Tuesday, 13 November 2012

ഒടുക്കത്തെ ഒരു തലവിധി

സ്പന്ദനം 

"ഒന്നു കൂടി ആഞ്ഞു ശ്വാസം വലിക്കാന്‍ നോക്കിയിരുന്നെങ്കില്‍ നീ മരിക്കില്ലായിരുന്നു ...ഒക്കെ നിന്റ്റെ തലവിധി ..അല്ലാതെന്തു പറയാന്‍ .."


സ്വര്‍ഗ്ഗ കവാടത്തില്‍ കണക്കെടുക്കാന്‍ നിന്ന ദൂതന്‍ പുസ്തകത്തില്‍ കുഞ്ഞേലിയുടെ പേര് തിരയുന്നതിനിടയില്‍ പറഞ്ഞു.


കുഞ്ഞേലി തല കുമ്പിട്ടു നിന്നു.


'മരണത്തിലും ഒരു തലവിധി'


കുഞ്ഞേലി മറുത്തൊന്നും പറഞ്ഞില്ല .

ദൂതന്‍ പേര് കണ്ടുപിടിച്ചു .
" കുഞ്ഞേലി നീ മറ്റൊന്നും ചിന്തിക്കണ്ട ..ഞാന്‍ പറഞ്ഞതിന് കാരണം ഉണ്ട് .
നീ ഇവിടേയ്ക്ക് വരേണ്ട സമയം ഇതല്ല .കുറച്ചു കൊല്ലങ്ങള്‍ നേരത്തെയാണ് നീ വന്നിരിക്കുന്നത് ..ചാവാനാനെങ്കിലും അങ്ങനെ കിടന്നു കൊടുക്കരുത് .
മനശക്തി ഒന്നെടുത്ത് പ്രയോഗിച്ചെങ്കില്‍ ഇപ്പോള്‍ നിനക്ക് കയറി കിടക്കാന്‍ ഒരിടം എങ്കിലും ഉണ്ടായേനെ ...."
ദൂതന്‍ പറഞ്ഞു .

"എനിക്കിപ്പോള്‍ മുകളില്‍ ആകാശവും താഴെ ഭൂമിയും ഇല്ലെന്നാണോ അങ്ങ് പറയുന്നത് ...?

കുഞ്ഞേലി ചോദിച്ചു .

"അതേ ...ഇപ്പോള്‍ അതാണ്‌ സ്ഥിതി .ഇവിടെ സമയനിഷ്ഠ നിര്‍ബന്ധമാണ്‌. തത്കാലം കുഞ്ഞേലി പോയിട്ട് വാ ..."

ദൂതന്‍ സ്വര്‍ഗ്ഗ കവാടം കൊട്ടിയടച്ചു .

കുഞ്ഞേലി വാവിട്ടു കരഞ്ഞു .ജീവിതം മുഴുവന്‍ തലവിധി പ്രയോഗങ്ങള്‍ .

ഇപ്പോള്‍ ഇവിടെയും ആ വിധിയില്‍ താന്‍ നിരാലംബയായല്ലോ ...


ടപ്പ് ...ടപ്പ് 


ആരോ കൈ കൊട്ടുന്നു .കുഞ്ഞേലി തിരിഞ്ഞു നോക്കി .

അങ്ങു താഴെ വലിയ ഒരു കവാടത്തിനു മുന്നില്‍ നിന്ന്, ഒരു ദിവ്യന്‍ കൈയുയര്‍ത്തി വീശുന്നു .

കുഞ്ഞേലി ദിവ്യന്റ്റെ അടുക്കലേയ്ക്കോടി .

താണു  വീണു കേണു .
" പ്രഭോ ..കയറി കിടക്കാന്‍ ഒരിടം വേണം ...."

ദിവ്യന്‍ പുഞ്ചിരിച്ചു .

"എന്റ്റെ ഭവനത്തിലേയ്ക്ക് വരാന്‍ നേരവും കാലവും ഇല്ല .ആര്‍ക്കും അപ്പോള്‍ വേണമെങ്കിലും കടന്നു വരാം ..."

ദിവ്യന്‍ കുഞ്ഞേലിയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു .അവള്‍  ദിവ്യന്റ്റെ 
ഭവനത്തിലേയ്ക്ക് നടന്നു .

കവാടത്തില്‍  പേര്  എഴുതിയിരിക്കുന്നു .


പാതാളം ....


താഴെ ഒരു വാചകവും ...


"ഏതു നേരത്തും സ്വാഗതം ...."


കുഞ്ഞേലി ഒന്നു  നിന്നു .

"പ്രഭോ ....ഇവിടുത്തെ താമസ വ്യവസ്ഥകള്‍  എങ്ങനെ ?...കുറച്ചു കൊല്ലങ്ങള്‍ കഴിയുമ്പോള്‍ സ്വര്‍ഗ്ഗ കവാടം എനിയ്ക്കായി തുറക്കും .... ?"

ദിവ്യന്‍ വീണ്ടും പുഞ്ചിരിച്ചു .

അദ്ദേഹം പറഞ്ഞു .
"ആര്‍ക്കും അപ്പോള്‍ വേണമെങ്കിലും ഇവിടെ നിന്ന് തിരികെ പോകാം .പാതാള വാതിലുകള്‍ തുറന്നു തന്നെയിരിക്കും .അത് ആര്‍ക്കു നേരെയും കൊട്ടിയടയില്ല "

കുഞ്ഞേലിക്ക് ആശ്വാസമായി .

പാതാളമെങ്കില്‍ അത് ...
കുഞ്ഞേലി പാതാളം തിരഞ്ഞെടുത്തു .

അവള്‍ പാതാളത്തിലൂടെ നടന്നു .വഴി വിജനമായിരുന്നു .


"ഇവിടാരും ഇല്ലേ ....?"  


 കുഞ്ഞേലി വിളിച്ചു ചോദിച്ചു .


"കുഞ്ഞേലീ ................"


പെട്ടെന്നൊരു വിളി .അവള്‍ തിരിഞ്ഞു നോക്കി .

വടക്കേതിലെ ദാക്ഷായണി ഓടി വരുന്നു .

"ദാക്ഷായണി ...നീ ഇവിടെയാണോ ..?എത്ര കൊല്ലങ്ങള്‍ മുമ്പ് പോന്നതാ നീ സുഖമാണോ ഇവിടെ ."

കുഞ്ഞേലി ചോദിച്ചു .

"സുഖം തന്നെ ....ഇവിടെ എല്ലാവരും ഉണ്ടെടി ...കുറ്റിപ്പുറത്തെ അവറാച്ചനും ഭാര്യയും ....പാലക്കടവിലെ  ശോശാമ്മയും പിള്ളേരും ..പിന്നെ നിന്റ്റെ അടുത്ത കൂട്ടുകാരി ചിന്നകുട്ടിയും ...."


കുഞ്ഞേലി അമ്പരന്നു .

"അവരെല്ലാം ഇവിടെ ഉണ്ടോ ....?"

"ഉവ്വെടി ....നീ വാ ..."  

ദാക്ഷായണി കുഞ്ഞേലിയുടെ കൈ പിടിച്ചു .

ശ്വാസം വലിക്കേണ്ട നേരത്ത് അത് ചെയ്യാതെ നിശ്ചിത സമയത്തിനു മുമ്പ് വന്നത് കാരണം ഇവിടേയ്ക്ക്  വരേണ്ടി  വന്ന   തന്റ്റെ വിധിയില്‍ ,

 കൂടുതല്‍ തലവിധി പ്രയോഗങ്ങള്‍ കേള്‍ക്കേണ്ടി വരുമല്ലോ .....  
കുഞ്ഞേലി കൈ വിടുവിച്ചു ....

"ഇല്ല... ഞാന്‍ വരുന്നില്ല ...."

അവള്‍ തിരിഞ്ഞു നടന്നു .

"കുഞ്ഞേലി ...നീ നില്‍ക്ക് ...."

ദാക്ഷായണി പിറകെ ഓടി വന്നു .
" നീ ഒന്ന് കൂടെ ചിന്തിക്ക്...ഇവിടെ പരമ സുഖമാ ...ഇഷ്ടമുള്ളത് പോലെ ജീവിക്കാം ..ഒരു തടസ്സവും ഇല്ല ...ഒരിക്കല്‍ വന്നവര്‍ പിന്നെ തിരിച്ചു പോവില്ല .
നീ വാ ...."
കുഞ്ഞേലി കുതറിയോടി ....

' വേണ്ട ...തലവിധി തിരുത്തണം ...'

പാതാള വാതിലിലൂടെ കുഞ്ഞേലി പുറത്തു കടന്നു 

ഇന്നലെ വരെ തനിക്ക് സ്വന്തമായിരുന്ന ശരീരം തേടി അവള്‍ യാത്രയായി .

'ആ ശരീരത്തില്‍ കയറി കൂടി ആഞ്ഞു ശ്വാസം വലിച്ചു നോക്കാം ...
തലവിധി  തിരുത്താനായാലോ ....'

കുഞ്ഞേലി തന്റ്റെ ശരീരം തേടിയലഞ്ഞു .


