Friday, 15 February 2013

കുറ്റിപ്പുറത്തെ ഓന്ത്

സ്പന്ദനം 

ഓന്ത് ചിന്തിച്ചു .
'കൊള്ളാം .... ഈ വിദ്യ എനിക്ക് മാത്രം സ്വന്തം ....'
പച്ചിലകള്‍ക്കിടയില്‍ നിന്നും കരിയിലകളിലേയ്ക്ക് അവന്‍ എടുത്തുചാടി .
ഒരില പൊഴിഞ്ഞത് പോലെ ..
കരിയിലകള്‍ ഒന്നിളകി .
ഓന്ത് അടുത്തു കണ്ട ഉണക്ക മരക്കുറ്റിയിലേയ്ക്ക് കയറി തലയുയര്‍ത്തി ഗമയില്‍ നിന്നു .
അവന്‍ ആ മരക്കുറ്റിയുടെ ഒരു ഭാഗമായി മാറി ,
തലയൊന്നു കുനിച്ച് വീണ്ടുമുയര്‍ന്നു .പറന്നു വന്ന ഈച്ചയെ വായിലാക്കി ഒന്നാടിയുലഞ്ഞ് അവനിരുന്നു .

ഓന്ത് കണ്ടു .
പേര മരക്കൊമ്പില്‍ ഒരു തത്ത .
ചുവന്ന ചുണ്ടും പച്ച ശരീരവും..
'കൊള്ളാം ....'
ഓന്ത് കുനിഞ്ഞ് തന്റ്റെ ശരീരത്തിലേയ്ക്ക് നോക്കി .
'ഭംഗി പോരാ ..'
അവന് ഒരു ആഗ്രഹം ..
'തത്തയെ പോലെ തിളങ്ങണം ..'

ഓന്ത് തലയുയര്‍ത്തി .
കാപ്പിമരത്തില്‍ ചുവപ്പും പച്ചയും ഇടകലര്‍ന്ന കാപ്പിക്കുരു.
മറ്റൊന്നും ചിന്തിച്ചില്ല ...
കാപ്പിമരത്തില്‍ കയറിയ അവനു ചുറ്റും കാപ്പിക്കുരുക്കൂട്ടം മെത്ത വിരിച്ചു .
ചുവന്ന കുരുവിനെ അവന്‍ പുണര്‍ന്നു .
കൈകള്‍ ചുവക്കുന്നു .
ഓന്ത് ചിരിച്ചു .
അവന്റ്റെ സൗന്ദര്യ സങ്കല്പം വാനോളമുയര്‍ന്നു .

അവന്‍  മേലാസകലം  നോക്കി .
ഒരു ഞെട്ടല്‍ വാല് മുതല്‍ തല വരെ അരിച്ചു കയറി .
പച്ചക്കുരുവില്‍ ഇരിക്കുന്ന ഒരു കാലിനു പച്ചനിറം .മറുകാലിന് ചുവന്ന കുരുവിന്റ്റെ ചുവപ്പും. 
വയറിനും വാലിനും ചുവപ്പും പച്ചയും ഇടകലര്‍ന്ന പഴുപ്പ് കയറിയ ഒരു നിറം .

ഓന്ത് ചിന്തിച്ചു .
ഓര്‍മ്മയില്‍ കഞ്ഞിമുക്കി തേച്ച വസ്ത്രത്തിനുള്ളിലെ നിറം മാറുന്ന മനുഷ്യരൂപങ്ങള്‍.
വിരോധാഭാസം ...
ഒരുനിമിഷം തനിക്ക് മാത്രം സ്വന്തം എന്നു  കരുതിയ വിദ്യയില്‍...
സാദൃശ്യങ്ങള്‍ മുഖംമൂടിയണിയാനായി കാത്തുനില്‍ക്കുമ്പോള്‍.......
ഓന്ത് ഒന്ന് കുലുങ്ങിയിരുന്നു .
നിറങ്ങള്‍ മങ്ങി ...വീണ്ടും തെളിഞ്ഞു .

ഓന്ത് തീരുമാനമെടുത്തു .
'വേണ്ട ..'

അവന്‍ കാപ്പിമരത്തില്‍ നിന്നും കരിയിലകളിലേയ്ക്ക് എടുത്തു ചാടി .
ശബ്ദം കേട്ട് പേരമരക്കൊമ്പില്‍ ഇരുന്ന തത്ത തല ചെരിച്ച് നോക്കി .
ചിറക് ആഞ്ഞുകുടഞ്ഞ്‌ അത് പറന്നകലുമ്പോള്‍ ...

ഓന്ത് ഉണക്ക മരക്കുറ്റിയുടെ ഒരു ഭാഗമായി തീര്‍ന്നിരുന്നു .നന്ദിനി       
      
   

   

17 comments:

 1. ഓന്തിന്റെ നിറം മാറുന്ന സ്വപ്‌നങ്ങള്‍.. കൊള്ളാം.. :)

  ReplyDelete
 2. ഞാൻ "കുറ്റിപ്പുറം" സ്വദേശിയാണ്. അവിടെ മനുഷ്യരും ഓന്തുകളും മാത്രമല്ല നമുക്കറിയാവുന്ന ഒരു മാതിരിയൊക്കെ ഉണ്ട്. എന്നിട്ടും എന്തേ കുറ്റിപ്പുറത്തെ ഓന്തിനെക്കുറിച്ച് മാത്രം എഴുതി എന്ന്, ഈ ബ്ലോഗിന്റെ തലക്കെട്ട് കണ്ടപ്പോൾ, ഞാൻ സംശയിച്ചു. പക്ഷേ ഇത് കുറ്റിപ്പുറത്തെ ഓന്തല്ല മരക്കുറ്റിപ്പുറത്തെ ഓന്താണ് എന്ന് പിന്നീടല്ലെ മനസ്സിലായത്; എന്റെ ഒരു മണ്ടത്തരം.

