Sunday, 26 May 2013

കാലിടറിയ ശകുനകാഴ്ചകൾ


സ്പന്ദനം 

രോ നടന്നു വരുന്ന ശബ്ദം     .
സരസമ്മ പിഴിഞ്ഞു വച്ച തുണികൾ വേഗം ബക്കറ്റിലാക്കി .
കുത്തുകല്ലുകൾ ഓടിക്കയറി .
ഒന്ന് കൂടെ കടവിലേയ്ക്ക് തിരിഞ്ഞു നോക്കി ..
'എന്തെങ്കിലും മറന്നു വച്ചിട്ടുണ്ടോ ..'
അലക്കുകല്ലിൽ സോപ്പുപെട്ടി ഇരിക്കുന്നു .
'നാളെ എടുക്കാം ..ഇനി ഇവിടെ നിൽക്കുന്നത് പന്തിയല്ല'
സരസമ്മ ഒന്നുകൂടെ കാതോർത്തു .
കേൾക്കുന്നില്ല ..
കുറച്ചു മുമ്പ് കേട്ട കാലടിശബ്ദംഇപ്പോഴില്ല .
അവൾ അതിവേഗം വീട്ടിലേയ്ക്ക് ഓടി .
നേരം സന്ധ്യയോടടുക്കുന്നു .
മുറ്റത്ത് ഉണക്കാനിട്ട വാട്ടുകപ്പ ചാക്കിൽ നിറച്ചിരിക്കുന്നു .തെറുത്തു വച്ച പനമ്പ് തിണ്ണയുടെ കോണിൽ ചാരിയിട്ടുണ്ട് .
ഭാസ്കരൻ മുറ്റത്ത് തന്നെയുണ്ട്‌ .
ഓടി വന്ന സരസമ്മ തിണ്ണയിൽ തൂണും ചാരിയിരുന്നു  കിതച്ചു .
"എന്ത് പറ്റി ..?"
ഭാസ്കരൻ ചോദിച്ചു .
കിതപ്പു മാറാത്ത സരസമ്മ വിറയ്ക്കുന്ന വിരലുയർത്തി ആറ്റിറമ്പിലേയ്ക്ക് ചൂണ്ടി ..
ഭാസ്കരൻ ചൂണ്ടിയ പാങ്ങിനു നോക്കി ...
റബർ മരങ്ങൾക്കിടയിലൂടെ പോകുന്ന തെളിഞ്ഞ ഒറ്റയടി പാത ശൂന്യം ..
അദ്ദേഹം സരസമ്മയുടെ അടുത്തിരുന്നു .
"നീ ഒന്നടങ്ങ്‌ ...ഇനി പറ ..എന്താ കാര്യം .."?
സരസമ്മ പറഞ്ഞു .
" വീണ്ടും ആ കാലടി ശബ്ദം   ആറ്റുമാലിയിൽ   നിന്ന് കേട്ടു .."
"എന്റെ സരസു ..നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞു ..സന്ധ്യാസമയത്ത് കടവിൽ പോകരുതെന്ന് .."
അവൾ പതുക്കെ എഴുന്നേറ്റു .
"ഇല്ലേട്ടാ ..ഇനി ഇരുട്ടുമ്പം പോവില്ല .."
തുണി വിരിച്ചിട്ട് അടുക്കളയിലേയ്ക്ക് പോയ സരസമ്മയെ നോക്കി ഭാസ്കരൻ ഉമ്മറപ്പടിയിലിരുന്നു .
കുട്ടികൾ ഉറക്കെ വായിച്ചു പഠിക്കുന്നു ..
"എടീ ....ഒരു കട്ടൻ .."
"ദാ ..ഇപ്പൊ തരാം ..." 
അടുക്കളയിൽ  നിന്നും മറുപടി വന്നു .
ഭാസ്കരൻ ഓർത്തു .
പണ്ട് അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരാൾ  ..
എവിടെ നിന്നോ വന്നു ....
പേരറിയില്ല ..ഊരറിയില്ല ..
ചുമ്മാ ചിരിക്കും ..പൊട്ടിക്കരയും ...ചിലപ്പോൾ ആരോ കൊല്ലാൻ വരുന്നത് പോലെ പേടിച്ചു തിരിഞ്ഞു നോക്കി നിലവിളിച്ചു കൊണ്ട് ഓടും ..
ആരോ വിളിച്ചു ..
"എടാ ഗോപാലാ .." 
പേര് വീണു ...'വട്ടു ഗോപാലൻ '
വിശന്നാൽ ഗോപാലന് ഭ്രാന്ത് മൂക്കും ..പിന്നെ നിലവിളിയാണ് ..കൂട്ടത്തിൽ ഓട്ടവും .
ചിലനേരങ്ങളിൽ ഭ്രാന്ത് ഒന്നടങ്ങുമ്പോൾ ഗോപാലൻ നടക്കല്ലിനു താഴെ വന്നു നില്ക്കും .
തിന്നാൻ കൊടുത്താൽ വലിച്ചു വാരി തിന്നും ...ഇല്ലെങ്കിൽ കുറച്ചു കഴിഞ്ഞ് നിലവിളിച്ചു കൊണ്ടോടും .
ഇതെല്ലാം കണ്ട് സങ്കടം തോന്നിയ അമ്മിണി ടീച്ചർ ..
ഗോപാലനെ ശകുനം കണ്ടത് കൊണ്ട് തനിക്ക് ഭാഗ്യക്കുറി അടിച്ചുവെന്ന് നാട്ടിൽ പറഞ്ഞു പരത്തി ..
തത്ഫലം ഗോപാലനെ  സത്കരിക്കാൻ ആളു കൂടി .
നടക്കല്ലിൽ ചെന്നു നിന്നാൽ തിന്നാൻ കിട്ടും എന്ന വിചാരത്തിൽ ഗോപാലൻ ശകുനം മുടക്കാറുമില്ലായിരുന്നു .
ഒരിക്കൽ എപ്പോഴോ ഭ്രാന്തിന്റ്റെ ഉന്മാദത്തിൽ ആറ്റുവക്കിലെ ചാഞ്ഞ മരക്കൊമ്പിലേയ്ക്ക്  ചാടിക്കയറിയപ്പോൾ കൂത്താടാനായി പൊങ്ങിവന്ന കൂരൽക്കൂട്ടങ്ങളെ കണ്ട് ..
സ്വയം ഒരു കൂരലായി സങ്കല്പ്പിച്ച് എടുത്തു ചാടിയ ഗോപാലൻ,
വെള്ളത്തിൽ എഴുന്നു നിന്ന പാറയിൽ തലയിടിച്ച് അകാലമൃത്യു വരിച്ചത്‌ ....
ഭാസ്കരൻ കൃത്യമായി ഓർത്തെടുത്തു.
"ദാ  കട്ടൻ .."
കട്ടനുമായി സരസമ്മ മുന്നിൽ .
"നിങ്ങളീ ഈ ലോകത്തൊന്നുമല്ലേ .....എന്താ ഇത്ര ചിന്തിക്കാൻ ..?"
"ഓ ... ഞാനാ വട്ടു ഗോപാലനെ കുറിച്ചോർത്തതാ .."
ഭാസ്കരൻ പറഞ്ഞു .
"ഓർക്കുന്നതൊക്കെ കൊള്ളാം ..
ശകുനം കാണിക്കാൻ വരുന്നതിന്  അവന് ഇപ്പൊ നേരഭേദമൊന്നുമില്ലല്ലോ..
വല്ലതും ജപിച്ചു കെട്ടണം .."
സരസമ്മ സാരിയുടെ വാലറ്റം കൊണ്ട് നെറ്റി തുടച്ചു .       
         
