Wednesday, 13 November 2013

അലങ്കാരം ഈ അനാഥത്വം

സ്പന്ദനം 

മനു മുറ്റത്ത് കളിക്കുന്നു .
അവൻ മണ്ണപ്പം ചുട്ടു .
മുല്ലപ്പൂവിറുത്ത്   ചോറും ചെത്തിപ്പൂ അരച്ച് ചമ്മന്തിയും  ഒരിലയിൽ വിളമ്പി 
മണ്ണപ്പം മറ്റൊരിലയിൽ  മാറ്റി വച്ചു .
'ഇത് ആന്റ്റി യുടെ വയറ്റിലുള്ള വാവയ്ക്ക് .'.
 മനോഗതം ഉച്ചത്തിലായിരുന്നു ..
'ഓഹോ ..'
പുറകിൽ നിന്നും  സ്വരം ..
അങ്കിളാണ് ....
അദ്ദേഹം മനുവിനെ വാരിയെടുത്തു തൊടിയിലേയ്ക്കിറങ്ങി .
കപ്പക്കാലയുടെ അരികിലുള്ള ചെറു നീരൊഴുക്കുകടന്ന് നാട്ടുമാവിൻ ചുവട്ടിലേയ്ക്ക് നടന്നു .


'മനൂ .....മോനേ ....  ഇങ്ങു വാ...ചോറു വിളമ്പി .."
സാരിത്തലപ്പിൽ കൈ തുടച്ച് നയന മനുവിനെ ഉറക്കെ  വിളിച്ചു.
മാത്യൂസിനൊപ്പം കൊട്ടാമ്പുറത്തുണ്ണിയായി എത്തുമ്പോൾ മനുവിന്റ്റെ കണ്ണുകളിൽ നയനയുടെ 
ചില ഭാവങ്ങൾ പ്രതിഫലിച്ചിരുന്നു ..

ഊണുമേശയ്ക്ക് മുകളിൽ അവനെ ഇരുത്തി ചോറ് വാരി കൊടുക്കുമ്പോൾ നയനയുടെ കണ്ണുകൾ മനുവിന്റ്റെ  കൈവിരലുകളിലുടക്കി ..  .
ചെത്തി വിട്ട പോലെയുള്ള ആകൃതി ... വീതിയുള്ള നഖങ്ങൾ ..
മാത്യൂസിന്റ്റെ വിരലുകൾ പോലെ ..
നയനയുടെ ചിന്തകൾ കാറ്റത്ത് ആഞ്ഞടഞ്ഞ ജനാലയിൽ ഒന്നു പതറി ...

'ആന്റ്റി ... മതി ..'
മനുവിന്റ്റെ ചിണുങ്ങൽ .

അവനെ  ഒക്കത്തിരുത്തി നെറുകയിൽ ഒരു മുത്തവും നല്കി , ഉച്ച മയക്കത്തിനായി കിടപ്പുമുറിയിലേയ്ക്ക് പോകുമ്പോൾ ..
നയനയുടെ ചുണ്ടിലൂടൊഴുകിയെത്തിയ  'അമ്മയ്ക്ക് നീ തേനല്ലേ ....ആയിരവല്ലി പൂവല്ലേ ..'എന്ന് കേട്ടതും ....
മനുവിന്റ്റെ കുഞ്ഞു കൈകൾ കഴുത്തിൽ  മുറുക്കെ ഒന്നമർന്നത് അവൾ അറിഞ്ഞിരുന്നു .

മനു ഉറങ്ങി ..പതുക്കെ മെത്തയിൽ അവനെ കിടത്തി ആ കുഞ്ഞു മുഖത്തേയ്ക്ക് നോക്കി അവളിരുന്നു .

കോളിംഗ് ബെൽ മുഴങ്ങി ..
വാതിൽ തുറക്കുന്ന ശബ്ദം ..കൂട്ടത്തിൽ  മാത്യൂസിന്റ്റെ ഒരു പൊട്ടിച്ചിരിയും ..

നയന കതക് പതുക്കെ ചാരി സ്വീകരണ മുറിയിലേയ്ക്ക് ചെന്നു. 
അവൾ വിശ്വസിക്കാൻ പാടുപെട്ടു ..
സുമ ..
പാടവരമ്പിലൂടെ ഒരുമിച്ചുള്ള പള്ളിക്കൂട യാത്രയും ..
പരീക്ഷാ ദിവസങ്ങളിൽ ഒന്നിച്ച് ചെളിയിലേയ്ക്കുള്ള വീഴ്ചയും ..
സന്തോഷിച്ച്   വീട്ടിലേയ്ക്കുള്ള തിരിച്ചു പോക്കും ..ഒരു മിന്നായം പോലെ നയനയുടെ മുന്നിൽ തെളിഞ്ഞു .

അവളുടെ  കണ്ണുകൾ നിറഞ്ഞു..
'സുമ ..എത്ര നാളായി നിന്നെ കണ്ടിട്ട് ..'   
നയന ഓടിച്ചെന്നു ...

സുമയുടെ കൂടെ ഭർത്താവുമുണ്ട് ...
"സോമേട്ടാ ..സുഖമല്ലേ .."  .            
നയനയുടെ സ്നേഹാന്വേഷണം ...

'മനുകുട്ടനെന്തിയേ ...?'
സുമ നയനയുടെ കൈ പിടിച്ചു ..
അവൾ തന്റെ പ്രിയ കൂട്ടുകാരിയെയും കൂട്ടി  മുറിയിലേയ്ക്ക് നടന്നു .

മാത്യൂസ് ആ പോക്ക് ഒന്നു  നോക്കി ...
നയനയ്ക്ക്ല്    ബാല്യകാല സുഹൃത്തിന്റ്റെ സഹായം അത്യാവശ്യമായപ്പോൾ  നാട്ടിലേയ്ക്ക് താൻ യാത്രയായതും ..
കേട്ടുകേൾവി മാത്രമുള്ള  മറ്റൊരു നാട്ടിലേയ്ക്ക് പറിച്ചു നട്ട ആ കുടുംബത്തിനെ കുറിച്ച് ഒന്നുമറിയാതെ അലഞ്ഞതും ...
ഒടുവിൽ...
കവലയിൽ      ആൽചോട്ടിൽ വച്ച് കണ്ടു മുട്ടിയ ഒരു വയസ്സൻ  പുതിയ മേൽവിലാസം തരപ്പെടുത്തി തന്നതും ..
അങ്ങനെ സുമയുടെ വീട്ടിലെത്തിയതും  സോമനെയും കുട്ടികളെയും കണ്ടതുമെല്ലാം മാത്യൂസിന്റ്റെ മനസ്സിൽ ഓടിയെത്തി ..

"മനുവിന്  എന്തുണ്ട് വിശേഷം ...സുഖമായിരിക്കുന്നോ ..."
സോമന്റ്റെ ചോദ്യം ചിന്തകൾക്ക് വിലങ്ങു തടിയായി ...
"സുഖം ..."
മാത്യൂസ് മറ്റു വിഷയങ്ങളിലേയ്ക്ക് കടന്നു ..

"ചായ ..."
നയന ചായയുമായ് വന്നിരിക്കുന്നു ..
 'സുമയെവിടെ ..?'
മാത്യൂസ് ചോദിച്ചു 

'അവൾ  മനുവിന്റ്റെ അരികിലാണ്'
മറുപടി ഒരു വരിയിലൊതുക്കി നയന സുമയുടെ അടുത്തെത്തി .

സുമ മനുവിന്റ്റെ   മുഖത്തേയ്ക്ക് ഇമ വെട്ടാതെ നോക്കിയിരിക്കുന്നു 
' എന്താ സുമേ ..."
അവൾ നയനയെ നോക്കി ..
" ഒരു കൊല്ലം ഇവൻ എന്റെ അടുത്തായിരുന്നല്ലോ .. കണ്ടു കൊതി തീർന്നില്ല .."
ആ ഉത്തരത്തിൽ നയനയുടെ കണ്ണിൽ മിന്നി മറഞ്ഞ ഒരജ്ഞാത ഭാവം  സുമയെ അത്ഭുതപ്പെടുത്തി ..  

സംസാരം മനുവിനെ ഉണർത്തി ..
" ആന്റ്റി ...' അവൻ ചിണുങ്ങാൻ തുടങ്ങി ..
സുമ അവനെ കോരിയെടുത്തു ..
'നീ കണ്ടോ അവൻ ഇപ്പോഴും എന്നെ ഓർക്കുന്നുണ്ട് ..'
മനു കരയാൻ തുടങ്ങി .
' ആന്റ്റി,,'അവൻ കുഞ്ഞു കൈകൾ  നയനയുടെ നേരെ നീട്ടി .

സുമ ഒന്നു ഞെട്ടി ..
' ആന്റ്റിയോ .....  കുട്ടാ ..അമ്മയെന്നു വിളിക്കൂ .......'
'എനിക്ക് ആന്റ്റി മാത്രമേയുള്ളൂ ...'
മനുവിന്റ്റെ കുഞ്ഞു മറുപടിയിൽ  നയനയുടെ മുഖം വിളറി .             

 സുമ വീണ്ടും ചോദിച്ചു ...
' നയനാമ്മ കുട്ടന്റ്റെ അമ്മയല്ലേ ...'
'അല്ല ..ആന്റ്റി ...'
നിഷ്കളങ്കമായ ആ മറുപടിയിൽ സുമ തരിച്ചു നിന്നു .
മനു സുമയുടെ കൈകളിൽ നിന്നും ഊർന്നിറങ്ങി നയനയുടെ അരിക് പറ്റി നിന്നു .

നിറഞ്ഞ കണ്ണുകളോടെ കരങ്ങൾ നീട്ടി  സുമ പറഞ്ഞു .
            
''മാത്യൂസ്   നിന്റ്റെ നിർബന്ധ പ്രകാരം  കുഞ്ഞിനെ  ഈ  കൈകളിൽ  തരുമ്പോൾ ചങ്കു പൊട്ടുന്ന  സങ്കടമായിരുന്നു എനിക്ക് ...        
ഇത്രയും  ഹൃദയശൂന്യയായി പോയോ ..എന്റെ പ്രിയ കൂട്ടുകാരി   എന്നോർത്ത് ..
ഒരു കൊല്ലം കഴിഞ്ഞ് വീണ്ടും മാത്യൂസ് വന്ന് കുട്ടിയെ തിരികെ കൊണ്ടുപോകുമ്പോൾ  പറഞ്ഞു ...
എന്നെ അഭിമുഖീകരിക്കാൻ നിനക്ക് നാണക്കേടാണെന്ന് ..
എങ്കിലും ..
എനിക്ക് സന്തോഷമായിരുന്നു കുഞ്ഞിനെ നിങ്ങൾ അംഗീകരിച്ചല്ലോ എന്നോർത്ത് ....
പക്ഷെ .....ഇത് വളരെ ക്രൂരമായി പോയി ....
സ്വന്തം മാതാപിതാക്കളെയും ജനിക്കാനിരിക്കുന്ന കൂടപ്പിറപ്പിനെയും തിരിച്ചറിയാതെ വളരാൻ ഈ കുഞ്ഞ് നിന്നോട് എന്തു തെറ്റ് ചെയ്തു ....''