ഒടുവില്‍ ഇടവക പള്ളിയിലെ സിമിത്തേരിയില്‍ ആറടി മണ്ണിനടിയില്‍ അവള്‍ അത് കണ്ടു .


ഒരു നിമിഷം ....കുഞ്ഞേലി വരും വരായ്കകളെ കുറിച്ച് ഓര്‍ത്തു പോയി .


'ശരീരത്തില്‍ കടക്കുക എളുപ്പം...ശ്വാസവും വലിക്കാം ...ഒരു പക്ഷെ ....

ജീവന്‍ തിരികെ കിട്ടിയാല്‍ മണ്ണിനടിയില്‍ നിന്നും എങ്ങനെ പുറത്തു കടക്കും '

'നടക്കില്ല ...തലവിധി ...'വീണ്ടും പാതാള വാതിലില്‍ തിരികെയെത്തുമ്പോള്‍ ദിവ്യന്റ്റെ മുഖത്തു തെളിഞ്ഞ വിജയ ഭാവം കുഞ്ഞേലി കണ്ടില്ല എന്ന് നടിച്ചു .


കുഞ്ഞേലിയെ കണ്ട് ദാക്ഷായണി ഓടി വന്നു .


"തലവിധി തന്നെ ..." അവള്‍ പറഞ്ഞു .


അവള്‍ കുഞ്ഞേലിയുടെ കരം പിടിച്ച്  നടന്നു നീങ്ങി . 

നന്ദിനി 

  
   
      

      

Sunday, 11 November 2012

ഒരു മണി മുഴക്കത്തിലെ നഷ്ടം

സ്പന്ദനം
ഒന്ന്.... രണ്ട് .....മൂന്ന് ....നാല് .
മണി മുഴങ്ങുന്നു .

പതിവിലേറെ നേരം മുഴങ്ങിയ മണിയില്‍ കോപിഷ്ഠനായ രാജാവ് സമയം നോക്കി .
വൈകുന്നേരം ആറ് മണി .
"ആരവിടെ ..."

താണു വീണു വണങ്ങിയ സേവകനോടായി അദ്ദേഹം കല്‍പ്പിച്ചു .
"മണി മുഴക്കിയവനെ ഉടന്‍ ഹാജരാക്കുക ..."
അല്പ്പസമയത്തിനകം അവന്‍ ഹാജര്‍ .
"അങ്ങുന്നേ എന്തിനാണാവോ അടിയനെ വിളിപ്പിച്ചത് ..."

അവന്‍ വണങ്ങി നിന്നു .
"ഇത്രയധികം മണി ഒരുമിച്ചു മുഴക്കാന്‍ നിനക്ക് ആരാണ് അധികാരം തന്നത് .."
രാജാവ് കോപിച്ചു .
" അങ്ങുന്നേ അടിയന്‍ കണ്ടത് ചെയ്തു ..അത്രമാത്രം.."
അവന്‍ പറഞ്ഞു .
" നീ എന്താണ് കണ്ടത് ..."
"അങ്ങുന്നു പറഞ്ഞതിന് പ്രകാരം മാത്രമാണ് അടിയന്‍ മണി മുഴക്കിയത് .."
"ഞാന്‍ പറഞ്ഞതോ ..."
രാജാവിന് കോപം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല .

".അതേ ..ഇന്ന് നാലെണ്ണം ഒന്നിന്  പിറകെ ഒന്നായി വന്നു വീഴുകയായിരുന്നു ...."
" നാലെണ്ണമോ...സാധാരണ ആഴ്ചയില്‍ ഒന്നോ രണ്ടോ ആയിരുന്നാല്ലോ ..?"
രാജാവിന്റ്റെ തല പുകഞ്ഞു .
അദ്ദേഹം തിരിഞ്ഞു നടന്നു .

പരീക്ഷണ വസ്തുക്കളുടെ വീഴ്ചയെ അധാരമാക്കി  മണി മുഴക്കാന്‍
 ഏല്പ്പിച്ചവനെ ശാസിച്ചതിന്റ്റെ ജാള്യത ആ മുഖത്തുണ്ടായിരുന്നു .
'ഇങ്ങനെ പോയാല്‍ തന്റ്റെ ഗ്രഹോപരിതലം ഭൂവാസികളുടെ 
പരീക്ഷണശാലയാകുമല്ലോ ...'

രാജാവ് ദു:ഖിച്ചു .
തന്റ്റെ അന്വേഷണങ്ങള്‍ ഭൂമി എന്ന ഗ്രഹത്തില്‍ അവസാനിക്കുന്നു .പരിഹാരം കണ്ടെത്തുക തന്നെ ..'
കുണ്ടിലും കുഴിയിലും ഗുഹകളിലും വസിക്കുന്ന തന്റ്റെ പ്രജകളുടെ പരിതാപ അവസ്ഥ ഓര്‍ത്തു മനംനൊന്ത രാജാവ് പെരുമ്പറ കൊട്ടി .

മനസ്സമാധാനത്തോടെ ഒന്ന് പുറത്തിറങ്ങി നടക്കാന്‍ പോലും ഭയന്നിരുന്ന ഗ്രഹവാസികള്‍ ചങ്കിടിപ്പോടെ പുറത്തിറങ്ങി .ഗ്രഹാന്തര്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന രാജകൊട്ടാരത്തിലേയ്ക്ക്  അവര്‍ കൂട്ടമായി എത്തി .
മണി മുഴങ്ങി .

യോഗനടപടികള്‍ ആരംഭിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കവേ ഒരു വലിയ ബഹളം .
യോഗ സ്ഥലത്തിന്റ്റെ ഇടത്തെ വശത്തിരുന്നവര് ഓടി മാറുന്നു .
"എന്താണവിടെ ..?"
രാജാവ് സ്വരമുയര്‍ത്തി ..
ഇടത്ത് ഭാഗത്തെ ഭിത്തിയില്‍ വിള്ളലുകള്‍ രൂപപെടുന്നു .

"എല്ലാവരും വേഗം പുറത്തു കടക്കുക.."
രാജാവ് കല്‍പ്പിച്ചു ..
ആളുകള്‍ ഉന്തി തള്ളി പുറത്തു കടന്നു .
രാജ സന്നിധിയില്‍ അന്വേഷണ ഉദ്യോഗസ്ഥന് വിവരവുമായി മടങ്ങിയെത്തി.
" ഒരു പരീക്ഷണ വസ്തു കൂടി എത്തിയിരിക്കുന്നു.ഗ്രഹാന്തര്‍ഭാഗത്തെ കുഴിയില്‍ വന്നിറങ്ങി  പരീക്ഷണാടിസ്ഥാനത്തില് അത് ‍ പാറ തുരക്കുന്നു.."

വിള്ളലുകള്‍ ഭിത്തിയില്‍ ഭൂപടം തീര്‍ത്തപ്പോള്‍ രാജാവ് പ്രജകളെ കൂട്ടി മറ്റൊരു ഭാഗത്തേയ്ക്ക് നീങ്ങി .


" ഇനിയും താമസിപ്പിച്ചു കൂടാ ..എത്രയും വേഗം സന്ധി സംഭാഷണത്തിനുള്ള വഴികള്‍ കണ്ടെത്തണം ....."
ഇതുവരെ ഒരു ഭൂവാസിയെ പോലും കണ്ടെത്താനാവാതെ കുഴയുന്ന രാജാവിന് ആ സംസാരം തന്നെ മണ്ടത്തരമായി തോന്നി .


എങ്കിലും അദ്ദേഹം പറഞ്ഞു .
" അന്വേഷിക്കുക ..കണ്ടെത്തുക ഗ്രഹോപരിതലത്തില്‍വന്നിറങ്ങുന്ന ഓരോ   പരീക്ഷണ വസ്തുവും സൂഷ്മമായി നിരീക്ഷിക്കുക "


യോഗം പിരിഞ്ഞപ്പോള്‍ രാജാവ്അസ്വസ്ഥനായിരുന്നു .
തന്റ്റെഗ്രഹവാസികളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന ഭൂവാസികളുടെ പരീക്ഷണങ്ങള്‍ ഒരു സര്‍വ്വ നാശത്തിന് കോപ്പുകൂട്ടുന്നത് കണ്ട് ആ മനസ്സ് നെടുവീര്‍പ്പെട്ടു .


ദിവസങ്ങള്‍ കടന്നു പോയി .ഒറ്റയ്ക്കും പെട്ടയ്ക്കും ഇടയ്ക്കിടെ മുഴങ്ങുന്ന മണികള്‍ ഒരു ജനതയെ ഉദ്വേഗത്തിന്റ്റെ മുള്‍മുനയില്‍ നിറുത്തി .ഓരോ മണി മുഴങ്ങുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ പരക്കം പാഞ്ഞു .
ഭൂവാസിയെ തേടിയുള്ള ആ പാച്ചിലില്‍ ഗ്രഹവാസികളുടെ സ്വൈര്യ ജീവിതം നഷ്ടപ്പെട്ടു .