ഭാസ്കരൻ കട്ടൻ ചുണ്ടോടടുപ്പിച്ചു .
നല്ല ചൂട് ...
ഒന്നൂതി ...ഒരു കവിൾ കുടിച്ചു .
ആശ്വാസം ..
പെട്ടെന്നൊരു നിലവിളി .
കൈയ്യിലിരുന്ന ഗ്ലാസ് ഉമ്മറപ്പടിയിൽ വച്ച് ഭാസ്കരൻ ശബ്ദം കേട്ട ദിക്കിലേയ്ക്ക് ഓടി .
വീണ്ടും നിലവിളിയുയർന്നു ...ആറ്റുവക്കിൽ നിന്നാണ് ...
കിഴക്കേതിലെ ഓമന ഓടി വരുന്നു ...
ഭാസ്കരനെ കണ്ടതും പിടിച്ചു കെട്ടിയ പോലെ അവൾ നിന്നു .
"എന്താ ഓമനേ ..."?
" ഗോപാലൻ...അവൻ വീണ്ടും വന്നു ..
ഒരുപാട് ചോറു കൊടുത്തതാ ഞാൻ ...
മരിച്ചാലും അവൻ ശകുനം നിറുത്തുന്നില്ല പാക്കരാ ...
ഇപ്പോൾ മരത്തിന്മേൽ അവനിരിക്കുന്നത് ഞാൻ കണ്ടു ...."
  