  ReplyDelete
 3. ഓന്തിനും കുറ്റിപ്പുറത്തിനും എന്ത് ബന്ധമെന്നു എനിക്ക് പിടി കിട്ടിയില്ല.

  ReplyDelete
 4. ഓന്തിനെ പോലെ നിറംമാറുന്നവര്‍ എന്ന
  ചൊല്ലും ഉണ്ടല്ലോ!
  എഴുത്ത് നന്നായി.
  ആശംസകള്‍

  ReplyDelete
 5. നിരംമാറട്ടെ

  @ മുല്ല, കുറ്റിപ്പുറം എന്നത് സ്ഥലമായിരിയ്ക്കില്ല, മരക്കുറ്റിയായിരിയ്കും ഉദ്ദേശം

  ReplyDelete
 6. കാര്യം നന്നായി.കുറ്റിപ്പുറത്തും ഓന്തിനെപ്പോലെ നിറമാറുന്ന മനുഷ്യരുണ്ടാകും.
  പക്ഷേ, വല്ല മാവിലോ പ്ലാവിലോ തെങ്ങിലോ കഴുങ്ങിലോ കയറ്റാമായിരുന്നില്ലേ ഈ ഓന്തിനെ!
  ഈ കാപ്പിമരത്തിന്റെ ഒരുണക്കക്കുറ്റിപോലും കുറ്റിപ്പുറത്തുണ്ടാവില്ലെന്ന കാര്യം കുട്ടിക്കറിയില്ലെന്നോ?

  ReplyDelete
 7. നിറം മാറുന്നവർ............

  ReplyDelete
 8. നിറം മാറാന്‍ വിധിക്കപ്പെട്ടവര്‍ .ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

  ReplyDelete
 9. കുറ്റിപ്പുറത്തെ ഓന്ത് എന്ന് കണ്ടപ്പോള്‍ എന്നെ കുറിച്ചാണ് എന്ന് കരുതി. വായിച്ചു തുടങ്ങിയപ്പോഴാണ് ഞങ്ങടെ കുറ്റിപ്പുറം അല്ല ;വെറും മരകുറ്റിപുറം ആണ് എന്ന് മനസ്സിലായത്‌

  എഴുത്തു ശൈലി വളരെ നന്നായി..പോസ്റ്റ്‌ അധികം ദീര്ഘിച്ചുമില്ല
  ആശംസകള്‍

  ReplyDelete
  Replies
  1. ഉപ്പൂപ്പ ഇവിടെയൊക്കെ ഉണ്ടായിരുന്നോ...?

   Delete
 10. ezhuthu reethi nallathu. all the best nandini.

  ReplyDelete
 11. എല്ലാവരെയും പോലെ ഞാനും മണ്ടനായി. ഞങ്ങള്‍ക്കൊക്കെ ഒരു കുറ്റിപ്പുറമേയുള്ളൂ,അതു വറ്റി വരണ്ട നിളാ നദിയുള്ള കുറ്റിപ്പുറം.അവിടെ ഒരോന്തിനും പ്രസക്തിയില്ല. പറഞ്ഞ പോലെ ഈ ഓന്തിനു തെങ്ങിന്റെ മണ്ടയിലോ രാഷ്ട്രീയക്കാരന്റെ കൊടിയിലോ കയറിയാല്‍ പോരായിരുന്നോ?. പക്ഷെ ഒന്നുണ്ട്,വലിച്ചു നീട്ടാതെ ചുരുങ്ങിയ വാക്കുകളില്‍ കാര്യം പറഞ്ഞു.ഭാവുകങ്ങള്‍ നേര്‍ന്നു കൊണ്ട്.

  ReplyDelete
 12. കഥകള്‍ ചെറുതാണെങ്കിലും,വലിയ ചിന്തകളാണെപ്പോഴും ഇവിടെ തുടരുക.. ആശംസകള്‍

  ReplyDelete
 13. താൻ ആരാ ന്ന് തനിക്കറിയില്ലെങ്കിൽ താൻ തന്നെ അറിയാനായി ശ്രമിക്കുക, അല്ലാതെ താൻ മറ്റൊന്നാവാനല്ല ശ്രമിക്കേണ്ടത്.!
  എല്ലാം തന്നിൽ തന്നെയുണ്ട്.
  തത്വമസി.
  ആശംസകൾ.

  ReplyDelete
 14. നന്നായ് എഴുതിയിരിക്കുന്നു....ആശംസകൾ....

  ReplyDelete
 15. ഈ ഓന്തുകൾ തന്നെയാണ് ഈ നാടിന്റെ ശാപം. സൗകര്യത്തിനനുസരിച്ചു നിറം മാറ്റിക്കളിക്കുകയല്ലാതെ ഇക്കൂട്ടർക്ക് മറ്റൊന്നും ചെയ്യാനില്ല. അവർക്ക് നിറംമാറാൻ അവസരമൊരുക്കിയ നമ്മളാണു മണ്ടന്മാർ. ഇനി ഒന്നും ചെയ്യാനില്ല.. ഈ ഗതി അടുത്തകാലത്തൊന്നും മാറാൻ പോകുന്നില്ല. അനുഭവിക്കുക, അത്രതന്നെ...!

  ReplyDelete