രാജാവ് ഭക്ഷണത്തിനിരുന്നു.
ഓരോ ദിവസം ചെല്ലുന്തോറും എണ്ണത്തില്‍ കുറവ് കാണുന്നു .
കാരണം രാജാവ് ചോദിച്ചില്ല .
ഗ്രഹവാസികളുടെ ദിനചര്യകളും ആവശ്യങ്ങളും   ഒത്തുപോകാന്‍ പ്രയാസപ്പെടുമ്പോള്‍ ഭക്ഷണോല്പ്പാദനത്തിനും അതില്‍
നിന്നുളവാകുന്ന ദൌര്‍ലഭ്യത്തിനും  എന്ത് പ്രസക്തി ..... 


 
മണി മുഴങ്ങി .
രാജാവ് ഒരു റൊട്ടി കക്ഷണം കൈയ്യിലെടുത്തു .
സര്‍വ്വത്ര ബഹളം .
വാതിലുകള്‍ തുറന്നടയുന്നു ...ആരൊക്കെയോ ഓടി വരുന്നു ...


അദ്ദേഹം ചാടി എണീറ്റു .
"ആരവിടെ ...?"
ഓടി വന്ന സേവകന്‍ ചൊവ്വയോളം താണു.
"എന്താണവിടെ ...?"
"അങ്ങുന്നേ ഭൂവാസിയെ കണ്ടെത്തിയിരിക്കുന്നു ....."രാജാവ് തന്റ്റെ കൈയ്യിലിരിക്കുന്ന റൊട്ടി കക്ഷണത്തെ ഒരു നിമിഷം മറന്നു .
സേവകന്റ്റെ പിന്നാലെ ഗ്രഹോപരിതലത്തിലേയ്ക്കുള്ള പടികള്‍ കയറുമ്പോള്‍ ജിജ്ഞാസ അദ്ദേഹത്തെ കീഴ്പെടുത്തിയിരുന്നു .


മുകളിലെത്തി ....
രാജാവ് കണ്ടു ...ദൂരെ നാല് കാലുകളില്‍ ഒരു പരീക്ഷണ വസ്തു നിലയുറപ്പിച്ചിരിക്കുന്നു .


അദ്ദേഹം ചുറ്റും നോക്കി ...പ്രജകളെല്ലാം തന്നെ എത്തിയിരിക്കുന്നു.ദൂരെ മാറി നില്‍ക്കുന്ന അവര്‍ നല്ലൊരു ഭാവി മുന്നില്‍ കണ്ട് പ്രതീക്ഷയോടെ രാജാവിനെ നോക്കി .


അദ്ദേഹം മുന്നോട്ട് നടന്നു .പരീക്ഷണ വസ്തുവിന്റ്റെ മുന്നിലെത്തി.
"താങ്കള്‍ക്ക് ചൊവ്വ ഗ്രഹത്തിലേയ്ക്ക് സ്വാഗതം ..."
രാജാവ് ഉറക്കെ വിളിച്ചു പറഞ്ഞു .
ശബ്ദം കേട്ട് ഭൂവാസി തിരിഞ്ഞു നോക്കി .
ആ കണ്ണുകളില്‍ നിന്ന് വികാരം തിരിച്ചറിയാന്‍ രാജാവ് പാടുപെട്ടു .


മറുപടിയില്ല ...
അടുത്തു നിന്ന സേവകന്‍ കൈകളുയര്‍ത്തി വീശി .
ഭൂവാസി തിരിഞ്ഞു നോക്കി ....ആ കണ്ണുകളിലെ ആകാംഷ രാജാവ് തിരിച്ചറിഞ്ഞു .
അദ്ദേഹം തന്റ്റെ കരങ്ങളുയര്‍ത്തി..


ഒരു നിമിഷം ....
ചാടിയിറങ്ങിയ ഭൂവാസി രാജകരങ്ങളിലിരുന്ന റൊട്ടി കക്ഷണം ആര്‍ത്തിയോടെ ഭക്ഷിച്ചു .
പ്രജകളുടെ കരഘോഷത്തിനിടയില് കൂടി രാജാവ് ഭൂവസിയുടെ ഒപ്പം കൊട്ടാരത്തിലേയ്ക്ക്  നടന്നു .


അങ്ങ് ഭൂമിയില്‍ .....
പരീക്ഷണ ഉപഗ്രഹം ലക്ഷ്യം പൂര്‍ത്തിയാക്കിയ ആഹ്ലാദത്തില്‍ സ്വന്തം അസ്തിത്വം നഷ്ടപ്പെട്ടതറിയാതെ........
ഭൂവാസികള്‍ ഒന്നടങ്കം ആ കരഘോഷത്തില്‍ പങ്കുചേര്‍ന്നു.


വിജയാഹ്ലാദം നുരഞ്ഞു പൊങ്ങുമ്പോള്‍ അകലെ ചൊവ്വ ഗ്രഹവാസികള്‍ ഭൂവാസിയുടെ    ഭാഷ     പഠിക്കുകയായിരുന്നു ....

"ബൌ...... ബൌ ...."

   ‍നന്ദിനി

Tuesday, 16 October 2012

കുറുനരി പ്രണയംസ്പന്ദനം 

അന്ന് കുറുക്കന്‍ പതിവിലേറെ നേരം ഓലിയിട്ടു ....
നീലിയുടെ പ്രണയം പൂവിട്ടു.കുറുക്കന്‍ പുളകിതനായി. 

" എന്റ്റെ പേരും പറഞ്ഞ്  നീ മുതലെടുക്കുന്നോ ...?
 അത് ഈ വീട്ടില്‍ നടക്കില്ല ..."
കുറുപ്പിന് കലി തീരുന്നില്ല ..
നീലി  നിന്ന് വിറച്ചു 
      
അത് പേടി  കൊണ്ടായിരുന്നില്ല .
കോപം നീലിയെ വിറപ്പിച്ചു.

" നീ എന്റ്റെ പേരില്‍ എന്തൊക്കെ നേടിയെടി ....?'

കുറുപ്പ് വീണ്ടും അലറി .
നീലിയുടെ ഹൃദയം വിറച്ചു .
സമൂഹം നീലിയെ വിറപ്പിച്ചു .

" നീ എന്റ്റെ ജീവിതം നശിപ്പിച്ചില്ലേടി...?"

കുറുപ്പ് അലര്‍ച്ച തുടര്‍ന്നു .
നീലിയുടെ ചുണ്ട് വിറച്ചു .
വാക്കുകളുടെ ശക്തി  നീലിയെ വിറപ്പിച്ചു .

നീലി   വാ തുറന്നു .

അപ്പോള്‍  കുറുക്കന്‍  ഒന്നിരുത്തി  മൂളി .......
പ്രണയ തീവ്രത നീലിയെ അടക്കി ഭരിച്ചു .

"ജീവിതം  തന്നെന്ന്‍  പറയടാ ..."

നീലി അലറി .
കുറുപ്പ്  നിന്നു വിറച്ചു .

അത് പേടി കൊണ്ടായിരുന്നില്ല
നഷ്ടബോധം  കുറുപ്പിനെ വിറപ്പിച്ചു.

"  എന്റ്റെ  മാന്യത നീ കളഞ്ഞില്ലേടാ..."

നീലി വീണ്ടും അലറി .
കുറുപ്പിന്റ്റെ  ഹൃദയം വിറച്ചു .
അഭിമാനക്ഷതം കുറുപ്പിനെ വിറപ്പിച്ചു.

" നീ ഞാന്‍ മൂലമല്ലേടാ  വളര്‍ന്നത് ...?"

നീലി  നില മറന്നു .
കുറുപ്പി ന്റ്റെ  ചുണ്ട്  വിറച്ചു .
ഇടുങ്ങിയ  മനസ്സുകള്‍ കുറുപ്പിനെ വിറപ്പിച്ചു .

കുറുക്കന്‍  ചോര കുടിക്കാന്‍ ആര്‍ത്തി പൂണ്ടു .
പ്രണയം കൊടുമ്പിരി കൊള്ളുന്നതില്‍   അവന്‍ രസിച്ചു .

കുറുപ്പും നീലിയും ഒരുമിച്ചു വിറച്ചു.
ചോര നീരായി പോയതും 
നീരില്‍ നീറ്റലകന്നതും  കുറുക്കന്‍ അറിഞ്ഞില്ല ....

 കുറുക്കന്‍  വീണ്ടും ഓലിയിടാന് തുടങ്ങി ...
 അവന്‍ പ്രണയിക്കാന്‍ കൊതിച്ചു കൊണ്ടിരുന്നു ..


നന്ദിനി ‍ 
              
  

Friday, 14 September 2012

അനന്താലിംഗനം ആനന്ദമോ ?