സുമയുടെ ചോദ്യത്തിൽ നയന തലകുനിച്ചു 
   
'' മറ്റുള്ളവരുടെ മുന്നിൽ ഞാൻ ഇതെങ്ങനെ പറയും.."
അവളുടെ ഉത്തരം ഒരു തേങ്ങലിൽ മുറിഞ്ഞു ..

സുമയ്ക്ക് കലി കയറി .  
"ദുരഭിമാനം ....
 ഒരു താലിച്ചരടിന്റ്റെ സംരക്ഷണം പോലുമില്ലാതെ മാത്യൂസിന്റ്റെ കൂടെ താമസിക്കാൻ നീ തയ്യാറായപ്പോൾ  ഈ അഭിമാനബോധം എവിടെയായിരുന്നു ...?       
നാടറിഞ്ഞു വിവാഹം നടത്തുന്നതിന് മുമ്പ് ,  കുഞ്ഞിനെ മാത്യൂസ് എന്നെ ഏൽപ്പിക്കുമ്പോൾ ..
എന്റെ പ്രിയ കൂട്ടുകാരിയുടെ കുഞ്ഞ് ...ഒരിക്കലും സങ്കടപ്പെടരുത് എന്ന് ഞാൻ ആഗ്രഹിച്ചു ...
അവനെ  രണ്ടു കൈയും നീട്ടി സ്വീകരിച്ച എന്നെ പോലും വിഡ്ഢിയാക്കി ഇപ്പോൾ നിങ്ങൾ 
ആദർശ ദമ്പതികൾ    ...                
അനാഥകുട്ടിയെ ഏറ്റെടുക്കാൻ തയ്യാറായ മഹാമനസ്കർ ..."

സുമ മുറി വിട്ടിറങ്ങി ...
സ്വീകരണമുറിയിലെത്തിയ അവളുടെ ഭാവമാറ്റത്തിൽ  മാത്യൂസ് ഒന്ന് പതറി ..
" കുഞ്ഞിനെ തിരികെ കൊണ്ടുപോകാൻ മാത്യൂസ് വന്നപ്പോൾ അനാഥൻ എന്ന പേര് പതിപ്പിക്കാനായിരുന്നു  എന്ന് ഞാൻ അറിഞ്ഞില്ല ...
വരൂ ..സോമേട്ടാ നമ്മുക്ക് പോകാം .."

സോമന്റ്റെ കൈപിടിച്ച് പടി കടക്കുമ്പോൾ നിറഞ്ഞൊഴുകിയ സുമയുടെ കണ്ണുകളിൽ ആധുനികതയുടെ അതിപ്രസരത്തിൽ അനാഥരാക്കപ്പെട്ട ഒരുപാട് കുഞ്ഞുങ്ങളെ മാതൃത്വത്തിന്റ്റെ  മഹത്വം പകർന്നു നല്കി സംരക്ഷിക്കണം എന്ന ദൃഡനിശ്ചയമുണ്ടായിരുന്നു.            
    
                                
*********************************************************************************************************

നന്ദിനി വർഗീസ്‌ 
                                     
                 
            

Sunday, 10 November 2013

പറയാൻ ബാക്കി വച്ചത്

സ്പന്ദനം 


മോഹനൻ മാന്യനായിരുന്നു .
ശ്രേയ അദ്ദേഹത്തിന്റ്റെ  കടുത്ത ആരാധികയും.
എന്നാൽ ഒരു ദുർബല നിമിഷത്തിൽ പിഴച്ചു പോയ ജീവിതത്തിന്റ്റെ ബാക്കി പത്രമായി മാറി  അയാൾ ..
മാസികയിലെ മോഹനവീക്ഷണം ഹൃദയത്തിലേറ്റു വാങ്ങി വൈകല്യധാരണകൾ ചിന്തകളിൽ
കടന്നു കൂടിയപ്പോൾ താലി ചരടിന്റ്റെ വിലയിൽ  കോടതി കൈ കടത്തിയിരുന്നു .

'ഹൊ ..ഇവളെ കൊണ്ട് സഹികെട്ടല്ലോ ദൈവമേ ...
ഓരോന്നൊക്കെ എഴുതിപ്പിടുപ്പിക്കാൻ ചിലരും ..അത് തൊണ്ട തൊടാതെ വിഴുങ്ങാൻ ഇവളും..'
അടുക്കളയിൽ അമ്മയുടെ ആത്മഗതം ലേശം ഉറക്കെ തന്നെയായിരുന്നു ...
ശ്രേയ തീരുമാനമെടുത്തു ..
'ഇനി നന്നാവാം ..'
അവൾ മുറിയിലേയ്ക്ക് പോയി .വല്ലാത്തൊരാകർഷണമായിരുന്നു ആ ബംഗ്ലാവിന് .
ദൂരെ നിന്നുള്ള വീക്ഷണക്കോണുകളിൽ തലയുയർത്തി നില്ക്കുന്ന രണ്ടു  ഗോപുരങ്ങൾ.
രണ്ടാൾ പൊക്കമുള്ള ചുറ്റുമതിൽ  കാഴ്ച്ചയെ മറയ്ക്കുമ്പോഴും തലയെടുപ്പിൽ കോട്ടം തട്ടാത്ത
പുറംവാതിലും അതിൽ കൊത്തിവച്ച തലയുടെ നാക്കു നീട്ടിയ നേർക്കാഴ്ചയും  നാട്ടുകാരിൽ കൗതുകമുണർത്തിയിരുന്നു. രാവേറെ ചെല്ലുമ്പോഴുള്ള വവ്വാലുകളുടെ വലംവയ്ക്കലിൽ തെളിയാറുള്ള ഗോപുരക്കണ്ണുകൾ ഒരു രക്ഷസ്സിന്റ്റെ ആഗമനം വിളിച്ചറിയിക്കുന്നു എന്ന പഴമക്കാരുടെ വാദങ്ങളിൽ, ചുടുചോരയുടെ ഗന്ധം കലർന്നിരുന്നു .

തടിക്കച്ചവടക്കാരൻ പീറ്റർ ഒന്നു തലചൊറിഞ്ഞു .
ജനാലയിലൂടെ ഇമവെട്ടാതെ അയാൾ ആ ഗോപുരങ്ങളിലേയ്ക്ക് നോക്കിയിരുന്നു .
ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന കുന്നിന്റ്റെ താഴ്വാരത്തായിരുന്നു പീറ്ററിന്റ്റെ ഭവനം .
കൂട്ടിന് ഒരു ലോറി മാത്രം ..
ഏകാന്ത വാസം ഇഷ്ടപ്പെടുന്ന ഒരു വിചിത്ര മനുഷ്യൻ ..
രാവിലെ ലോറിയുമായി കൂപ്പിലെത്തുകയും   വൈകുന്നേരം  ആറ്റിൽ ഒരു കുളിയും കഴിഞ്ഞ് ലോറിയും കഴുകി വീട്ടിലെത്തുന്ന സ്ഥിരം പതിവിനുടമ .
അന്ന് പീറ്റർ അസ്വസ്ഥനായിരുന്നു ..
ആറ്റിൽ വെള്ളം പേരിനു മാത്രം ..
പാലത്തിനു താഴെയുള്ള മണ്‍റോഡിലൂടെ ഉരുളൻ കല്ലുകൾ നിറഞ്ഞ ചെറുവെള്ളത്തിലേയ്ക്കിറങ്ങുമ്പോൾ അയാളുടെ കണ്ണുകൾ മരങ്ങൾക്കിടയിൽ
ഉയർന്നു നിന്നിരുന്ന ഗോപുരക്കണ്ണുകളിൽ ഉടക്കി ...
പതിവില്ലാത്ത ഒരു ആകാംഷ പീറ്ററിൽ കുടിയേറി .
വേഗത്തിൽ പണി  അവസാനിപ്പിച്ച്  മടങ്ങുമ്പോൾ  ആ യാത്രയോടുള്ള പ്രതിഷേധമെന്നവണ്ണം 
ലോറി ഒന്നു  ചുമച്ചു കുലുങ്ങി .പാലം കടന്ന് മരങ്ങൾക്കിടയിലൂടെ കുന്നു കയറുമ്പോഴും 
ആ ചുമ തുടർന്നുകൊണ്ടിരുന്നു.
ബംഗ്ലാവിന്റ്റെ ചുറ്റുമതിലിനോടു ചേർന്നുള്ള പുറം വാതിലിനു മുന്നിൽ ലോറി നിശ്ചലമായി .

നാക്കുനീട്ടിയ തലയിലെ കണ്ണുകൾ ഒന്നു ചിമ്മിയോ ....
'ഏയ് .....ഓരോ തോന്നലുകൾ ...'   
പീറ്റർ ചാടിയിറങ്ങി ...വാതിലിൽ ആഞ്ഞു തള്ളി .
തലയുമായി ഒരു മുരളലോടെ വാതിൽ അകത്തേയ്ക്ക് തുറന്നു .
വിശാലമായ മുറ്റം ഒരു  വനം പോലെ തോന്നിച്ചു .
കാടുകൾ വകഞ്ഞു മാറ്റിയ പീറ്ററിനെ,  സമ്മിശ്ര ഗന്ധങ്ങളുടെ അകമ്പടിയോടെ  ചെറുകാറ്റ്
ഒന്നു തലോടി .


പീറ്റർ അകവാതിലിനടുത്തെത്തി...
അരികിലായി ഒരു  മണി  ..
ദ്രവിച്ച കയറും പേരറിയാത്ത മറ്റു പലതും കൊണ്ട് നിലം മൂടിയിരിക്കുന്നു .
  
