിച്ച് തന്റെ വീണയെടുത്ത് മുന്നിലുള്ള പാറയിൽ വച്ചു .
തൊട്ടടുത്തായി ഒരു പരന്ന കല്ലിൽ അദ്ദേഹമിരുന്നു .
തണുത്ത കാറ്റ് ഹിമാലയനിരകളിൽ തഴുകി കൈലാസസാനുക്കളിൽ മുത്തമിട്ട് മനസസരോവരത്തിൽ
കുഞ്ഞോളങ്ങൾ തീർക്കുന്നു .
നാരദർ പതുക്കെ എഴുന്നേറ്റു .
ഇടതു കൈയ്യുടെ ഒരംശമായി കരുതിയ നാരായണമന്ത്രതാളമുതിർക്കാൻ തീർത്ത തടിക്കക്ഷണങ്ങൾ
ഊർന്നു വീണ് വീണയുടെ അരികിൽ സ്ഥാനം പിടിച്ചു .
' തത്കാലം അതവിടിരിക്കട്ടെ ...'
' ഒന്നു കുളിച്ച് എല്ലാത്തിനും ഒരറുതി വരുത്താം ...'
അദ്ദേഹം വെള്ളത്തിലേയ്ക്കിറങ്ങി ..
മുങ്ങി നിവർന്നു ....
കൈലാസ പർവ്വതത്തിൽ നിന്നും വീശിയ കുളിർതെന്നലിൽ ശിവസ്പർശനം നുകർന്ന മാത്രയിൽ
അദ്ദേഹം ധ്യാനനിമഗ്നനായി.
"ടോങ്ങ് ..."
നാരദർ ഞെട്ടിയുണർന്നു തിരിഞ്ഞു നോക്കി .
വീണ പാറയുടെ താഴെ കിടക്കുന്നു ..
തടിക്കക്ഷണങ്ങൾ കാണാനില്ല .....
' ഇതെന്തു മറിമായം ..'
അദ്ദേഹം വേഗം കരയ്ക്ക് കയറി ചുറ്റും കണ്ണോടിച്ചു .
ദൂരെ..ഒരു തുണിയുടെ തുമ്പ് വളവിൽ മറയുന്നു .
"നില്ക്കവിടെ .."
ശീഘ്രം വീണയുമെടുത്ത് നാരദർ പുറകെ ഓടി .
വളവിലെത്തിയ അദ്ദേഹം നാലുപാടും നോക്കി .
ഇടതൂർന്ന ഇലകളിൽ താളം പിടിച്ച കാറ്റ് തലയാട്ടി മറ്റൊരു മരത്തിലേയ്ക്ക് ചേക്കേറുന്നു .
ഒരു നിമിഷം ...
നാരദർ കണ്ണുകൾ ഇറുക്കിയടച്ചു .
ചൂഴ്ന്നു ചിന്തിച്ച അദ്ദേഹം തടിക്കക്ഷണങ്ങൾ തിരഞ്ഞു .
' പിടികിട്ടുന്നില്ല...' അവയുടെ ഉത്പത്തി പോലും നാരദമനസ്സിൽ തെളിയുന്നില്ല.
നാരായണനാമജപത്തിന് ചുക്കാൻ പിടിച്ച കരങ്ങൾ ശൂന്യമായിരിക്കുന്നു.
' പോയത് പോട്ടെ ..മറ്റൊന്നുണ്ടാക്കാം..പക്ഷെ വർഷങ്ങളുടെ വഴക്കവും മിനുസവും എങ്ങനെ
കൈവരുത്തും ....'
നാരദർ പറ്റിയ തടി തേടി യാത്രയായി .
സ്വർഗ്ഗപാതാളഭൂലോകം ദീർഘശ്വാസം വിട്ടു .
പരദൂഷണതടവറയിൽ നിന്നും ഒരു മോചനം .
നാരദർക്ക് അപ്രാപ്യം എന്നു മുദ്രകുത്തപ്പെട്ട വ്യവസ്ഥിതിയിൽ ചെറിയ വ്യതിയാനം .
മൂന്നു ലോകങ്ങളിലും അതാത് ഭരണകർത്താക്കൾ, സമയോചിത ചിന്തയിലും പ്രവർത്തിയിലുമൂന്നിയ
പരിഷ്കാരങ്ങളിൽ പലതും ഫലം കണ്ടു തുടങ്ങി .ഭ്രമിത വികാരങ്ങൾ പരിഷ്കാര വാഞ്ചയിൽ പടർന്നു പന്തലിച്ചു. കൂപമണ്ഡൂക ധ്വനികൾ മനസ്സുകൾ കീഴ്പ്പെടുത്തി .