സ്പന്ദനം 

    പത്തു കണ്ണുകള്‍ അഞ്ചു തലകളിലായ് ഉയര്‍ന്നു തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ മഹാവിഷ്ണു ആ കണ്ണുകളിലേയ്ക്ക് നോക്കി പുഞ്ചിരിച്ചു .
" അനന്താ ..നീ ഇത് കാണൂ .."
മഹാവിഷ്ണു വിരല്‍ ചൂണ്ടിയിടം ഒരു ഗോളമായ് രൂപപ്പെട്ട് ചിത്രങ്ങള്‍ തെളിയുമ്പോള്‍ അനന്തന്‍ പത്തു കണ്ണുകളും അതില്‍ കേന്ദ്രീകരിക്കാന്‍ പാടുപെട്ടു  .
മകന്‍ അത്താഴം കഴിഞ്ഞു കൈ കഴുകി .
' അമ്മയെ ഒന്ന് വിളിക്കാം ..'
മൊബൈല്‍ കൈയ്യിലെടുത്തു .മണിമുഴക്കത്തിനൊടുവില് ‍ അങ്ങേത്തലയ്ക്കല്  ഒരു പതിഞ്ഞ സ്വരം .
" ഹലോ  "
" അമ്മേ ഞാനാ മാണിക്യന്‍ .."
" എന്റെ  മോനെ നിന്റ്റെ ശബ്ദം കേട്ടല്ലോ ..സന്തോഷമായി ..എന്തൊക്കെയുണ്ടെടാ വിശേഷം ..? സുഖമാണോ ..? മഴയുണ്ടോ ....?"
അമ്മയ്ക്ക് ഒരുപാട് ചോദ്യങ്ങള്‍ ...
ആ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം മാണിക്യന്‍ ഒരു വാചകത്തിലൊതുക്കി  .
" അടിപൊളിയായി പോകുന്നമ്മേ.."
അമ്മയ്ക്ക് മകന്റ്റെ സ്വരം കേള്‍ക്കാന്‍ വീണ്ടും കൊതി ..
" അമ്മേ ..പിന്നെ ഒരു വിശേഷമുണ്ട് ...അളിയന്റ്റെ വിവാഹമാണ് ...വരുമല്ലോ .."?
മാണിക്യന്‍ ചോദിച്ചു .
" ഇവിടുന്ന് ഒരു പട്ടീം വരുന്നില്ല ..."

  അഹം അസ്ത്രാരൂപ 
 പിതാമഹ പ്രസ്താവന ......

അമ്മയുടെ പതിഞ്ഞ   സ്വരം  ഒന്ന് ഞടുങ്ങി .
ഞടുക്കം ബാധിച്ച സ്വരം മറ്റൊരു സ്വരത്തിന് കീഴടങ്ങിയപ്പോള്‍ മാണിക്യന്‍ തലകുടഞ്ഞു .
 ചിതറിയ ചിന്തകള്‍ മകന്റ്റെ ‍ശിരസ്സില് സമാധാനമായി  പെയ്തിറങ്ങി .ആയുസ്സിലാദ്യമായി ലഭിച്ച മനസമാധാനത്തില്‍ മാണിക്യന്റ്റെ  ദീര്‍ഘ ശ്വാസം  അതിര്‍ വരമ്പുകള്‍ ഭേദിച്ചു .
'തെറ്റിദ്ധാരണ മാറിയല്ലോ ..'
നാളുകളായി തേടിയ ഉത്തരം കണ്ടെത്തിയ മാണിക്യന്‍ അന്ന്  സുഖമായി ഉറങ്ങി .

മരുമകന്‍ പറഞ്ഞാല്‍ പോരല്ലോ ...അച്യുതന്‍ നായര്‍ക്ക്  നിര്‍ബന്ധം.
എല്ലാവരെയും വിളിക്കണം .
ഫോണ്‍ കൈയ്യിലെടുത്തു ...
കറക്കി ....
മണിയടി അവസാനിച്ചപ്പോള്‍ അങ്ങേ തലയ്ക്കല്‍ ഒരു കുട്ടിയുടെ സ്വരം ..
" അലോ....?
  ആരാ ....?
  എവിടുന്നാ...?
  എന്തിനാ വിളിക്കുന്നത് ...?
  ആരെ വേണം ..?
  ഇത് വാവയാ....ഇന്ന് വാവ പുട്ടും കടലേം കഴിച്ചു .അമ്മ ചോറ് വയ്ക്കുവാ ..."

നായരുടെ   തല മരച്ചു.സമയത്തിന് പൊന്നും വിലയിട്ട് വിവാഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പാടുപെടുന്ന അദ്ദേഹം കുട്ടി പാഴാക്കിയ സമയം തിരിച്ചു പിടിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു .

കിട്ടിയ തക്കത്തില്‍ നായര്  പറഞ്ഞു . 
" കുട്ടി അമ്മയ്ക്ക് ഫോണ്‍ കൊടുത്തേ.."

കുട്ടിയുടെ  അമ്മ ഫോണ്‍ എടുത്തു ..
"ഇവിടാരും ഇല്ല ...."
അവിടാരും ഇല്ല ...പിന്നെ അവരൊക്കെ ആരാ.. 
അച്യുതന്‍ നായര്‍  തല കുടഞ്ഞു ...


ചിതറിയ ചിന്തകള്‍ മാണിക്യന്റ്റെ  ഉറക്കത്തിനു താരാട്ടായി ...
ദിവസങ്ങള്‍ പലതു കഴിഞ്ഞു .
നായര്‍  വീണ്ടും ഫോണ്‍ എടുത്തു...
കറക്കി ..
മണിമുഴക്കത്തിനൊടുവില്‍ മുഴങ്ങിയ ഘനഗംഭീര സ്വരം കേട്ട് നായര്  ഒന്ന് ഞെട്ടി 
" ഉം ..ആരാ "   സ്വരം മുഴങ്ങി ..
" പിള്ളേച്ചോ ഞാനാ  അച്യുതന്‍ ...മരങ്ങാട്ടുപള്ളീന്ന്‍..."....മോന്റ്റെ വിവാഹമാണ് .."
നായര്‍ പറഞ്ഞു .
എന്തൊക്കെയോ താഴെ വീണു. ഫോണ്‍ കട്ടായി .
നായര്‍ക്ക് വിഷമമായി ..
പിള്ളയ്ക്ക് പക്വത വേണ്ടതിലധികം ...'പിന്നെ എന്തേ ഇങ്ങനെ ...?
നായര്‍ ചിന്തിച്ചു കൊണ്ടേയിരുന്നു .
അതോ പിള്ളയ്ക്ക് സൂക്കേട്‌ വല്ലതും ....'
വീണ്ടും കറക്കി .
"ആരാ...?"
" ഞാനാ അച്യുതന്‍ ...എന്ത് പറ്റി...ഫോണ്‍ കട്ടായിപ്പോയല്ലോ "
നായര്‍ ചോദിച്ചു .
"എടോ...തന്റ്റെ  ഒരു  കാര്യവും എനിക്ക് കേള്‍ക്കണ്ട ..താന്‍ തന്റ്റെ മോനെ കെട്ടിക്കുകയോ  കെട്ടിക്കാതിരിക്കുകയോ ചെയ്യ്‌ ..."
പിള്ള അലറി .
നായര് ഒരു നിമിഷം ഒന്നറച്ചു .
'പക്വതക്കൂടുതല്‍  അലങ്കാരമാക്കിയ പിള്ളേച്ചനു ഇത് എന്ത് പറ്റി...
നായര്‍ വളരെ സൗമ്യതയോടെ പറഞു ...
"പിള്ളേച്ചോ ഇതാദ്യം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ രണ്ടാമത് വിളിക്കില്ലായിരുന്നല്ലോ ..."
നായര് ഫോണ്‍ വച്ചു.
'എന്തിനാണ് പിള്ള കുരച്ചത്...'
നായര്‍ തല കുടഞ്ഞു .
ചിതറി വീണ ചിന്തകളില്‍ പെട്ട്  മാണിക്യന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു .
" ഇവിടുന്ന്‍ ഒരു പട്ടീം വരുന്നില്ല ..."
ഒരു തലമുറയുടെ ഭോഷത്തരത്തിനൊടുവില്‍ ഉത്തരം വീണ്ടും  മാണിക്യനെ തേടിയെത്തി .

 ഗോളത്തില്‍ ചിത്രങ്ങള്‍ മാഞ്ഞിരിക്കുന്നു .
പുകയുന്ന അഞ്ചു തലകളില്‍ സാമാന്യബുദ്ധി വിശേഷാല്‍ ബുദ്ധിയുമായി പടവെട്ടിക്കൊണ്ടിരുന്നു .
" അനന്താ ...എന്ത് തോന്നുന്നു ..?"
മൌനം ...
മഹാവിഷ്ണു തലയുയര്‍ത്തി.
പത്തു കണ്ണുകളില്‍ അലയടിക്കുന്ന വികാരാഗ്നി തിരിച്ചറിയാന്‍ പ്രയാസം .
ചിന്തകള്‍ അനന്തനില്‍ അലയടിക്കവേ മഹാവിഷ്ണു ഒന്നു മയങ്ങി .
അജ്ഞാത അനുഭവം തന്റ്റെ ശരീരത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ട്ടിച്ചപ്പോള്‍ അദ്ദേഹം കണ്ണു തുറന്നു .

'അനന്തനെവിടെ ..?'