പെരുവിരലിൽ കുത്തിയുയർന്ന്  കൈയ്യുയർത്തി മണിയിൽ ഒന്നു തട്ടി ..
ആ മുഴക്കത്തിനൊപ്പം അകത്തളത്തിലെവിടെയോ മറ്റൊരു ശബ്ദം ഉയർന്നുവോ ...
പീറ്റർ ചെവി വട്ടം  പിടിച്ചു .
ആരും വന്നില്ല ...
വാതിലിൽ  തട്ടി അയാൾ ഉറക്കെ വിളിച്ചു ..
" ഇവിടാരുമില്ലേ ..."
  ഞാൻ പീറ്റർ ..ഒന്നു പരിചയപ്പെടാൻ വന്നതാണ് ..വാതിൽ തുറക്കൂ ..."

വാതിൽ തുറന്നില്ല .
എന്നാൽ....അതിനു മറുപടിയെന്നവണ്ണം  ഗോപുരക്കണ്ണുകൾ ഒന്നു തെളിഞ്ഞു മങ്ങി ..
അസ്തമയസൂര്യനെ സാക്ഷിയാക്കി നേർരേഖയിൽ മിന്നി മറഞ്ഞ ഒരു പ്രകാശം ലോറിയുടെ ചില്ലിൽ തട്ടി പ്രതിഫലിച്ചു .

പീറ്റർ തിരിഞ്ഞു നടന്നു ..
' ആൾ പാർപ്പില്ലാത്ത വീടുകളെ ചുറ്റിപ്പറ്റിയുള്ള ഓരോ തെറ്റിദ്ധാരണകൾ ...'
അയാൾ പിറുപിറുത്തു ..
ലോറിയുമായി   മടങ്ങുമ്പോൾ വീശിയടിച്ച ശക്തമായ കാറ്റിൽ തുറന്നു കിടന്ന പുറംവാതിൽ വീണ്ടും മുരണ്ടു ...നാക്കു നീട്ടിയ തല യഥാസ്ഥാനം നിലയുറപ്പിച്ചു .

ഗോപുരത്തിൽ ഒരു രൂപം ചോരപുരണ്ട മോണകാട്ടി ഒന്നിളിച്ചു ...
' പരിചയപ്പെടാം ...' 
അത് അപ്രത്യക്ഷമായി ..

പീറ്റർ ലോറി ഒതുക്കി വീട്ടിലേയ്ക്ക് കയറുമ്പോൾ മൂവാണ്ടൻ മാവിൽ തലകീഴായി തൂങ്ങിക്കിടന്ന
വവ്വാൽ അന്ധകാരത്തിലേയ്ക്ക് കണ്‍ചിമ്മി ആ കിടപ്പ് തുടർന്നു ..

ഒരു ചൂടു ചായയിട്ട്  ചുണ്ടോടടുപ്പിച്ചതും ലോറിയുടെ ഹോണ്‍ മുഴങ്ങി ..
' ഇതെന്തു മറിമായം ..'
ചായ മേശപ്പുറത്തു  വച്ച് പീറ്റർ ഓടിയിറങ്ങി ലോറിയ്ക്കരികിലെത്തി ..
അയാൾ നാലുപാടും നോക്കി .
'  ആരുമില്ല....തോന്നിയതാവാം  '
തൂങ്ങിക്കിടന്ന വവ്വാലിനു നേരെ ഒരു കല്ലെടുത്തെറിഞ്ഞ് ഭയം മറയ്ക്കുമ്പോൾ ചായ കപ്പിൽ പടരുന്ന  രക്തഗന്ധം അയാൾ അറിഞ്ഞിരുന്നില്ല ................


കട്ടിലിൽ കമിഴ്ന്നു കിടന്നുറങ്ങുന്നു ശ്രേയ ..
പടർത്തിയിട്ട മുടി തലയിണ മറയ്ക്കുന്നു .
വായിച്ചു പകുതിയാക്കിയ  പുസ്തകം തുറന്ന പടി തന്നെ അരികിലുണ്ട് .
' ഓരോന്നിന്റ്റെ സ്വഭാവം ....
തല്ലി നന്നാക്കാവുന്ന  പ്രായം അല്ലല്ലോ ..ഇന്നാടി ചായ ....'
അമ്മ അവളെ കുലുക്കി വിളിച്ചു .
മുഖം ചെരിച്ച് മുടികൾക്കിടയിലൂടെ ഒന്നു നോക്കി അവൾ ഞെരങ്ങി ..
'ചായ കുടിക്കെടി ..'
ശ്രേയ ചാടി എഴുന്നേറ്റു .
അമ്മയുടെ കൈയ്യിൽ  നിന്നും   ചായ പിടിച്ചുവാങ്ങി  അവൾ മണത്തു നോക്കി ...

'നിനക്കെന്തു പറ്റി ...'
തുറന്നിരുന്ന പുസ്തകത്തിലെ ചായയുടെ രക്തഗന്ധ വരികളിൽ അമ്മയുടെ കണ്ണുടക്കി .

'ഓരോന്നു മേടിച്ചു വായിക്കും ഒന്നു വിലക്കിയപ്പോൾ മറ്റൊന്ന് ....നീ ചായ കുടിക്കണ്ട ...' കലികയറിയ  അമ്മ ചായക്കപ്പ് പിടിച്ചു  വാങ്ങി  അടുക്കളയിലേയ്ക്ക് നടന്നു .


" അമ്മേ .."
ശ്രേയ പുറകേ ഓടിയെത്തി .

" നിനക്കിത്രയും പ്രായമായില്ലേടി ...തെറ്റായ ധാരണകൾ കടന്നു കയറിയാൽ അതു നിന്റ്റെ മനസ്സിനെ ബാധിക്കും ...നീ ഓർത്തോ..."
അമ്മ കൈ ചൂണ്ടി പറഞ്ഞു .
ശ്രേയയുടെ കണ്ണുകൾ നിറഞ്ഞു ...
"ഇല്ലമ്മേ ഞാൻ ഇനി ഇങ്ങനെയൊന്നും ചിന്തിക്കില്ല ...
 ഇന്നു മുതൽ ഇതെല്ലാം ഞാൻ ഒഴിവാക്കാം ...
 മേലാൽ ഞാൻ  പത്രം മാത്രമേ  വായിക്കൂ ..." 

ഞെട്ടിത്തിരിഞ്ഞ അമ്മയുടെ മറുപടി പെട്ടെന്നായിരുന്നു .
" വേണ്ട പത്രം വായിക്കണ്ട .."
 നീ ഇതു കുടിക്ക് ...പിന്നെ ...ആ പീറ്റെറിന്റ്റെ കാര്യം എന്തായി ..?  
മകളുടെ ഞെട്ടൽ കണ്ടില്ലെന്നു നടിച്ച് അമ്മ ചായ അവളുടെ കൈയ്യിൽ കൊടുത്തു .


ശ്രേയ ആ ചോദ്യത്തിനുത്തരം വരികളിൽ ചികയുമ്പോൾ അമ്മ അങ്കലാപ്പിലായിരുന്നു .
' ആർക്കും എപ്പോൾ വേണമെങ്കിലും കടന്നുകയറാനും നിറയൊഴിക്കുവാനും സാധിക്കുന്നുവെന്ന അതിർത്തി വാർത്തകൾ ....
തല നരച്ച സ്വയം പ്രഖ്യാപിത ദൈവങ്ങൾ വിലസുന്ന ആശ്രമങ്ങളും  ..
ആണവചോർച്ച അയലത്തു നടക്കുമ്പോൾ നാട്ടുകാരുടെ എതിർപ്പ് അവഗണിച്ച് 
ആണവനിലയം പ്രവർത്തനങ്ങൾ തുടരുന്നതും ...
ജനത്തിനു നേരേ രാസായുധം ഉപയോഗിച്ചെന്ന കണ്ടെത്തലുകളും ...
അതിനെതിരെ   ലോകപോലീസ് ചാട്ടവാറെടുത്തതും...
അവരുടെ മേക്കിട്ട് കേറാൻ പടക്കപ്പലുകൾ നിരത്തുന്നതും ...
തമ്മിൽ തല്ലും കൂട്ട തല്ലും ...കൊലപാതകവും ...
പീഡനവും ..

ഈശ്വരാ ...

ഇതൊക്ക വായിച്ചു അവൾ  എന്തൊക്കെ ധാരണകൾ പടച്ചുണ്ടാക്കും ....'

നെറ്റിയിലെ വിയർപ്പ് സാരിത്തലപ്പു കൊണ്ട് തുടച്ച് നരച്ച മുടി ഒന്നു ചുറ്റിക്കെട്ടി നാഴിയരി കഴുകി അടുപ്പത്തിടുമ്പോൾ അമ്മയുടെ നെറ്റി ചുളിഞ്ഞു ..

" അതോ ..ഇതെല്ലാം അവളെക്കുറിച്ചുള്ള എന്റെ തെറ്റിദ്ധാരണകളോ ...."
നന്ദിനി വർഗീസ്‌               
              


 
  
 
                               
 

Sunday, 14 July 2013

ലീലാത്മകമാം തടവറകൾ

 സ്പന്ദനം 

"മടുത്തു ..
അവിടെയും ഇവിടെയും പറഞ്ഞു നടന്ന് എത്ര കാലം ഇങ്ങനെ കഴിയും ..."
നാരദമുനി കഴുത്ത് ഒന്ന് ചെരിച്ച്  തന്റെ വീണയെടുത്ത്  മുന്നിലുള്ള  പാറയിൽ വച്ചു .
തൊട്ടടുത്തായി ഒരു പരന്ന കല്ലിൽ അദ്ദേഹമിരുന്നു .

തണുത്ത കാറ്റ് ഹിമാലയനിരകളിൽ തഴുകി കൈലാസസാനുക്കളിൽ മുത്തമിട്ട്‌ മനസസരോവരത്തിൽ 
കുഞ്ഞോളങ്ങൾ തീർക്കുന്നു .    

നാരദർ പതുക്കെ എഴുന്നേറ്റു .
ഇടതു കൈയ്യുടെ ഒരംശമായി കരുതിയ നാരായണമന്ത്രതാളമുതിർക്കാൻ തീർത്ത തടിക്കക്ഷണങ്ങൾ 
ഊർന്നു വീണ് വീണയുടെ അരികിൽ സ്ഥാനം പിടിച്ചു .

' തത്കാലം അതവിടിരിക്കട്ടെ ...'
' ഒന്നു കുളിച്ച് എല്ലാത്തിനും ഒരറുതി വരുത്താം ...'