ഓമന നിന്നണച്ചു.  
'എന്നാ അതൊന്നു കണ്ടിട്ടേയുള്ളൂ ..'
ഭാസ്കരൻ കടവിനെ ലക്ഷ്യമാക്കി ഓടി .
'ഒരു എത്തും പിടിയും കിട്ടുന്നില്ല ..'
കടവിലെത്തിയ ഭാസ്കരൻ  ഇല്ലിക്കാടുകൾക്കിടയിലൂടെ നോക്കി .
ഓമന പറഞ്ഞത് സത്യം ...
ഒരു രൂപം മരത്തിൽ നിന്നും ഇറങ്ങി വരുന്നു ..
'ശകുനസമയം ഭ്രാന്തനു തെറ്റാം ....എന്നാലും ഒരു ലക്ഷണ പിശക് ..'  
ഭാസ്കരൻ ഒന്നു കുനിഞ്ഞു നിവർന്നു ..കൈയ്യിൽ തടഞ്ഞത് ഒരു കല്ല് ..
ഒറ്റയേറ് ...
ഉന്നം തെറ്റിയില്ല ..
രൂപം താഴെ വീണു ...കൂട്ടത്തിൽ ഒരു തെറിവിളിയും കേട്ടു ..
ഭാസ്കരൻ കുത്തു കല്ലുകൾ ഓടിയിറങ്ങി ..
വഴുക്കലുള്ള പാറയിൽ ചവിട്ടിയതും ചെറുതായി ഒന്നു തെന്നി ...
ആടിയുലഞ്ഞ്.. കൈകൾ വിരിച്ച് ..ഒന്നു നേരെ നിന്ന് വീണ്ടും ഓടിയടുത്തു ..
രൂപം ഒന്നുരുണ്ട് മറിഞ്ഞു വെള്ളത്തിലേയ്ക്ക് വീണു ....
അകലങ്ങളിലേയ്ക്ക് നീന്തിയകന്നു ...
ഭാസ്കരൻ വെള്ളത്തിലേയ്ക്ക് ചാടി ....ഒന്നു മുങ്ങി നിവർന്നു ..
ചുറ്റും നോക്കി ....
ശൂന്യം ....