മഹാവിഷ്ണു ചാടി എഴുന്നേറ്റു ..
അനന്തതയിലേയ്ക്ക് ചൂണ്ടിയ വിരലുകള്‍ക്ക് മുന്നില്‍ രൂപപ്പെട്ട ഗോളത്തില്‍ ചിത്രങ്ങള്‍ തെളിഞ്ഞു .
'ഒരു തലമുറയെ വരിഞ്ഞു മുറുക്കുന്ന അനന്തന്‍ ...സീല്‍ക്കാരത്തിനിടയില്‍ വിഷം ചീറ്റുന്ന നാഗത്താല്‍ ചുറ്റി പിണഞ്ഞ് അട്ടഹസിക്കുന്ന നീലിച്ച മനുഷ്യര്‍ ...'

അനന്താലിംഗനം ആനന്ദമാക്കാന്‍ വെമ്പുന്നവരുടെ മരവിച്ച ചിന്താഗതികള്‍ക്ക് മുന്നില്‍ മഹാവിഷ്ണു  വിരല്‍ മടക്കി .
അനന്തശയനത്തിനായി കൊതിച്ച ആ ഹൃദയം ഇതിനകം നീല ജലാശയത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു .നന്ദിനി    Tuesday, 12 June 2012

അന്ധതയുടെ അഞ്ചാം പടി

സ്പന്ദനം
റെക്ടര്‍ അച്ചന്‍ വിളിപ്പിച്ചിരിക്കുന്നു.

പിന്നെ ബ്രദര്‍ പൌലോ മറുത്തൊന്നും ചിന്തിച്ചില്ല .ഒരോട്ടമായിരുന്നു .
നാല് നില മുകളിലാണ് റെക്ടര്‍ അച്ചന്റെ  മുറി .പടികള്‍ ചവിട്ടി കയറിയാലേ ശരിയായ വ്യായാമമാകൂ എന്ന പ്രസംഗത്തിന്റെ  ചുവടു പിടിച്ച്
 പൌലോ ലിഫ്റ്റിനു നേരെ തിരിഞ്ഞു നിന്നു .
തിടുക്കത്തില്‍ പടികള്‍ ഓടി കയറി .

രണ്ടാം നിലയിലെ അഞ്ചാം പടി ..പൌലോ മറന്നില്ല .
ഓട്ടം നിന്നു .
പതുക്കെ കുനിഞ്ഞ് ആ പടിയില്‍ തൊട്ടു ..പവിത്രമായ ആ സ്പര്‍ശനം അനുഭവിച്ചിട്ടാകണം
അദ്ദേഹം കൈ ചുണ്ടോടമര്‍ത്തി.
ഒരു മുത്തം ...!

നിവര്‍ന്നു ....വീണ്ടും ഓട്ടം.....

. കണ്ടു നിന്ന തൂപ്പുകാരി ത്രേസ്യ ഓടിച്ചെന്നു .
" ആ പടിക്കെന്തെ ..ഇത്ര വിശേഷം ..?
ഇപ്പോള്‍ അത് തുടച്ചതാണല്ലോ..
അതോ ഞാൻ  കാണാതെ എന്തെങ്കിലും ‍ അവിടെ ഉണ്ടായിരുന്നോ ..?"
" ദൈവമേ ക്ഷമിക്കണേ.."
ത്രേസ്യ തേങ്ങി ...
അവള്‍ പടി അടിമുടി നോക്കി .
"ഇല്ല ...ഒന്നുമില്ല .."
ചോദിക്കാന്‍ വേണ്ടി തിരിഞ്ഞപ്പോള്‍ പൌലോയുടെ പൊടി പോലും ഇല്ല .
"...എന്തെങ്കിലുമാകട്ടെ .."
ത്രേസ്യ തന്റെ  പണി തുടര്‍ന്നു.


വരാന്തയുടെ അങ്ങേ തലയ്ക്കല്‍ എത്തിയപ്പോള്‍ ഒരു സംസാരം .
ത്രേസ്യ തിരിഞ്ഞു നോക്കി .
റെക്ടര്‍ അച്ചനും ബ്രദര്‍ പൌലോയും പടികളിറങ്ങി വരുന്നു .
രണ്ടാം നിലയിലെ അഞ്ചാം പടി എത്തിയപ്പോള്‍ രണ്ടുപേരും നിന്നു .
റെക്ടര്‍ അച്ചന്‍ കുനിഞ്ഞ് പടിയില്‍ തൊട്ടു മുത്തി .
പൌലോ കുനിഞ്ഞ് മുത്തി നിവര്‍ന്നപ്പോള്‍ മൂക്ക് മുട്ടിയോ എന്ന് പോലും ത്രേസ്യ സംശയിച്ചു .
കൗതുകത്തോടെ അവള്‍ അത് നോക്കി നിന്നു .


അന്ന് വൈകിട്ട് പണി കഴിഞ്ഞു വീട്ടിലെത്തിയിട്ടും പടിയുടെ ഓര്‍മ്മ അവളെ വിട്ടു പോയിരുന്നില്ല .
" സാരമില്ല ..ആരെങ്കിലും പറഞ്ഞു തരും ..."
അവള്‍ ആശ്വസിച്ചു .
പിറ്റേന്നു മുതല്‍ പടികള്‍ തുടയ്ക്കുമ്പോള്‍ പ്രത്യേകം കരുതല്‍ ആ പടിക്ക് കൊടുക്കാന്‍
അവള്‍ ശ്രദ്ധിച്ചിരുന്നു .മേല്‍ പടിയില്‍ ആരെല്ലാം തൊട്ടു മുത്തുന്നു എന്നൊരു കണക്കെടുക്കാനും അവള്‍ മറന്നില്ല .


ഒരാഴ്ചയ്ക്കകം ഏകദേശം നൂറ്റിപത്തോളം വരുന്ന സെമിനാരി സഹോദരങ്ങള്‍ ആ പടിയെ വന്ദിച്ചതിന് അവള്‍ സാക്ഷിയായി തീര്‍ന്നിരുന്നു .
" പക്ഷെ ..ആരോട് ചോദിക്കും ..?"
സാഹചര്യം ഒത്തു വരാനായി ത്രേസ്യ കാത്തിരുന്നു .

ഒരു ദിവസം അവള്‍ റെക്ടര്‍ അച്ചന്റെ  മുറി തുടയ്ക്കുകയായിരുന്നു .
അവളുടെ ഹൃദയം ആ രഹസ്യത്തിനായി കൊതിച്ചു .
" ത്രേസ്യേ ...."
ഒരൊറ്റ വിളി ...
ത്രേസ്യ വിറച്ചു പോയി ...
റെക്ടര്‍ അച്ചന്റെ  മുഖം ദേഷ്യം കൊണ്ടു ചുവക്കുന്നു .
" പണി ചെയ്യുമ്പോള്‍ അത് വൃത്തിയായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട് .."
അച്ചന്‍ തന്റെ  മേശയിൽ  ‍ വിരൽ  കൊണ്ടു ഒരു വട്ടം വരച്ചു .
നനഞ്ഞ മേശയില്‍ പൊടി കുഴഞ്ഞിരിക്കുന്നു .
ത്രേസ്യ വിളറി വെളുത്തു ...
പരമാവധി വേഗത്തില്‍ പണി തീര്‍ത്ത് മുറിക്ക് പുറത്തിറങ്ങി .

" ത്രേസ്യേ ...."
ഒരു പിന്‍ വിളി .
ഇറങ്ങിയ വേഗത്തില്‍ ത്രേസ്യ അകത്തു കയറി ...
" എന്തോ ..."
ത്രേസ്യ താണു വണങ്ങി ...
" ലൂക്കാ വീട്ടിലുണ്ടോ ....?"
അച്ചന്‍ ചോദിച്ചു ..
" ഒണ്ടേ ...."
ത്രേസ്യ പറഞ്ഞു .
" നാളെ ലൂക്കായോട് ഒന്നിവിടം വരെ വരാന്‍ പറയണം .കുറച്ച് പുറം പണിയുണ്ട് ..."
" പറയാമേ...."
ത്രേസ്യ പുറത്തിറങ്ങി .