അദ്ദേഹം വെള്ളത്തിലേയ്ക്കിറങ്ങി ..
മുങ്ങി നിവർന്നു ....
കൈലാസ പർവ്വതത്തിൽ നിന്നും വീശിയ കുളിർതെന്നലിൽ ശിവസ്പർശനം നുകർന്ന മാത്രയിൽ 
അദ്ദേഹം ധ്യാനനിമഗ്നനായി.

"ടോങ്ങ് ..."

നാരദർ ഞെട്ടിയുണർന്നു തിരിഞ്ഞു നോക്കി .
വീണ പാറയുടെ താഴെ കിടക്കുന്നു ..
തടിക്കക്ഷണങ്ങൾ കാണാനില്ല .....

' ഇതെന്തു മറിമായം ..'
അദ്ദേഹം വേഗം കരയ്ക്ക് കയറി ചുറ്റും കണ്ണോടിച്ചു .
ദൂരെ..ഒരു തുണിയുടെ തുമ്പ് വളവിൽ മറയുന്നു .

"നില്ക്കവിടെ .."
ശീഘ്രം വീണയുമെടുത്ത് നാരദർ പുറകെ ഓടി .
വളവിലെത്തിയ അദ്ദേഹം നാലുപാടും നോക്കി .

ഇടതൂർന്ന ഇലകളിൽ താളം പിടിച്ച കാറ്റ് തലയാട്ടി മറ്റൊരു മരത്തിലേയ്ക്ക്‌ ചേക്കേറുന്നു .

ഒരു നിമിഷം ...
നാരദർ കണ്ണുകൾ ഇറുക്കിയടച്ചു .
ചൂഴ്ന്നു ചിന്തിച്ച അദ്ദേഹം തടിക്കക്ഷണങ്ങൾ തിരഞ്ഞു .
' പിടികിട്ടുന്നില്ല...' അവയുടെ ഉത്പത്തി പോലും നാരദമനസ്സിൽ തെളിയുന്നില്ല.
  
നാരായണനാമജപത്തിന് ചുക്കാൻ പിടിച്ച കരങ്ങൾ ശൂന്യമായിരിക്കുന്നു.
' പോയത് പോട്ടെ ..മറ്റൊന്നുണ്ടാക്കാം..പക്ഷെ വർഷങ്ങളുടെ വഴക്കവും മിനുസവും  എങ്ങനെ  
കൈവരുത്തും ....'

നാരദർ പറ്റിയ തടി തേടി യാത്രയായി .

സ്വർഗ്ഗപാതാളഭൂലോകം ദീർഘശ്വാസം വിട്ടു .
പരദൂഷണതടവറയിൽ  നിന്നും ഒരു മോചനം .
നാരദർക്ക് അപ്രാപ്യം എന്നു മുദ്രകുത്തപ്പെട്ട വ്യവസ്ഥിതിയിൽ  ചെറിയ വ്യതിയാനം  .

മൂന്നു ലോകങ്ങളിലും അതാത് ഭരണകർത്താക്കൾ, സമയോചിത ചിന്തയിലും പ്രവർത്തിയിലുമൂന്നിയ 
പരിഷ്കാരങ്ങളിൽ പലതും ഫലം കണ്ടു തുടങ്ങി .ഭ്രമിത വികാരങ്ങൾ പരിഷ്കാര വാഞ്ചയിൽ പടർന്നു പന്തലിച്ചു. കൂപമണ്ഡൂക ധ്വനികൾ മനസ്സുകൾ കീഴ്പ്പെടുത്തി . 

പാതാളലോകാധിപൻ സ്വർഗ്ഗലോകാക്രമണം എന്ന ചിന്ത തന്നെ പാടെ ഉപേക്ഷിച്ചു ..
തന്മൂലം ദേവേന്ദ്രൻ അപ്സരനൃത്തങ്ങളിൽ മുഴുകി സമയം തള്ളി നീക്കി .
ആഴിയുടെ താളത്തിലാറാടി അനന്തതല്പത്തിൽവിഷ്ണുഭഗവാൻ മയങ്ങി തുടങ്ങി . സദാ ചാരത്തിരിക്കുന്ന ലക്ഷ്മീദേവിയുടെ മിഴികൾ ചില നേരങ്ങളിൽ നിദ്രാദേവി കീഴ്പ്പെടുത്തികൊണ്ടുമിരുന്നു .
കൈലാസപർവ്വതത്തിൽ ശിവപാർവ്വതിമാർ ഒതുങ്ങിക്കൂടി ...

ബ്രഹ്മദേവൻ മൂന്നു തലകളും ശക്തിയായി കുടഞ്ഞു .
ഇത്തിൾകണ്ണി പോലെ മൂന്നു ലോകങ്ങളെയും ബാധിക്കുന്ന മന്ദതയിൽ അദ്ദേഹം ആകുലചിത്തനായി .

" നാരദർ ഇല്ലാതെ ലോകങ്ങൾ തമ്മിൽ എങ്ങനെ സമ്പർക്കസാധ്യത ഉളവാകും ...? 
  നാരദ തടവറ മുതലാക്കി ലോകാധിപർ എങ്ങനെ ഉദ്ദിഷ്ടകാര്യ പരിസമാപ്തി  
കൈവരിക്കും ...? 
തടിക്കഷണങ്ങൾ കണ്ടുപിടിക്കുക തന്നെ ...."

അദ്ദേഹം ധ്യാനനിമഗ്നനായി .

മനോമുകുളത്തിൽ മാനസസരോവരവും  മുങ്ങി നിവരുന്ന നാരദരും തെളിഞ്ഞു .
" ടോങ്ങ് ..."
വീണ പാറയിൽ നിന്നും വീണിരിക്കുന്നു  .തലയിൽ മയിൽ‌പീലി ചൂടിയ ഒരു കുട്ടി തടിക്കക്ഷണങ്ങളുമായി ഓടുന്നു . വളവിലെത്തിയതും അവൻ ഒന്നു തിരിഞ്ഞു നോക്കി... ഇടത്തേയറ്റത്തുള്ള മരത്തിലേയ്ക്ക്‌ സമർത്ഥമായി ചാടിക്കയറി  മരപ്പൊത്തിൽ തടിക്കക്ഷണങ്ങൾ ഒളിപ്പിക്കുന്നു .
പിന്നീട് ..
ഇലച്ചാർത്തിൽ താളം പിടിച്ച ഇളംകാറ്റിനോട് കിന്നാരം ചൊല്ലി തായ്തടിയോട്‌ ചേർന്നിരുന്ന് 
നാരദപരാക്രമങ്ങൾ വീക്ഷിക്കുന്നു .  

" എന്റെ കൃഷ്ണാ ...നീ ഇതുവരെ കുളിക്കടവിൽ നിന്നുള്ള അപഹരണം നിറുത്തിയില്ലേ ...?
   എല്ലാം ലീലകളാകുമ്പോൾ ,ഈ ലീലയുടെ ഉദ്ദേശമെന്ത് ...? "
ബ്രഹ്മദേവൻ ചിതറിയ ചിന്തകൾ കൂട്ടിയോജിപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ചു .

അദ്ദേഹം കണ്ണുകൾ തുറന്നു .

നാരദമുനിയെ കാണാനില്ല .കുട്ടി നിലത്തിരിക്കുന്നു .
അവന്റെ ഇടതുപാദത്തിൽ ഒരു അമ്പ് തറച്ചിരിക്കുന്നു .
ചോര പൊടിയുന്നുമുണ്ട് .

" എന്റെ കൃഷ്ണാ ..."
ബ്രഹ്മദേവൻ നെഞ്ചത്ത് കൈ വച്ചു .

നാരദമോചനം മരപ്പൊത്തിൽ വിശ്രമിക്കുമ്പോൾ ...
മിനുസമുള്ള തടിയിലും വിരലുകൾ കടത്താനുള്ള ദ്വാരനിർമ്മാണത്തിലും നാരദർ സ്വയംകൃത തടവറയിൽ കുടുങ്ങിക്കിടന്നു.ഇതിനോടകം,ആധുനികയുഗത്തിലെ താളോപകരണങ്ങളുടെ പിൻഗാമി ,പുരാണ തടവറയുടെ പുറംവാതിൽ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു .നന്ദിനി വർഗീസ്‌     
                
            
       

   
                   
     

Thursday, 27 June 2013

ദൈവങ്ങളെ സാക്ഷി

സ്പന്ദനം 

'എന്തായിരുന്നു അവന്റ്റെ പത്രാസ് ....
ഇപ്പൊ കണ്ടില്ലേ ...
ഞാൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നോ ...
ഹമ്പട ഞാനേ ...' 
ചരമക്കോളത്തിൽ കണ്ണുംനട്ട് സുന്ദർജി ഒന്നു കുലുങ്ങിയിരുന്നു .
കൈയ്യിലിരിക്കുന്ന നിവർത്തിയ പത്രത്തിന്റ്റെ മുകളിൽ എഴുന്നു നില്ക്കുന്ന കഷണ്ടിയിൽ പ്രഭാത സൂര്യൻ 
തത്തിക്കളിച്ചു .

"ദാ ....ചായ ..."
പങ്കജം ചായയുമായി മുന്നിൽ ...
തല ഒന്നു ചെരിച്ച് പത്രത്തിന്റ്റെ വശത്തു കൂടി സുന്ദർജി പങ്കജത്തെ നോക്കി .
കുളികഴിഞ്ഞിരിക്കുന്നു.....
"ഏതാ ഈ സാരി ...?"
സുന്ദർജിക്ക് സംശയം ..
" അതേ ...മോൻ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ തന്നത് ..."
പങ്കജം പറഞ്ഞത് കേട്ട് സുന്ദർജി ഓർത്തു ..

'ശരിയാണ് .'
ആ സാരിയിൽ തുന്നി ചേർത്ത  ദൈവരൂപങ്ങൾ തന്റ്റെ ചിന്താമണ്ഡലത്തിൽ കടന്നു കയറി 
വിക്ഷോഭങ്ങളായി പുറത്തു വന്നപ്പോൾ കൈയ്യിൽ കിട്ടിയത് സാരിയുടെ കൂടെ തയിച്ചു വച്ചിരുന്ന
ബ്ലൗസിന്റ്റെ തുണി ...
അത് കീറി കിട്ടിയല്ലോ എന്ന സന്തോഷത്തിൽ നില്ക്കുന്ന പങ്കജത്തിന്റ്റെ  മുഖത്തേയ്ക്ക് ദൈവസാരി
ചുരുട്ടി എറിഞ്ഞപ്പോൾ നിഴലിച്ച നിസ്സഹായത ഇപ്പോൾ മാഞ്ഞിരിക്കുന്നത് സുന്ദർജിയെ ചൊടിപ്പിച്ചു .