പതുക്കെ തിരികെ പാറകളിൽ പിടിച്ചുകയറി ...
ഈറൻ പിഴിഞ്ഞ്  തുവർത്തിയുടുത്തു ..
സരസമ്മ വച്ച സോപ്പുപെട്ടി അവിടിരിക്കുന്നു ...
ഒന്നു കുനിഞ്ഞ് അതുമെടുത്ത്...
കണ്ണുകളിലേയ്ക്ക് ഒലിച്ചിറങ്ങിയ വെള്ളംവടിച്ചു കളഞ്ഞ്..
കുത്തുകല്ലുകൾ കയറുമ്പോൾ ഭാസ്കരനും ഒന്ന് തിരിഞ്ഞു നോക്കി .
ഭ്രാന്തൻ ചാടിക്കയറിയ ചാഞ്ഞമരത്തിനിടയിൽ കൂടി ചന്ദ്രപ്രഭ വെള്ളത്തിൽ ഓളം വെട്ടുന്നു ...
വീട്ടിലേയ്ക്കുള്ള ഒറ്റയടിപ്പാത താണ്ടുമ്പോൾ സ്ത്രീകളുടെ മാനത്തിന്
വിശ്വാസത്തിന്റ്റെചുവടു പിടിച്ച് നടത്തുന്ന കൊള്ളരുതായ്മകൾ
കണ്ടില്ലെന്ന് നടിക്കാൻ ഭാസ്കരനായില്ല ..
"എടിയേ ...സരസൂ ..."അയാൾ നീട്ടി വിളിച്ചു .
" ശകുനച്ചുവട് പിടിച്ച് ഒളിക്യാമറകൾ പ്രവർത്തിക്കുമെടി ..."
"എന്നതാ മനുഷ്യനെ പിച്ചും പേയും പറയുന്നത് ...."
സരസമ്മയ്ക്ക്  സംശയം .
"കുളീം നനേം ഒക്കെ ഇനി വീട്ടിൽ തന്നെ മതിയെടി ..ജപിച്ചു കെട്ടാനൊന്നും നിക്കണ്ടാ ..."
ഭാസ്കരൻ സോപ്പുപെട്ടി സരസമ്മയുടെ കൈയ്യിൽ കൊടുത്തു .
ആറ്റിറമ്പിൽ എന്തോ ഒന്നനങ്ങി .
ഉദിച്ചുയർന്ന ചന്ദ്രൻ ഒളിക്കണ്ണിട്ടു നോക്കി .
ഇല്ലിക്കൂട്ടങ്ങളുടെ ഇടയിൽ പ്രഭാത ശകുനത്തിനുള്ള തത്രപ്പാടുകൾ ..
ശകുനക്കാഴ്ചകൾ സൂര്യന് വിട്ടുകൊടുത്ത് ചന്ദ്രൻ മയങ്ങുമ്പോൾ ...
വട്ടുഗോപാലൻ വിശ്വാസരൂപാന്തരീകരണം പ്രാപ്യമാക്കിയിരുന്നു .*****************
നന്ദിനി വർഗീസ്‌         


11 comments:

 1. നന്ദിനി
  തികച്ചും കാലോചിതമായ കഥ
  നന്നായി അവതരിപ്പിച്ചു
  ഫോണ്ട് സൈസ് കൂട്ടുക
  ഒടുക്കത്തെ ഒരു തലവിധി
  പോസ്റ്റിൽ കൊടുത്ത സൈസ് കൊള്ളാം
  വായിക്കാൻ പ്രയാസം വരില്ല. ഇത് കഷ്ടിച്ച് വായിച്ചു
  ചിത്രങ്ങൾ ഓരോ വശങ്ങളിലേക്ക് മാറ്റുക
  ആശംസകൾ എഴുതുക അറിയിക്കുക
  അവിചാരിതമായി എത്തി, പോസ്റ്റ്‌ url മെയിലിൽ
  അയക്കുക.

  ReplyDelete
 2. നന്നായിരിക്കുന്നു കഥ.
  ഞെരമ്പുരോഗികളെ വീഴ്ത്താന്‍ ഭാസ്കരന്മാര്‍ ഉണ്ടാകണം.
  ആശംസകള്‍

  ReplyDelete
 3. അതു കൊള്ളാം

  നല്ല കഥ

  ReplyDelete
 4. പെട്ടെന്നൊരു ന്യൂ ജനറേഷന്‍ ട്വിസ്റ്റ്‌.. നന്നായിരിക്കുന്നു കഥ. പഴയതിലും നീളവും ഇത്തിരി കൂടി .

  ReplyDelete
 5. കഥ ഇഷ്ടായി ചിലയിടത്തെങ്കിലും തുടർവരികളെ കൂട്ടിമുട്ടിച്ചാൽ വായന കൂടുതൽ സുഗമമാകും

  ReplyDelete
 6. നല്ല കഥ നന്ദിനി. ആദ്യമായാണ് താങ്കളുടെ ബ്ലോഗില്‍.

  ReplyDelete
 7. നന്നായി എഴുതി.. ആശംസകള്‍..

  ReplyDelete
 8. ഒളികാമെര പട്ടണത്തിൽ മാത്രമല്ല നാട്ടിൻ പുറങ്ങളിലും എത്തിതുടങ്ങി എന്ന വസ്തുത കഥയാക്കിയ നന്ദിനിക്ക് അഭിനന്ദനങ്ങൾ

  ReplyDelete
 9. Veli Nottangal, Olinottangal...!

  Manoharam, Ashamsakal...!!!

  ReplyDelete
 10. കഥ നന്നായി; കാലിക പ്രസക്തം

  ReplyDelete