അന്ന് വൈകിട്ട് ത്രേസ്യ വീട്ടില്‍ ചെല്ലുമ്പോള്‍ ലൂക്കാ കിടന്നുറങ്ങുന്നു .
" ദേ ..മനുഷ്യാ എണീക്ക്....നാളെ സെമിനാരി വരെ ചെല്ലണം എന്ന്‍ അച്ചന്‍ പറഞ്ഞു ..."
ലൂക്കാ തിരിഞ്ഞു കിടന്നു .
" മടിയന്‍ ...ഭാര്യ കൊണ്ടു വരുന്നത് തിന്നാന്‍ വേണ്ടി മാത്രം ഒരു ജന്മം ..."
ത്രേസ്യ പിറുപിറുത്തു .
ത്രേസ്യയുടെ പിറുപിറുപ്പ് കാതില്‍ പതിഞ്ഞു കാണണം ....
രാവിലെ സെമിനാരിയിലേയ്ക്കുള്ള യാത്രയില്‍ ത്രേസ്യയോടൊപ്പം ലൂക്കായും ഇറങ്ങി .
പടിയുടെ രഹസ്യം മനസ്സിനെ മഥിച്ചുകൊണ്ടിരിക്കെ തന്നെ ത്രേസ്യ പ്രഭാത ജോലികളില്‍
മുഴുകി. മുറ്റമടിച്ച് വരാന്തകള്‍ തുടച്ചു  അവള്‍ മുന്നേറിക്കൊണ്ടിരുന്നു.ലൂക്കാ റെക്ടര്‍ അച്ചന്റെ  മുറിയിലേയ്ക്കുള്ള പടികള്‍ കയറി .
പടിക്കണക്ക് കൃത്യമായി സൂക്ഷിക്കുന്ന ത്രേസ്യ തിരിഞ്ഞു നോക്കി ...
ലൂക്കാ പടി തൊട്ട് വന്ദിക്കുന്നു .......
തുറന്ന വാ അടയ്ക്കാന്‍ ത്രേസ്യ പാടുപെട്ടു .
" മനുഷ്യാ..."
പിന്നാമ്പുറത്തു നിന്ന്‍ നിനച്ചിരിക്കാതെ കേട്ട അലര്‍ച്ചയില്‍ ലൂക്കാ ബാക്കി മൂന്നു പടികള്‍ ചാടിക്കയറി .
ത്രേസ്യ ഓടി അടുത്തെത്തി .
" എന്താടി അലറുന്നത് ..? ഇത് വീടല്ല .."
ഞെട്ടല്‍ മാറിയ ലൂക്കാ ചോദിച്ചു .
" നിങ്ങള്‍ ആ പടിയില്‍ എന്താണ് ചെയ്തത് ..?"
ലൂക്കാ ആ ചോദ്യത്തിന് മറുപടി പറഞ്ഞില്ല .
" നിങ്ങളോടാ ചോദിച്ചത് ...എന്താ ആ പടിക്ക് ഇത്രവിശേഷം ....?"
ത്രേസ്യയുടെ ചോദ്യം ഉയര്‍ന്നു .
ലൂക്കാ ഒന്നാലോചിച്ചു .
അറിയില്ല.
" "എല്ലാവരും അങ്ങനെ ചെയ്യുന്നു ... അത് പോലെ ഞാനും .."
ലൂക്കാ ഒരുവിധം പറഞ്ഞൊപ്പിച്ചു .
"അപ്പോള്‍ നിങ്ങള്‍ക്ക് കാരണം അറിയില്ലേ...?
ഉടന്‍ വന്നു അടുത്ത ചോദ്യം .
" അറിയില്ല .." .
ലൂക്കാ ഉള്ള സത്യം പറഞ്ഞു ...
ത്രേസ്യക്ക് കലി കയറി .
" എല്ലാവരും ചെയ്യുന്നതൊക്കെ നിങ്ങളും ചെയ്യുമോ ..?"
" ചെയ്യുമെടി ചെയ്യും ..നീ ആരാ ചോദിക്കാന്‍ ...?"

റെക്ടര്‍ അച്ചന്‍ മുറി വിട്ടിറങ്ങി .
ഈ ഒച്ചപ്പാട് ഇവിടെ പതിവുള്ളതല്ലല്ലോ....
അന്വേഷണത്തിനായി അച്ചന്‍ പടികളിറങ്ങി .
താഴെ ലൂക്കായും ത്രേസ്യയും കൊമ്പു കോര്‍ക്കുന്നു .
" ലൂക്കാ .....ത്രേസ്യേ ..."
അച്ചന്റെ  സ്വരം ഉയര്‍ന്നു .
അവര്‍ തല കുമ്പിട്ടു .
" ഇത് ഒരു സ്ഥാപനമാണെന്ന്‍ ഓര്‍മ്മ വേണം .."
അച്ചന്‍ അവരുടെ അടുത്തെത്തി .
അഞ്ചാം പടിയില്‍ തൊട്ടു വന്ദിച്ചു .
ത്രേസ്യയുടെ ചോദ്യം സകല അളവുകോലുകളും ഭേദിച്ചു പുറത്തു ചാടി .
" അച്ചോ ....പടിയില്‍ ആരാ ..? ഏതു പുണ്യാളനാ ...?അച്ചന്‍ ത്രേസ്യയെ നോക്കി .
പുതിയ അറിവ് ..
പടിയില്‍ പുണ്യാളന്‍ ...
" എന്തിനാ അച്ചന്‍ പടിയില്‍ തൊട്ടു മുത്തിയത് ..?"
ത്രേസ്യയുടെ നാവ് അടങ്ങുന്നില്ല ....
അച്ചന് മൗനം. 
താനെന്താ ചെയ്തത് ...പക്ഷെ വര്‍ഷങ്ങളായി ഇത് ചെയ്യുന്നുണ്ടല്ലോ ...ത്രേസ്യ പറഞ്ഞത് പോലെ
പടിയില്‍ ആരാണ് ..?
"ത്രേസ്യേ ...വേണ്ടാത്ത കാര്യത്തില്‍ നീ ഇടപെടരുത് .."
അച്ചന്‍ ഉത്തരത്തെ കല്പ്പനയില്‍ ഒതുക്കി .
ത്രേസ്യയുടെ നാവടങ്ങി .പടിക്കണക്ക് ഉപേക്ഷിച്ച്, ചൂലുമായി അവള്‍ പണിയില്‍ മുഴുകി .
പുറം പണികള്‍ ലൂക്കായെ ഏല്പ്പിച്ച് പതിവിനു വിപരീതമായി അച്ചന്‍ ലൈബ്രറിയിലേയ്ക്ക് നടന്നു .
സെമിനാരിയുടെ ചരിത്രം ഓരോന്നോരോന്നായി പരിശോധിച്ചു
പക്ഷെ പടികളെ കുറിച്ച് പരാമർശമില്ല. 
യുഗം ആധുനികമായത് കൊണ്ട് അച്ചന്‍ കമ്പ്യൂട്ടര്‍ ഓണാക്കി ...
അടിച്ചു കൊടുത്തു...
സെമിനാരി സ്ഥാപകന്റെ  പേര്  ---
വെരി .റവ .ഫാ .ചാണ്ടി താഴത്തങ്ങാടിയില്‍ ..
വന്നു ..ചാണ്ടിയച്ചന്റെ  വിവരങ്ങള്‍ ...
ഇല്ല ..പടികളെക്കുറിച്ച് ഒന്നും പറയുന്നില്ല.പക്ഷെ...
ഒരു പൂച്ചയെ കുറിച്ച് അതില്‍ പരാമര്‍ശമുണ്ട്...ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ മുമ്പുള്ള കാര്യങ്ങള്‍ .
സെമിനാരി പണി ആരംഭിച്ച കാലം ..
പലരില്‍ നിന്നും സംഭാവനയായി കിട്ടിയ തുക കൊണ്ട് ചാണ്ടിയച്ചന്‍ സെമിനാരി പണി തുടങ്ങി .
ആ കാലത്ത് അച്ചന്  കൂട്ട് കുശിനിക്കാരനും ഒരു പൂച്ചയും .രണ്ടു പേര്‍ക്കും പൂച്ചയെ വലിയ കാര്യം പക്ഷെ ...
പൂച്ചയ്ക്ക് ഒരു പ്രത്യേക സ്വഭാവം ....
വയര്‍  നിറഞ്ഞാല്‍ പിന്നെ അത് പടിയിലേ കിടക്കൂ ..
ആരു വന്നാലും ചവിട്ടു കൊണ്ടാലും പൂച്ച വളരെ സൗമ്യമായി പ്രതികരിക്കും .
"മ്യാവൂ ..."
എന്നാലും രണ്ടാം നിലയിലെ അഞ്ചാം പടിയില്‍ നിന്നും പൂച്ച മാറില്ല .
ചാണ്ടിയച്ചന്‍ പടി കയറുമ്പോഴും ഇറങ്ങുമ്പോഴും പൂച്ചയുടെ തലയില്‍ തലോടും .
"ങ്ങുര്‍...."
പൂച്ച മറുപടി ആ സ്വരത്തില്‍ ഒതുക്കും .

രണ്ട് വർഷം  കഴിഞ്ഞ് കുശിനിക്കാരൻ  എലിക്ക് വച്ച വിഷം കഴിച്ച് പൂച്ച മരണപ്പെടുമ്പോള്‍
ചാണ്ടിയച്ചന്‍ സെമിനാരിയുടെ ആദ്യ റെക്ടര്‍ ആയിരുന്നു ...
പൂച്ച ചത്തിട്ടും ശീലം അദ്ദേഹത്തെ വിട്ടു മാറിയിരുന്നില്ല ..
രണ്ടാം നിലയിലെ അഞ്ചാം പടിയില്‍ എത്തുമ്പോള്‍ അച്ചന്‍ അറിയാതെ ഒന്ന് കുനിയും .
പടിയില്‍ തൊടും..
പെട്ടെന്നു വീണ്ടു വിചാരമുണ്ടാകും .
'പൂച്ച ചത്തു പോയല്ലോ '
"ശൊ..." അച്ചന്‍ വാ പൊത്തും.