'ചായ കുടിക്കണോ എറിഞ്ഞു കളയണോ ....'
സുന്ദർജി ചിന്തിച്ചു .
'കുടിയ്ക്കാം അല്ലെങ്കിൽ പ്രഭാതകർമ്മങ്ങൾ പണിമുടക്കും '

ചായകുടി കഴിഞ്ഞ്, വീണ്ടും ആ കഷണ്ടിത്തല പത്രത്തിനു പിന്നിൽ ഒളിച്ചു.  

"ക് ടും .....ക് ലും ...."
എന്തോ പൊട്ടിച്ചിതറി .
"എന്താടി അവിടെ ...?"
സുന്ദർജി വിളിച്ചു ചോദിച്ചു .
"ഓ ...നാശം ...ഗ്ലാസ്സു താഴെ വീണതാ ...നിങ്ങളിങ്ങു വന്നേ ...."
പങ്കജം ഉറക്കെ പറഞ്ഞു .

പത്രം മടക്കി സുന്ദർജി എഴുന്നേറ്റു .
സൂര്യകിരണങ്ങൾ കസേരയിലേയ്ക്ക് വഴി മാറി .

പങ്കജം നിലത്തിരിക്കുന്നു .
"എന്താടി ഇത് ..."
"കണ്ണു കണ്ടൂടെ മനുഷ്യാ ..കുപ്പിച്ചില്ല് കാലിന്മേൽ കുത്തിക്കയറിയതാ..."
പങ്കജത്തിന്റ്റെ കണ്ണുനിറഞ്ഞു .

സുന്ദർജി കുനിഞ്ഞു നോക്കി .
സാരിയിലെ ദൈവപടം ചോരയിൽ കുതിർന്നിരിക്കുന്നു  .
" ഞാനപ്പഴേ പറഞ്ഞതാ ...ഈ വക പടങ്ങൾ എന്നിക്കിഷ്ടമില്ല എന്ന് ....
  നീ അത് കേട്ടില്ല ...ഇപ്പൊ കണ്ടോ .."
സുന്ദർജി ഒന്ന് ഞെളിഞ്ഞു നിന്നു .

പങ്കജം കുപ്പിച്ചില്ല് വലിച്ചൂരി .
"പോ ..മനുഷ്യാ ..നിങ്ങള് സഹായിക്കണ്ട .."
സാരിത്തുമ്പ് വലിച്ചു കീറി  മുറിവ് വച്ചുകെട്ടി . അവൾ മുറിയിലേയ്ക്ക് കയറി ...

സുന്ദർജി  ചിരിച്ചു .
ഒരു മൂളിപ്പാട്ടും പാടി പ്രഭാതകർമ്മങ്ങളിൽ മുഴുകി .


"പങ്കജം .....നീ ആ മോട്ടർ ഓണാക്കിക്കേ വെള്ളം തീർന്നു ..."
ബാത്ത്റൂമിൽ നിന്നും സുന്ദർജി വിളിച്ചു കൂവി .

"കറണ്ടില്ല ....നിങ്ങള് തനിയെ വെള്ളം കോരിക്കൊണ്ട് പോ ..എനിക്ക് കാലനക്കത്തില്ല ..."
പങ്കജത്തിന്റ്റെ മറുപടി .

'എടീ ....ഈ പരുവത്തിൽ ഞാനെങ്ങനെ കിണറ്റുകരയിൽ പോകുമെടി ...."

അനക്കമില്ല ..

ഗത്യന്തരമില്ലാതെ സുന്ദർജി ബക്കറ്റുമായി പുറത്തിറങ്ങി .

തൊട്ടി കിണറ്റിലേയ്ക്ക് ഇറക്കുമ്പോൾ  എണ്ണയ്ക്കുവേണ്ടി   കപ്പി കരഞ്ഞു കൊണ്ടിരുന്നു ...


"സുന്ദരേട്ടാ ...." 
പിന്നാമ്പുറത്തു നിന്നും ഒരു വിളി.

കോരിയ വെള്ളം ബക്കറ്റിലേയ്ക്ക് ഒഴിച്ചുകൊണ്ട് സുന്ദർജി തിരിഞ്ഞു നോക്കി ..

വേലി യ്ക്കരികിൽ കുസുമം .
"ഇവൾക്ക് വരാൻ കണ്ട സമയം '
സുന്ദർജി പിറുപിറുത്തു .

"ഒറയുണ്ടോ...ഉണ്ടെകിൽ കുറച്ചു തരൂ സുന്ദരേട്ടാ ...അതിയാൻ വരുന്നതിനു മുമ്പ് വേണം ...."
സുന്ദർജി നിന്നു  വിയർത്തു .
"തൈരില്ലാതെ അങ്ങേർക്ക് ചോറിറങ്ങില്ല."

"നീ പോയി പങ്കജത്തോട് ചോദിക്ക് .."
വിയർപ്പ്  ഒപ്പി സുന്ദർജി പറഞ്ഞു .    

കുസുമം ഗ്ലാസ്സുമായി  അടുത്തേയ്ക്ക് വന്നു  .
സുന്ദർജിയുടെ മുഖത്തേയ്ക്ക് അവൾ സൂക്ഷിച്ചു നോക്കി .

"സുന്ദരേട്ടൻ വിയർക്കുന്നുണ്ടല്ലോ ..സുഖമില്ലേ ...ഞാൻ വെള്ളം കോരി തരാം "

സുന്ദർജി രണ്ടടി പിറകോട്ടു മാറി .
കുസുമം വിടുന്ന മട്ടില്ല ..
 
" നല്ല ക്ഷീണം തോന്നുന്നുണ്ടല്ലോ ...ആ തൊട്ടിയിങ്ങു താ ..."
അവൾ വീണ്ടും അരികിലേയ്ക്ക്  വന്നു .

"കുസുമം " 
സുന്ദർജിയുടെ നിയന്ത്രണം വിട്ടു ...
ആദ്യമായി അവൾ സുന്ദരേട്ടന്റ്റെ മറ്റൊരു മുഖം കണ്ടു .

ഗ്ലാസ്സുമായി അവൾ അകത്തേയ്ക്കോടി .
"പങ്കജേച്ചീ ......"

കുസുമത്തിന്റ്റെ വിളികേട്ട് പങ്കജം മെയിൻ സ്വിച്ച് ഓണാക്കി വിളിച്ചു പറഞ്ഞു .

"സുന്ദരേട്ടാ കറണ്ടു വന്നു ....മോട്ടർ ഓണാക്കിയിട്ടുണ്ട്   ..."


 ഒന്നമർത്തി മൂളി സുന്ദർജി വാതിലടച്ചു.

വ്യക്തി സ്വാതന്ത്ര്യം ,ബോധവത്കരണത്തിന് പുതിയ മാനങ്ങൾ കണ്ടെത്തിയപ്പോൾ.. 
പങ്കജത്തിന്റ്റെ സാരിയിൽ ഇടം നഷ്ടപ്പെട്ട ദൈവങ്ങൾ, പൂജാമുറിയിൽ സ്ഥാനം 
ഉറപ്പിച്ചു  കഴിഞ്ഞിരുന്നു .        
   
  
    