പാതാളലോകാധിപൻ സ്വർഗ്ഗലോകാക്രമണം എന്ന ചിന്ത തന്നെ പാടെ ഉപേക്ഷിച്ചു ..
തന്മൂലം ദേവേന്ദ്രൻ അപ്സരനൃത്തങ്ങളിൽ മുഴുകി സമയം തള്ളി നീക്കി .
ആഴിയുടെ താളത്തിലാറാടി അനന്തതല്പത്തിൽവിഷ്ണുഭഗവാൻ മയങ്ങി തുടങ്ങി . സദാ ചാരത്തിരിക്കുന്ന ലക്ഷ്മീദേവിയുടെ മിഴികൾ ചില നേരങ്ങളിൽ നിദ്രാദേവി കീഴ്പ്പെടുത്തികൊണ്ടുമിരുന്നു .
കൈലാസപർവ്വതത്തിൽ ശിവപാർവ്വതിമാർ ഒതുങ്ങിക്കൂടി ...
ബ്രഹ്മദേവൻ മൂന്നു തലകളും ശക്തിയായി കുടഞ്ഞു .
ഇത്തിൾകണ്ണി പോലെ മൂന്നു ലോകങ്ങളെയും ബാധിക്കുന്ന മന്ദതയിൽ അദ്ദേഹം ആകുലചിത്തനായി .
" നാരദർ ഇല്ലാതെ ലോകങ്ങൾ തമ്മിൽ എങ്ങനെ സമ്പർക്കസാധ്യത ഉളവാകും ...?
നാരദ തടവറ മുതലാക്കി ലോകാധിപർ എങ്ങനെ ഉദ്ദിഷ്ടകാര്യ പരിസമാപ്തി
കൈവരിക്കും ...?
തടിക്കഷണങ്ങൾ കണ്ടുപിടിക്കുക തന്നെ ...."
അദ്ദേഹം ധ്യാനനിമഗ്നനായി .
മനോമുകുളത്തിൽ മാനസസരോവരവും മുങ്ങി നിവരുന്ന നാരദരും തെളിഞ്ഞു .
" ടോങ്ങ് ..."
വീണ പാറയിൽ നിന്നും വീണിരിക്കുന്നു .തലയിൽ മയിൽപീലി ചൂടിയ ഒരു കുട്ടി തടിക്കക്ഷണങ്ങളുമായി ഓടുന്നു . വളവിലെത്തിയതും അവൻ ഒന്നു തിരിഞ്ഞു നോക്കി... ഇടത്തേയറ്റത്തുള്ള മരത്തിലേയ്ക്ക് സമർത്ഥമായി ചാടിക്കയറി മരപ്പൊത്തിൽ തടിക്കക്ഷണങ്ങൾ ഒളിപ്പിക്കുന്നു .
പിന്നീട് ..
ഇലച്ചാർത്തിൽ താളം പിടിച്ച ഇളംകാറ്റിനോട് കിന്നാരം ചൊല്ലി തായ്തടിയോട് ചേർന്നിരുന്ന്
നാരദപരാക്രമങ്ങൾ വീക്ഷിക്കുന്നു .
" എന്റെ കൃഷ്ണാ ...നീ ഇതുവരെ കുളിക്കടവിൽ നിന്നുള്ള അപഹരണം നിറുത്തിയില്ലേ ...?
എല്ലാം ലീലകളാകുമ്പോൾ ,ഈ ലീലയുടെ ഉദ്ദേശമെന്ത് ...? "
ബ്രഹ്മദേവൻ ചിതറിയ ചിന്തകൾ കൂട്ടിയോജിപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ചു .
അദ്ദേഹം കണ്ണുകൾ തുറന്നു .
നാരദമുനിയെ കാണാനില്ല .കുട്ടി നിലത്തിരിക്കുന്നു .
അവന്റെ ഇടതുപാദത്തിൽ ഒരു അമ്പ് തറച്ചിരിക്കുന്നു .
ചോര പൊടിയുന്നുമുണ്ട് .
" എന്റെ കൃഷ്ണാ ..."
ബ്രഹ്മദേവൻ നെഞ്ചത്ത് കൈ വച്ചു .
നാരദമോചനം മരപ്പൊത്തിൽ വിശ്രമിക്കുമ്പോൾ ...
മിനുസമുള്ള തടിയിലും വിരലുകൾ കടത്താനുള്ള ദ്വാരനിർമ്മാണത്തിലും നാരദർ സ്വയംകൃത തടവറയിൽ കുടുങ്ങിക്കിടന്നു.ഇതിനോടകം,ആധുനികയുഗത്തിലെ താളോപകരണങ്ങളുടെ പിൻഗാമി ,പുരാണ തടവറയുടെ പുറംവാതിൽ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു .
നന്ദിനി വർഗീസ്