ക്ലിക്ക് ......
റെക്ടര്‍ അച്ചന്‍ ചാണ്ടിയച്ചനെ ക്ലോസ് ചെയ്തു .
പിന്നെ തലയ്ക്ക് കൈയും കൊടുത്ത് കുനിഞ്ഞിരുന്നു .
' ചാണ്ടിയച്ചന്റെ  ശീലം മറ്റുള്ളവര്‍ കണ്ടിട്ടുണ്ടാവണം ..തലമുറ കൈ മാറി ...
ത്രേസ്യയുടെ തലയില്‍ കൂടി കയറി ഇറങ്ങിയപ്പോള്‍ ....'
'പൂച്ച പുണ്യാളനായി.... ' .
" ദൈവമേ..." അച്ചന്റെ  തല വീണ്ടും കുനിഞ്ഞു .
'പടികള്‍ കയറി വ്യായാമം ചെയ്യുന്നവര്‍ ഭാവിയില്‍ രണ്ടാം നിലയിലെ അഞ്ചാം പടിയില്‍
രൂപക്കൂട് പണിയരുതല്ലോ..'
അന്ധതയുടെ തഴക്ക ദോഷങ്ങളില്‍ ശീലങ്ങള്‍ ആചാരങ്ങളാക്കുന്ന വര്‍ത്തമാനകാലത്തിന്റെ 
മാറ്റങ്ങളിലേയ്ക്ക് റെക്ടര്‍ അച്ചന്‍ തലയുയര്‍ത്തി .
പിറ്റേന്നു പ്രസംഗത്തില്‍ ഉൾപ്പെടുത്തേണ്ട ഒരു വാചകം അച്ചന്റെ  മനസ്സില്‍ തെളിഞ്ഞു...

"പടികള്‍ കയറി ക്ഷീണിക്കാതെ ലിഫ്റ്റ്‌ ഉപയോഗിക്കുക ..."


നന്ദിനി


Wednesday, 2 May 2012

കരിഞ്ഞ കറിയും മത്തായിച്ചനും

സ്പന്ദനം 
    
     കരഞ്ഞ കണ്ണുകളുമായി അന്നും ലീലാമ്മ കസേരയില്‍ നിന്നും എഴുന്നേറ്റു .
മനസ്സ് തുടിക്കുകയാണ് ...അത് ഹൃദയതാളം  തെറ്റിക്കുമോ എന്ന് പോലും കണ്ട് നില്‍ക്കുന്നവര്‍  ഭയപ്പെട്ടേയ്ക്കാം...
പതുക്കെ കട്ടിലിലേയ്ക്ക് ചായുമ്പോള്‍ ലീലാമ്മ സ്വയം ചോദിച്ചു .
" എന്തിനായിരുന്നു അവള്‍ അങ്ങനെ ചെയ്തത് ...
  സ്നേഹനിധിയായ ഭര്‍ത്താവും ജീവിത സാഹചര്യവും ഉണ്ടായിട്ടും 
  അവള്‍ ഈ കടും കൈ ചെയ്തല്ലോ ..."
അതിരാവിലെ ഉറക്കമുണര്‍ന്ന്‍ അടുക്കളയിലേയ്ക്ക് കയറുമ്പോള്‍ മനസ്സ് മുഴുവന്‍ 
അവള്‍ ചെയ്ത പ്രവൃത്തിയിലായിരുന്നു .
സ്ത്രീ ..സഹനപുത്രി....വാത്സല്യ ദേവത   ....
എത്രയെത്ര മുഖങ്ങള്‍ ...
പക്ഷെ അവള്‍ എന്തേ ഇങ്ങനെ..?
ഇത്ര ക്രൂരമായി ചിന്തിക്കുന്നതെന്തേ..?
സ്ത്രീ ജന്മം തന്നെ സ്നേഹമാണ് ..പ്രസവിച്ച് ..പാലൂട്ടി ..സ്നേഹം കൊടുത്ത് ..
മക്കളെ വളര്‍ത്തുന്നു ..
അമ്മ ...ആ വാക്ക് തന്നെ സ്നേഹം തുളുമ്പുന്നതാണ് ..
വളര്‍ന്നു വലുതാകുമ്പോള്‍ മക്കള്‍ തള്ളി പറയുന്നതും ഈ അമ്മയെ ..

ലീലാമ്മ ചിന്തിച്ചു കൊണ്ടേയിരുന്നു ..

അടുപ്പത്ത് പാല് തിളച്ചു ചാടി ..
ആരും കാണാതെ അത് തുടച്ചു കളഞ്ഞു .
ഒരു തുള്ളി വെള്ളമോ ..ഒരു തലോടലോ കിട്ടാതെ കറി അടുപ്പത്തിരുന്നു  കരയുന്നു .
ലീലാമ്മ ചിന്തയിലാണ് .
കറി കരിയിലേയ്ക്ക് രൂപം മാറുമ്പോഴും ലീലാമ്മ ചിന്തിച്ചു കൊണ്ടേയിരുന്നു ..

ഊണ് വിളമ്പുമ്പോള്‍ മത്തായിച്ചന്‍ ലീലാമ്മയെ നോക്കി .
കരഞ്ഞു വീര്‍ത്ത കണ്ണുകള്‍ ...
കിട്ടിയ ചോറ്   കരിഞ്ഞ കറിയും കൂട്ടി തിന്നെന്നു വരുത്തി  മത്തായിച്ചന്‍ കൈ കഴുകി .
തുറന്നു നോക്കാതെ കിടന്ന പത്രത്തില്‍ മത്തായിച്ചന്റ്റെ കണ്ണുകളുടക്കി .
        കേരളത്തില്‍ വൈദ്യുതി കമ്മി ...........
        ലോഡ് ഷെഡിങ്ങ് തുടങ്ങുന്നു  ...........
ഒരു മൂളിപ്പാട്ടോടെ റോഡിലേയ്ക്കിറങ്ങുമ്പോള്‍ മത്തായിച്ചന്റ്റെ മനസ്സ് ..
ഊര്ജസ്വലതയോടെ പുഞ്ചിരി തൂകുന്ന ലീലാമ്മയിലും അവള്‍ വിളമ്പി തരുന്ന 
രുചികരമായ ഭക്ഷണത്തിലുമായിരുന്നു ..
മത്തായിച്ചന്‍ സന്തോഷിക്കുമ്പോള്‍ ചാനലുകാര്‍ സന്ധ്യാരോദനങ്ങള്‍ രാവിലെ 
പുനസംപ്രേഷണം ചെയ്യുകയായിരുന്നു .

ലീലാമ്മമാര്‍ പിന്നെയും കരഞ്ഞു കൊണ്ടേയിരുന്നു ...
ഒന്നുമറിയാത്ത മത്തായിച്ചന്മാര്‍ അതിനു കാരണം തേടി അലയുകയായിരുന്നു ...


നന്ദിനി  

Tuesday, 17 April 2012

മരം

സ്പന്ദനം 

 

തീയും ഗന്ധകവും  ചുറ്റിലും ഉയരുന്നു.

കത്തിയമര്‍ന്നിട്ടും കുറ്റി മാത്രം ബാക്കിയായപടുകൂറ്റന്‍ വൃക്ഷത്തിന്റ്റെ

അവശിഷ്ട ഭാഗത്തില്‍ ആ രൂപം ഇരിക്കുന്നു .

അവിടവിടെയായി വേറെ ചെറു രൂപങ്ങള്‍ ..

തീ ചെറുതായി ശമിക്കുന്നു എന്ന് കാണുമ്പോള്‍ ഊതുന്നവര്‍..

തീയാളി കത്തുമ്പോള്‍ ഉയരുന്ന നിലവിളികളില്‍

ദൈവ നിന്ദകൂടിക്കലരുമ്പോള്...‍

അവര്‍ അട്ടഹസിക്കുന്നു .

എന്നാല്‍ ...

അതൊന്നും കുറ്റിപ്പുറത്തിരിക്കുന്ന രൂപത്തെ ബാധിക്കുന്നില്ല .

ചെറു രൂപങ്ങള്‍ ആശയക്കുഴപ്പത്തിലായി .അവര്‍കുറ്റിയ്ക്ക് ചുറ്റും നിരന്നു .

താണു വീണു വണങ്ങി .

“സാത്താന്‍ ...സാത്താന്‍ ...”

അവരുടെ നാവില്‍ നിന്ന് തിന്മയുടെ മന്ത്രമുയര്‍ന്നു .

സാത്താന്‍ അനങ്ങുന്നില്ല .

അവര്‍ കൂടിയാലോചിച്ചു.

പിന്നെ യാത്രയായി ...

കുട്ടിച്ചാത്തന്മാര്‍ ....

 

**************************************

പാരമ്പര്യത്തിലും, പണക്കൊഴുപ്പിനും പണ്ടെങ്ങോപേരു കേട്ടിരുന്ന ഒരു തറവാട് .വലിയ കാരണവരുടെ കീഴില്‍ കാര്യങ്ങളെല്ലാം ഭദ്രം.തറവാട്ടു മഹിമ വിളിച്ചോതിയത് നിലവറയില്‍ സൂക്ഷിച്ചിരിക്കുന്നു എന്ന് കരുതപ്പെടുന്ന കെടാവിളക്കയിരുന്നു...

 

എന്നാല്...‍ നിലവറയില്‍ ചില നേരങ്ങളില്‍ ഒളിച്ചിരിക്കാന് ‍കയറാറുള്ള

മിന്നു മോള്‍ കണ്ടിട്ടുള്ളത്...