നന്ദിനി      

Sunday, 26 May 2013

കാലിടറിയ ശകുനകാഴ്ചകൾ


സ്പന്ദനം 

രോ നടന്നു വരുന്ന ശബ്ദം     .
സരസമ്മ പിഴിഞ്ഞു വച്ച തുണികൾ വേഗം ബക്കറ്റിലാക്കി .
കുത്തുകല്ലുകൾ ഓടിക്കയറി .
ഒന്ന് കൂടെ കടവിലേയ്ക്ക് തിരിഞ്ഞു നോക്കി ..
'എന്തെങ്കിലും മറന്നു വച്ചിട്ടുണ്ടോ ..'
അലക്കുകല്ലിൽ സോപ്പുപെട്ടി ഇരിക്കുന്നു .
'നാളെ എടുക്കാം ..ഇനി ഇവിടെ നിൽക്കുന്നത് പന്തിയല്ല'
സരസമ്മ ഒന്നുകൂടെ കാതോർത്തു .
കേൾക്കുന്നില്ല ..
കുറച്ചു മുമ്പ് കേട്ട കാലടിശബ്ദംഇപ്പോഴില്ല .
അവൾ അതിവേഗം വീട്ടിലേയ്ക്ക് ഓടി .
നേരം സന്ധ്യയോടടുക്കുന്നു .
മുറ്റത്ത് ഉണക്കാനിട്ട വാട്ടുകപ്പ ചാക്കിൽ നിറച്ചിരിക്കുന്നു .തെറുത്തു വച്ച പനമ്പ് തിണ്ണയുടെ കോണിൽ ചാരിയിട്ടുണ്ട് .
ഭാസ്കരൻ മുറ്റത്ത് തന്നെയുണ്ട്‌ .
ഓടി വന്ന സരസമ്മ തിണ്ണയിൽ തൂണും ചാരിയിരുന്നു  കിതച്ചു .
"എന്ത് പറ്റി ..?"
ഭാസ്കരൻ ചോദിച്ചു .
കിതപ്പു മാറാത്ത സരസമ്മ വിറയ്ക്കുന്ന വിരലുയർത്തി ആറ്റിറമ്പിലേയ്ക്ക് ചൂണ്ടി ..
ഭാസ്കരൻ ചൂണ്ടിയ പാങ്ങിനു നോക്കി ...
റബർ മരങ്ങൾക്കിടയിലൂടെ പോകുന്ന തെളിഞ്ഞ ഒറ്റയടി പാത ശൂന്യം ..
അദ്ദേഹം സരസമ്മയുടെ അടുത്തിരുന്നു .
"നീ ഒന്നടങ്ങ്‌ ...ഇനി പറ ..എന്താ കാര്യം .."?
സരസമ്മ പറഞ്ഞു .
" വീണ്ടും ആ കാലടി ശബ്ദം   ആറ്റുമാലിയിൽ   നിന്ന് കേട്ടു .."
"എന്റെ സരസു ..നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞു ..സന്ധ്യാസമയത്ത് കടവിൽ പോകരുതെന്ന് .."
അവൾ പതുക്കെ എഴുന്നേറ്റു .
"ഇല്ലേട്ടാ ..ഇനി ഇരുട്ടുമ്പം പോവില്ല .."
തുണി വിരിച്ചിട്ട് അടുക്കളയിലേയ്ക്ക് പോയ സരസമ്മയെ നോക്കി ഭാസ്കരൻ ഉമ്മറപ്പടിയിലിരുന്നു .
കുട്ടികൾ ഉറക്കെ വായിച്ചു പഠിക്കുന്നു ..
"എടീ ....ഒരു കട്ടൻ .."
"ദാ ..ഇപ്പൊ തരാം ..." 
അടുക്കളയിൽ  നിന്നും മറുപടി വന്നു .
ഭാസ്കരൻ ഓർത്തു .
പണ്ട് അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരാൾ  ..
എവിടെ നിന്നോ വന്നു ....
പേരറിയില്ല ..ഊരറിയില്ല ..
ചുമ്മാ ചിരിക്കും ..പൊട്ടിക്കരയും ...ചിലപ്പോൾ ആരോ കൊല്ലാൻ വരുന്നത് പോലെ പേടിച്ചു തിരിഞ്ഞു നോക്കി നിലവിളിച്ചു കൊണ്ട് ഓടും ..
ആരോ വിളിച്ചു ..
"എടാ ഗോപാലാ .." 
പേര് വീണു ...'വട്ടു ഗോപാലൻ '
വിശന്നാൽ ഗോപാലന് ഭ്രാന്ത് മൂക്കും ..പിന്നെ നിലവിളിയാണ് ..കൂട്ടത്തിൽ ഓട്ടവും .
ചിലനേരങ്ങളിൽ ഭ്രാന്ത് ഒന്നടങ്ങുമ്പോൾ ഗോപാലൻ നടക്കല്ലിനു താഴെ വന്നു നില്ക്കും .
തിന്നാൻ കൊടുത്താൽ വലിച്ചു വാരി തിന്നും ...ഇല്ലെങ്കിൽ കുറച്ചു കഴിഞ്ഞ് നിലവിളിച്ചു കൊണ്ടോടും .
ഇതെല്ലാം കണ്ട് സങ്കടം തോന്നിയ അമ്മിണി ടീച്ചർ ..
ഗോപാലനെ ശകുനം കണ്ടത് കൊണ്ട് തനിക്ക് ഭാഗ്യക്കുറി അടിച്ചുവെന്ന് നാട്ടിൽ പറഞ്ഞു പരത്തി ..
തത്ഫലം ഗോപാലനെ  സത്കരിക്കാൻ ആളു കൂടി .
നടക്കല്ലിൽ ചെന്നു നിന്നാൽ തിന്നാൻ കിട്ടും എന്ന വിചാരത്തിൽ ഗോപാലൻ ശകുനം മുടക്കാറുമില്ലായിരുന്നു .
ഒരിക്കൽ എപ്പോഴോ ഭ്രാന്തിന്റ്റെ ഉന്മാദത്തിൽ ആറ്റുവക്കിലെ ചാഞ്ഞ മരക്കൊമ്പിലേയ്ക്ക്  ചാടിക്കയറിയപ്പോൾ കൂത്താടാനായി പൊങ്ങിവന്ന കൂരൽക്കൂട്ടങ്ങളെ കണ്ട് ..
സ്വയം ഒരു കൂരലായി സങ്കല്പ്പിച്ച് എടുത്തു ചാടിയ ഗോപാലൻ,
വെള്ളത്തിൽ എഴുന്നു നിന്ന പാറയിൽ തലയിടിച്ച് അകാലമൃത്യു വരിച്ചത്‌ ....
ഭാസ്കരൻ കൃത്യമായി ഓർത്തെടുത്തു.
"ദാ  കട്ടൻ .."
കട്ടനുമായി സരസമ്മ മുന്നിൽ .
"നിങ്ങളീ ഈ ലോകത്തൊന്നുമല്ലേ .....എന്താ ഇത്ര ചിന്തിക്കാൻ ..?"
"ഓ ... ഞാനാ വട്ടു ഗോപാലനെ കുറിച്ചോർത്തതാ .."
ഭാസ്കരൻ പറഞ്ഞു .
"ഓർക്കുന്നതൊക്കെ കൊള്ളാം ..
ശകുനം കാണിക്കാൻ വരുന്നതിന്  അവന് ഇപ്പൊ നേരഭേദമൊന്നുമില്ലല്ലോ..
വല്ലതും ജപിച്ചു കെട്ടണം .."
സരസമ്മ സാരിയുടെ വാലറ്റം കൊണ്ട് നെറ്റി തുടച്ചു .       
         
ഭാസ്കരൻ കട്ടൻ ചുണ്ടോടടുപ്പിച്ചു .
നല്ല ചൂട് ...
ഒന്നൂതി ...ഒരു കവിൾ കുടിച്ചു .
ആശ്വാസം ..
പെട്ടെന്നൊരു നിലവിളി .
കൈയ്യിലിരുന്ന ഗ്ലാസ് ഉമ്മറപ്പടിയിൽ വച്ച് ഭാസ്കരൻ ശബ്ദം കേട്ട ദിക്കിലേയ്ക്ക് ഓടി .
വീണ്ടും നിലവിളിയുയർന്നു ...ആറ്റുവക്കിൽ നിന്നാണ് ...
കിഴക്കേതിലെ ഓമന ഓടി വരുന്നു ...
ഭാസ്കരനെ കണ്ടതും പിടിച്ചു കെട്ടിയ പോലെ അവൾ നിന്നു .
"എന്താ ഓമനേ ..."?
" ഗോപാലൻ...അവൻ വീണ്ടും വന്നു ..
ഒരുപാട് ചോറു കൊടുത്തതാ ഞാൻ ...
മരിച്ചാലും അവൻ ശകുനം നിറുത്തുന്നില്ല പാക്കരാ ...
ഇപ്പോൾ മരത്തിന്മേൽ അവനിരിക്കുന്നത് ഞാൻ കണ്ടു ...."
  
ഓമന നിന്നണച്ചു.  
'എന്നാ അതൊന്നു കണ്ടിട്ടേയുള്ളൂ ..'
ഭാസ്കരൻ കടവിനെ ലക്ഷ്യമാക്കി ഓടി .
'ഒരു എത്തും പിടിയും കിട്ടുന്നില്ല ..'
കടവിലെത്തിയ ഭാസ്കരൻ  ഇല്ലിക്കാടുകൾക്കിടയിലൂടെ നോക്കി .
ഓമന പറഞ്ഞത് സത്യം ...
ഒരു രൂപം മരത്തിൽ നിന്നും ഇറങ്ങി വരുന്നു ..
'ശകുനസമയം ഭ്രാന്തനു തെറ്റാം ....എന്നാലും ഒരു ലക്ഷണ പിശക് ..'  
ഭാസ്കരൻ ഒന്നു കുനിഞ്ഞു നിവർന്നു ..കൈയ്യിൽ തടഞ്ഞത് ഒരു കല്ല് ..
ഒറ്റയേറ് ...
ഉന്നം തെറ്റിയില്ല ..
രൂപം താഴെ വീണു ...കൂട്ടത്തിൽ ഒരു തെറിവിളിയും കേട്ടു ..
ഭാസ്കരൻ കുത്തു കല്ലുകൾ ഓടിയിറങ്ങി ..
വഴുക്കലുള്ള പാറയിൽ ചവിട്ടിയതും ചെറുതായി ഒന്നു തെന്നി ...
ആടിയുലഞ്ഞ്.. കൈകൾ വിരിച്ച് ..ഒന്നു നേരെ നിന്ന് വീണ്ടും ഓടിയടുത്തു ..
രൂപം ഒന്നുരുണ്ട് മറിഞ്ഞു വെള്ളത്തിലേയ്ക്ക് വീണു ....
അകലങ്ങളിലേയ്ക്ക് നീന്തിയകന്നു ...
ഭാസ്കരൻ വെള്ളത്തിലേയ്ക്ക് ചാടി ....ഒന്നു മുങ്ങി നിവർന്നു ..
ചുറ്റും നോക്കി ....
ശൂന്യം ....

പതുക്കെ തിരികെ പാറകളിൽ പിടിച്ചുകയറി ...
ഈറൻ പിഴിഞ്ഞ്  തുവർത്തിയുടുത്തു ..
സരസമ്മ വച്ച സോപ്പുപെട്ടി അവിടിരിക്കുന്നു ...
ഒന്നു കുനിഞ്ഞ് അതുമെടുത്ത്...
കണ്ണുകളിലേയ്ക്ക് ഒലിച്ചിറങ്ങിയ വെള്ളംവടിച്ചു കളഞ്ഞ്..
കുത്തുകല്ലുകൾ കയറുമ്പോൾ ഭാസ്കരനും ഒന്ന് തിരിഞ്ഞു നോക്കി .
ഭ്രാന്തൻ ചാടിക്കയറിയ ചാഞ്ഞമരത്തിനിടയിൽ കൂടി ചന്ദ്രപ്രഭ വെള്ളത്തിൽ ഓളം വെട്ടുന്നു ...
വീട്ടിലേയ്ക്കുള്ള ഒറ്റയടിപ്പാത താണ്ടുമ്പോൾ സ്ത്രീകളുടെ മാനത്തിന്
വിശ്വാസത്തിന്റ്റെചുവടു പിടിച്ച് നടത്തുന്ന കൊള്ളരുതായ്മകൾ
കണ്ടില്ലെന്ന് നടിക്കാൻ ഭാസ്കരനായില്ല ..
"എടിയേ ...സരസൂ ..."അയാൾ നീട്ടി വിളിച്ചു .
" ശകുനച്ചുവട് പിടിച്ച് ഒളിക്യാമറകൾ പ്രവർത്തിക്കുമെടി ..."
"എന്നതാ മനുഷ്യനെ പിച്ചും പേയും പറയുന്നത് ...."
സരസമ്മയ്ക്ക്  സംശയം .
"കുളീം നനേം ഒക്കെ ഇനി വീട്ടിൽ തന്നെ മതിയെടി ..ജപിച്ചു കെട്ടാനൊന്നും നിക്കണ്ടാ ..."
ഭാസ്കരൻ സോപ്പുപെട്ടി സരസമ്മയുടെ കൈയ്യിൽ കൊടുത്തു .
ആറ്റിറമ്പിൽ എന്തോ ഒന്നനങ്ങി .
ഉദിച്ചുയർന്ന ചന്ദ്രൻ ഒളിക്കണ്ണിട്ടു നോക്കി .
ഇല്ലിക്കൂട്ടങ്ങളുടെ ഇടയിൽ പ്രഭാത ശകുനത്തിനുള്ള തത്രപ്പാടുകൾ ..
ശകുനക്കാഴ്ചകൾ സൂര്യന് വിട്ടുകൊടുത്ത് ചന്ദ്രൻ മയങ്ങുമ്പോൾ ...
വട്ടുഗോപാലൻ വിശ്വാസരൂപാന്തരീകരണം പ്രാപ്യമാക്കിയിരുന്നു .*****************
നന്ദിനി വർഗീസ്‌         


Saturday, 4 May 2013

കിനാക്കളിൽ കണ്ടുമുട്ടിയവർ....


സ്പന്ദനം 


പ്രകാശം പരത്തുന്ന അഭൗമ സൗന്ദര്യം . 
കുഞ്ഞു കിളി  ആകൃഷ്ടയായി . അവൾ പറന്നുയർന്നു . 
താഴെ കിളിക്കൂട്ടങ്ങളുടെ കലപില  പ്രതിഷേധം.. 
അർഹിക്കാത്ത ആഗ്രഹത്തിനെതിരെ സൂര്യൻ ശക്തമായി പ്രതിഷേധിച്ചു. 
തിളച്ചു മറിഞ്ഞ ചൂടിൽ കുഞ്ഞു ചിറകുകൾ കുഴഞ്ഞു . 
കടിഞ്ഞാണില്ലാത്ത കിനാക്കളിൽ ആഗ്രഹങ്ങൾ വ്യാമോഹങ്ങളായി . 
കിളി തളർന്നു . 
താഴേയ്ക്ക് വീഴുന്ന കിളിയെ കൈയ്യിലൊതുക്കാൻ മായമോൾ ഓടിയടുത്തു . 
അവൾ കൈകൾ നീട്ടി . 


സാധിക്കുന്നില്ല. .. 
നിവർത്താനായി നീട്ടിയ കൈപ്പത്തികൾ രണ്ടും ഒട്ടിയിരിക്കുന്നു . 
അവൾ ശക്തിയായി കുടഞ്ഞു . 
കൈകൾ ഒട്ടിയ നിലയിൽ തന്നെ . 
കിളിയുടെ കരച്ചിൽ  അവൾ കേട്ടു . 
" പാവം അത് നിലത്തു വീണു കാണും "
മായമോൾക്ക് സങ്കടം വന്നു . 
"അമ്മേ ..."
അമ്മയുടെ മുറിയിൽ വെളിച്ചം തെളിഞ്ഞു . 
ചാരിയ വാതിലിനിടയിൽ കൂടി അരിച്ചിറങ്ങിയ വെട്ടത്തിൽ മായമോളുടെ കണ്ണുകൾ  പരതി . 
"കിളിയെവിടെ .."
അമ്മ വന്നു . 
"എന്താ മോളെ നീ ടൈംപീസ്‌ നിറുത്താത്തത് .."
കിളിയുടെ കരച്ചിൽ  നിന്നു .
മായമോൾ ഒട്ടിപ്പോയ കൈകളിലേയ്ക്ക് സൂക്ഷിച്ചു നോക്കി . 
ഇരു കൈകളിലേയും നടുവിരലുകളിൽ അണിഞ്ഞിരുന്ന മോതിരങ്ങൾ തമ്മിൽ കുടുങ്ങി 
അലങ്കാരപ്പണികൾ കൊമ്പ്കോർത്തിരിക്കുന്നു . 
അവൾ  കൈകൾ  ഒന്നു തെറ്റിച്ച് മോതിരങ്ങൾ വിടുവിച്ചു . 
"മോളുറങ്ങിക്കോള്ളൂ ... അമ്മ ഇവിടിരിക്കാം ..."
അവൾ കിടന്നു . 
അമ്മ മായമോളുടെ  ശിരസ്സിൽ  തലോടിക്കൊണ്ടിരുന്നു.   
നിദ്രാദേവി ഇരുവരെയും പുണർന്നു . 
അമ്മയുടെ കരങ്ങൾ ആ കുഞ്ഞു ശിരസ്സിൽ വിശ്രമിച്ചു . 
മായമോൾ ഓടുകയായിരുന്നു . 
പിറകേ ... കലി പൂണ്ട കാണ്ടാമൃഗവും. ... 
കാലു തെറ്റി കുഴിയിൽ വീണ അവളെ കാണ്ടാമൃഗം ചവിട്ടിത്താഴ്ത്തി . 
അവളുടെ ശിരസ്സിൽ ഭാരം അനുഭവപ്പെട്ടു . 
തൊണ്ടയിൽ കുടുങ്ങിയ നിലവിളി ഒരു വലിയ ഞെട്ടലായി പുറത്തു വന്നു . 
മായമോൾ ഞെട്ടി വിറച്ചു . 
അമ്മയുടെ കരങ്ങൾ ഉണർന്നു . 
നടുക്കടലും തോക്കേന്തിയ സായിപ്പും .... 
അമ്മ വള്ളം ആഞ്ഞാഞ്ഞു തുഴഞ്ഞു ...... 
മായമോളുടെ ശിരസ്സ് കാണ്ടാമൃഗത്തിന്റ്റെ കാൽകീഴിൽ ഞെങ്ങിയമർന്നു....
പുലർകാല സൂര്യനെ വരവേൽക്കാനായി കൂട്ടിൽ നിന്നും പറന്നുയർന്ന
കുഞ്ഞു കിളികളുടെ ആഹ്ലാദത്തിമിർപ്പിൽ കിനാക്കളിൽ കണ്ടുമുട്ടിയവർ
ഇതിനകം  മറഞ്ഞു കഴിഞ്ഞിരുന്നു ....    
നന്ദിനി വർഗീസ്‌ 
  

Saturday, 16 March 2013

പുകച്ചുരുളുകൾ അന്വേഷണത്തിലാണ് ....

സ്പന്ദനം 


        കാറ്റില്‍ ആടിയുലയുന്ന മഞ്ഞ മുളകള്‍ . വെള്ളം വലിച്ചു കുടിച്ച് ആറ്റിറമ്പിന്‍ തിട്ടിലില്‍ അവ കാട് പോലെ വളരുന്നു . വര്‍ഷകാലത്ത് അതിരു കടക്കുന്ന പുഴവെള്ളത്തില്‍ തിട്ടിലിടിയാതിരിക്കാന്‍ വൃദ്ധന്‍ നട്ട തൈമുളകള്‍  ഇന്ന് തോട്ടത്തിന്‌ കാവലാളായി തീര്‍ന്നിരിക്കുന്നു.

തനിക്ക് താങ്ങിനും  തണലിനും അവ കൂടെയുണ്ട് എന്ന് വൃദ്ധന്‍  കരുതി. 

മുളഞ്ചോട്ടില്‍ പതിവായി വന്നിരിക്കാറുണ്ട് ഒരു സ്ത്രീ . 
അവളുടെ സാമീപ്യം മുളകള്‍ക്ക് ഹരമായിരുന്നു . ഓരോ കാറ്റിലും തങ്ങളുടെ ബലവും കഴിവും പ്രദര്‍ശിപ്പിക്കാന്‍  അവ ശ്രമിച്ചു കൊണ്ടിരുന്നു . 

കരുത്തുറ്റതും ഉയരമേറിയതുമായ  മുളകളെ സ്ത്രീ സ്നേഹിച്ചു . 
വലിയ മുളകളില്‍ മുള  പൊട്ടുന്നതും തൈ മുളകള്‍ വളര്‍ന്നു വരുന്നതും അവള്‍ കണ്ടിരിക്കാം . 

സ്ത്രീയെ ആകര്‍ഷിക്കാന്‍  കാറ്റത്ത് അവ തല കുമ്പിട്ടു .  സ്പര്‍ശനസുഖത്തിനായി  കൊതിച്ചു .  . 

ഇരമ്പുന്ന കാറ്റില്‍ പാറിപ്പറക്കുന്ന മുടിയിഴകള്‍ വലതു കൈയ്യില്‍ ഒതുക്കി അവള്‍ തലയുയര്‍ത്തി  . 
ഇടതു കയ്യുയര്‍ത്തി മെല്ലെ ഒരു തലോടല്‍ .. കോരിത്തരിച്ച മുളകള്‍ അവളില്‍ പ്രതിഫലിച്ച അജ്ഞാത വികാരത്തെ പാടെ അവഗണിച്ചു. 

വൃദ്ധന്‍ ആകുലചിത്തനായി. 
അദ്ദേഹത്തിന്റ്റെ  സാമീപ്യം മുളകള്‍ക്ക് അസ്സഹനീയമായി തുടങ്ങി . 


പിറ്റേന്ന് മുളഞ്ചോട്ടിലേയ്ക്ക്  വന്ന സ്ത്രീയ്ക്ക് ഒപ്പം ഒരു പുരുഷനുണ്ടായിരുന്നു 
താന്‍ സ്നേഹിച്ച സ്ത്രീ പുരുഷനൊപ്പം ഇരിക്കുന്നത് കണ്ട്  മുളകള്‍ ആടിയുലഞ്ഞു. 
സ്ത്രീയും പുരുഷനും തലയുയര്‍ത്തി. 
പുരുഷന്റ്റെ കണ്ണുകള്‍ തിളങ്ങി .. 
വ്യാപാരസാധ്യതയുടെ മേച്ചില്‍ പുറങ്ങള്‍ തേടി അവര്‍ യാത്ര തുടര്‍ന്നു . 

വൃദ്ധന്‍ തേങ്ങി കരഞ്ഞു . 
കോപം അന്ധമാക്കിയ ഉലച്ചിലില്‍ മുളകള്‍ ചൂളം വിളി തുടര്‍ന്നു . 
വിരഹതാപത്തില്‍ ആളിക്കത്തിയ കോപാഗ്നി കെട്ടടങ്ങിയപ്പോള്‍ വിവേകം 
പുനര്‍ജ്ജനിച്ചു . 

മുള മൂകമായി .. 

വീണ്ടും സ്ത്രീയും പുരുഷനും എത്തിയപ്പോള്‍ മുളകള്‍ അവരെ അവഗണിച്ചു . 
ഒരു കരച്ചില്‍ ... 
മുളകള്‍ കണ്ടു  ... 
ദൂരെ വടിയും കുത്തി നിന്ന് ഏങ്ങി കരയുന്നു വൃദ്ധന്‍ . 

തിരിച്ചറിവില്‍ ഉയര്‍ന്ന നിലവിളി പുരുഷന്റ്റെ കൈയ്യില്‍ നിന്നും കടയ്ക്കലേയ്ക്ക് പതിച്ച  വാക്കത്തിയുടെ മൂര്‍ച്ചയില്‍ മരവിച്ചിരുന്നു . 
സ്പര്‍ശന സുഖത്തിലെ മാസ്മരികതയും വികാര വിക്ഷോഭങ്ങളും,
അടുക്കി കെട്ടി സ്ത്രീയുടെ തലയില്‍ ഇരിക്കുമ്പോള്‍ മുളകള്‍ മറന്നിരുന്നു . 


അവ യാത്ര തുടങ്ങി . 
ഉപഭോഗസംസ്കാരത്തിന്റ്റെ വിലപേശലുകളില്‍ വര്‍ഷങ്ങള്‍ നീണ്ടതായിരുന്നു ആ യാത്ര . 

നീരു വറ്റി  പൊട്ടിപ്പിളര്‍ന്ന് ആളിക്കത്തിയ അഗ്നിയില്‍ എരിഞ്ഞമരുമ്പോള്‍ ഉയര്‍ന്നു പൊങ്ങിയ പുകച്ചുരുളുകള്‍ വീണ്ടും യാത്രയായി  ... 

നട്ടു നനച്ചു വളര്‍ത്തിയ  ബന്ധവും തേടി .... നന്ദിനി       

Friday, 15 February 2013

കുറ്റിപ്പുറത്തെ ഓന്ത്

സ്പന്ദനം 

ഓന്ത് ചിന്തിച്ചു .
'കൊള്ളാം .... ഈ വിദ്യ എനിക്ക് മാത്രം സ്വന്തം ....'
പച്ചിലകള്‍ക്കിടയില്‍ നിന്നും കരിയിലകളിലേയ്ക്ക് അവന്‍ എടുത്തുചാടി .
ഒരില പൊഴിഞ്ഞത് പോലെ ..
കരിയിലകള്‍ ഒന്നിളകി .
ഓന്ത് അടുത്തു കണ്ട ഉണക്ക മരക്കുറ്റിയിലേയ്ക്ക് കയറി തലയുയര്‍ത്തി ഗമയില്‍ നിന്നു .
അവന്‍ ആ മരക്കുറ്റിയുടെ ഒരു ഭാഗമായി മാറി ,
തലയൊന്നു കുനിച്ച് വീണ്ടുമുയര്‍ന്നു .പറന്നു വന്ന ഈച്ചയെ വായിലാക്കി ഒന്നാടിയുലഞ്ഞ് അവനിരുന്നു .

ഓന്ത് കണ്ടു .
പേര മരക്കൊമ്പില്‍ ഒരു തത്ത .
ചുവന്ന ചുണ്ടും പച്ച ശരീരവും..
'കൊള്ളാം ....'
ഓന്ത് കുനിഞ്ഞ് തന്റ്റെ ശരീരത്തിലേയ്ക്ക് നോക്കി .
'ഭംഗി പോരാ ..'
അവന് ഒരു ആഗ്രഹം ..
'തത്തയെ പോലെ തിളങ്ങണം ..'

ഓന്ത് തലയുയര്‍ത്തി .
കാപ്പിമരത്തില്‍ ചുവപ്പും പച്ചയും ഇടകലര്‍ന്ന കാപ്പിക്കുരു.
മറ്റൊന്നും ചിന്തിച്ചില്ല ...
കാപ്പിമരത്തില്‍ കയറിയ അവനു ചുറ്റും കാപ്പിക്കുരുക്കൂട്ടം മെത്ത വിരിച്ചു .
ചുവന്ന കുരുവിനെ അവന്‍ പുണര്‍ന്നു .
കൈകള്‍ ചുവക്കുന്നു .
ഓന്ത് ചിരിച്ചു .
അവന്റ്റെ സൗന്ദര്യ സങ്കല്പം വാനോളമുയര്‍ന്നു .

അവന്‍  മേലാസകലം  നോക്കി .
ഒരു ഞെട്ടല്‍ വാല് മുതല്‍ തല വരെ അരിച്ചു കയറി .
പച്ചക്കുരുവില്‍ ഇരിക്കുന്ന ഒരു കാലിനു പച്ചനിറം .മറുകാലിന് ചുവന്ന കുരുവിന്റ്റെ ചുവപ്പും. 
വയറിനും വാലിനും ചുവപ്പും പച്ചയും ഇടകലര്‍ന്ന പഴുപ്പ് കയറിയ ഒരു നിറം .

ഓന്ത് ചിന്തിച്ചു .
ഓര്‍മ്മയില്‍ കഞ്ഞിമുക്കി തേച്ച വസ്ത്രത്തിനുള്ളിലെ നിറം മാറുന്ന മനുഷ്യരൂപങ്ങള്‍.
വിരോധാഭാസം ...
ഒരുനിമിഷം തനിക്ക് മാത്രം സ്വന്തം എന്നു  കരുതിയ വിദ്യയില്‍...
സാദൃശ്യങ്ങള്‍ മുഖംമൂടിയണിയാനായി കാത്തുനില്‍ക്കുമ്പോള്‍.......
ഓന്ത് ഒന്ന് കുലുങ്ങിയിരുന്നു .
നിറങ്ങള്‍ മങ്ങി ...വീണ്ടും തെളിഞ്ഞു .

ഓന്ത് തീരുമാനമെടുത്തു .
'വേണ്ട ..'

അവന്‍ കാപ്പിമരത്തില്‍ നിന്നും കരിയിലകളിലേയ്ക്ക് എടുത്തു ചാടി .
ശബ്ദം കേട്ട് പേരമരക്കൊമ്പില്‍ ഇരുന്ന തത്ത തല ചെരിച്ച് നോക്കി .
ചിറക് ആഞ്ഞുകുടഞ്ഞ്‌ അത് പറന്നകലുമ്പോള്‍ ...

ഓന്ത് ഉണക്ക മരക്കുറ്റിയുടെ ഒരു ഭാഗമായി തീര്‍ന്നിരുന്നു .നന്ദിനി       
      
   

   

Monday, 28 January 2013

ചോരുന്ന വിദ്യകള്‍ ....

സ്പന്ദനം 


ചെഗിയന്‍ അരിവാളുമെടുത്ത് തോട്ടത്തിലേയ്ക്കിറങ്ങി ... 
പുല്ല് ചെത്തണം .
അഴിച്ചു വിട്ടാല്‍ രണ്ടിലയില്‍ തുടങ്ങി തോട്ടം തന്നെ മൊത്തമായി തിന്നു തീര്‍ക്കാന്‍ 
വിശപ്പുള്ള പശുക്കള്‍ .
കെട്ടിയിട്ട് വളര്‍ത്തുന്നത് തന്നെ നല്ലത് ...

തഴച്ചു വളര്‍ന്ന് കൂട്ടം കൂട്ടമായി നില്‍ക്കുന്ന പുല്ലുകള്‍ .
ഇടതു കൈ കുടഞ്ഞു വീശി ചെഗിയന്‍ പുല്‍ക്കൂട്ടത്തെ കടന്നു പിടിച്ചു .
അരിവാള്‍ വലതു കൈപ്പത്തിയില്‍ മുറുകെ പിടിച്ച്  ആഞ്ഞാഞ്ഞരിഞ്ഞു .

ചോര വീണു മണ്ണ് നനയുന്നു ...
ചെഗിയന്‍ സൂക്ഷിച്ചു നോക്കി ....


പ്രകാശം മങ്ങുന്നു ...അവന്‍ തലയുയര്‍ത്തി .
ഉദയസൂര്യന്‍ മേഘപാളികള്‍ക്കിടയില്‍ ഒളിക്കുന്നു .

കോപം ഇരച്ചു കയറി .
ചെഗിയന്‍ ചുവന്നു . 
"ധൈര്യമുണ്ടെങ്കില്‍  പുറത്തു വാടാ ..."
അവന്‍ വെല്ലുവിളിച്ചു...


മേഘപാളികള്‍ തെന്നി മാറി  .സൂര്യന്‍ മറ നീക്കി പുറത്തു വന്നു .
"കണ്ടോടാ ..."
ചുടു ചോരയൊഴുകുന്ന ഇടതു കൈയ്യില്‍ ഉയര്‍ന്നു നില്‍ക്കുന്നു.. അരിഞ്ഞ  പുല്ലുകള്‍ ...
മറു കൈയ്യില്‍ അരിവാളും ...

ചെഗിയന്‍ നെഞ്ചു വിരിച്ചു നിന്നു .
സൂര്യന്‍ മങ്ങി .
ഒരു നിഴല്‍ ചെഗിയനെ മൂടി .
തലയില്‍ ചുമ്മാടും കൈയ്യില്‍ കയറുമായി ചെഗിത .
കയറു താഴെയിട്ട് അവള്‍ ഓടിയടുത്തു .
"ചോരയോ ...?എങ്ങനെ ....?"


ചെഗിയന്‍ തലയുയര്‍ത്തി .
സൂര്യനെവിടെ ......?
അവന്‍ ഒളിച്ചിരിക്കുന്നു .


ചെഗിയന്‍ പുല്ല് നിലത്തേയ്ക്കിട്ടു .
പകുതി മുറിഞ്ഞ ഒരു പാമ്പ് കിടന്നു പുളയുന്നു .

" ഇല്ല ..ആരും കണ്ടില്ല ...."

ചെഗിയന്‍ പറഞ്ഞത് കേട്ട്  ചെഗിത മുഷ്ടി ചുരുട്ടി ....
അവളുടെ ചുണ്ടുകള്‍   ഉരുവിട്ട തിരിച്ചറിവ്.... 
ബാലപാ0ങ്ങള്‍ അന്യം നിന്ന സമൂഹത്തിന് മാര്‍ഗ്ഗദീപമേകുന്നവയായിരുന്നു .

എന്നാല്‍ ....

ഒരു കോലെടുത്ത് ചെഗിയന്‍ പാമ്പിന്റ്റെ  പാതി തോണ്ടിയെറിഞ്ഞു ...


ചോര വീണു നനഞ്ഞ പുല്ലുകള്‍ കയറിനു മേലേ വച്ച്...
വലതു കാല്‍ കൊണ്ട് ചവിട്ടി ഒതുക്കി കെട്ടുമ്പോള്‍ ....
ഇറ്റിറ്റു വീണ വിയപ്പിന്‍ തുള്ളിയുടെ തിളക്കത്തില്‍  മറുപാതി  നിശ്ചലമായി .


ഇളം വെയിലിനെ സാക്ഷിയാക്കി  ഒന്ന് കണ്ണിറുക്കി  ഉദയസൂര്യന്‍ പുഞ്ചിരി തൂകി .നന്ദിനി