മുളച്ച് ചെറു തെങ്ങുകളാകാന്‍ വെമ്പല്‍ കൊള്ളുന്ന കുറേ തേങ്ങകള്‍ മാത്രം ..!

 

മിന്നു മോള്‍ ...മൂത്ത കാരണവരുടെ മകള്‍ ..

അമ്മ പറയാറുണ്ട്‌ ..

"നിലവറയില് കയറരുത് ..പാമ്പ് കാണും .."

മിന്നു മോള്‍ക്ക് പാമ്പിനെ പേടിയില്ല ..

"എന്തിനാ പേടിക്കുന്നത് ..മിന്നുമോള്‍ പാമ്പിനെ നോവിച്ചില്ലല്ലോ "

 

‍ആറു വയസ്സുകാരി മിന്നുമോള്‍ക്കറിയില്ല..

ആ വലിയതറവാടിന്റ്റെ അളവറ്റ സ്വത്തിനെക്കുറിച്ച് .

അവള്‍ക്ക് രണ്ടുടുപ്പ് മാത്രം .

അത് മാറി മാറി ഇടും .

അവള്‍ സ്കൂളിലേയ്ക്ക് യാത്രയാകുമ്പോള്‍ ..

അസൂയയുടെ പിന്നാമ്പുറങ്ങളിലുള്ള അടക്കം പറച്ചിലുകളില്‍ ..അവള്‍ക്ക്നഷ്ടമായത് സുന്ദരമായ ബാല്യം .

 

മിന്നുമോള്‍ക്ക് ഒമ്പത് വയസ്സായി .

ഒരു കുഞ്ഞാങ്ങള ഉണ്ടായിരുന്നെങ്കില്‍ ..

അവള്‍ അമ്മയുടെ അടുത്തേയ്ക്ക് ഓടി .

" അമ്മേ ..ഒരു കുഞ്ഞുവാവേ തരാമോ ..?"

ദൈവഹിതം..... ഒരു വർഷത്തിനുശേഷം ....

കുഞ്ഞാങ്ങള പിറന്നു.

അതിനോടൊപ്പം മുറ്റത്ത് ഒരു കിളിമരം വളർന്ന് വരുന്നത് അവൾ കണ്ടു.

 

പിന്നെ മിന്നുമോളും കുഞ്ഞാങ്ങളയും ..ചക്കരയും അടയുംപോലെ ..

മിന്നുമോള്‍ സ്കൂളില്‍ പോയി വരാന്‍ താമസിക്കുമ്പോള്‍ കുഞ്ഞുവാവ കരയും .

" ചേച്ചി  എന്തിയേ.. അമ്മേ .. ? "

പറമ്പിന്റ്റെ അതിരില്‍ പാമ്പ് പോലെ, റബര്‍ മരങ്ങളുടെ ഇടയിലൂടെ പോകുന്നവഴിയിലേയ്ക്ക് കണ്ണുംനട്ട് കുഞ്ഞുവാവ നില്‍ക്കും .

ദുരെ മിന്നു മോളുടെ പാവാടയുടെ നിറം കാണുമ്പോള്‍ പിന്നെ അവനു സന്തോഷമാണ് .

 

ഒരിക്കല്‍ കുഞ്ഞുവാവ ഒരുപാട് കരഞ്ഞു .

മിന്നുമോള്‍ സോപ്പ്പെട്ടി കൊണ്ടു അവനെ എറിഞ്ഞതിന്.മുട്ടില്‍ പഴുത്തു നിന്ന പരു പൊട്ടി പഴുപ്പ് പുറത്തേയ്ക്ക് ഒഴുകി ...

മിന്നു മോള്‍ അന്ന് കരഞ്ഞില്ല ..പക്ഷെ അവള്‍ കരഞ്ഞു .വര്‍ഷങ്ങള്‍ക്ക് ശേഷം ..

 

കുഞ്ഞു വാവ സ്കൂളില്‍ പോകുമ്പോള്‍ അവള്‍ ഉള്ളുരുകിപ്രാര്‍ഥിക്കും.

"ഇന്ന് മോന്‍ ചര്‍ദ്ദിക്കല്ലേ.."

ബസ്സില്‍ കയറുമ്പോള്‍ തന്നെ ആയ അവന്‍റ്റെ കൈയ്യില്‍ബക്കറ്റ് കൊടുക്കും .

അത് അവനു ഒരു നൊമ്പരമായിരുന്നു .

കാലം...മുന്നോട്ടോടി...ഒരു പന്തയക്കുതിരയെപ്പോലെ....

തറവാടും നിലവറയും ഓർമ്മച്ചിത്രങ്ങളായി....


 

മുറ്റത്തെ മരവും വളർന്ന് തുടങ്ങി......

കുഞ്ഞുവാവ വളര്‍ന്നു ..ഇല്ലായ്മയില് നിന്നും ‍ ദൈവകരുതല്‍ അവനെ താങ്ങിനിർത്തി..

അവൻ പോലും പ്രതീക്ഷിക്കാതെ.....

സര്‍വതും അവന്‍ കരസ്ഥമാക്കി ..പണം.. പദവി ... പ്രശസ്തി... അങ്ങനെ ഒരുപാട് ..

മിന്നു മോള്‍ക്ക് അവന്‍ , കുഞ്ഞ് വാവ തന്നെ ..അവൾ പൊന്നു വാവ എന്ന് തന്നെ അവനെ വിളിച്ചു .

വിളികള്‍ പ്രായത്തിന്റ്റെ ആലോസരങ്ങള്‍ക്ക് വഴിമാറുന്നു എന്ന്‍ മിന്നു മോള്‍ അറിഞ്ഞില്ല ..

പതുക്കെ ചേച്ചി  എന്ന ചിണുങ്ങല്‍ "എടി "എന്ന പേരിലേയ്ക്ക് വഴി മാറി .

"എടി "

അവളത് സാരമാക്കിയില്ലാ..

പൊന്നു വളരും തോറും "എടി" വിളിയുടെ ശക്തികൂടി വന്നു .പ്രായത്തിന്റ്റെ കുത്തൊഴുക്കില്‍ മിന്നു മോളുടെ അന്വേഷണങ്ങള്‍ പൊന്നുവിന് അസഹനീയമായി....

പിന്നെ "എടി "യുടെ വിശേഷണങ്ങള്‍ കൂടി വന്നു..കാരണം മിന്നു മോളുടെ വാത്സല്യവും കരുതലും സാന്ത്വനങ്ങളും ഇനി പൊന്നുവാവയ്ക്ക് വേണ്ട ..

ആ മരം വളർന്ന് പന്തലിച്ചിരിക്കുന്നൂ..

ഫോണ്‍ വിളിയില്ല ..വിളിച്ചാലോ ....

“ങും...........”

ഒരു മൂളല്‍ മാത്രം ..

സംസാരിക്കാന്‍ സമയമില്ല ..തിരക്ക് .രക്തബന്ധം സുഹൃത് വലയത്തില്‍ പെട്ട് ഞെങ്ങിയമര്‍ന്നു.


  മുറ്റത്തെ മരം ഉണങ്ങാന്‍ തുടങ്ങി ...

ഇല്ലായ്മയിലെ ദുഃഖങ്ങള്‍ ..ദൈവപരിപാലനയിലെ മഹത്വങ്ങള്‍ അടഞ്ഞ

അദ്ധ്യായങ്ങളും, ദൈവത്തിന്റ്റെ നാമ൦ ചോദ്യ ചിഹ്നവുമായി ..

പൊന്നു വളര്‍ന്നു കൊണ്ടിരുന്നു . ..

മിന്നുമോള്‍ക്ക് ഒരു വാവ പിറന്നപ്പോള്‍ പൊന്നു ഓടിയെത്തി .

എന്നാല്‍ ..

ആശുപത്രി ബില്ലിന്റ്റെ രൂപത്തില്‍ ആ സ്നേഹസാമീപ്യം നൊമ്പരമായി .

കാശ് എണ്ണി കൊടുത്ത് പിരിയുമ്പോള്‍ മിന്നു മോള്‍ക്ക് വില വീണു ..

കാരണം മിന്നുമോള്‍ ഉണക്കമരമായി തീര്‍ന്നിരുന്നു .

ആവശ്യാനുസരണം പറിക്കാന്‍ പഴങ്ങളില്ലാതെ, തണലിനു ശിഖരങ്ങളോ ഇലകളോ ഇല്ലാതെ മിന്നു മോള്‍ വിറകിനു തുല്യമായി മാറിയിരുന്നു .

 

വീടിനുള്ളിലെ കെടാവിളക്ക് അണഞ്ഞ ദിവസം.....

 പൊന്നുവാവ വീണ്ടും വന്നു .

ഉണക്ക മരം മുറിച്ചു .

ലോറിയില്‍ അടുക്കി കെട്ടി .

കടയില്‍ കൊടുത്ത് ,കാശ് എണ്ണി വാങ്ങി..

*************************************************************************

 

കുട്ടിച്ചാത്തന്മാര്‍ തിരികെയെത്തി .

വീണ്ടും കുറ്റിയ്ക്ക് ചുറ്റും വണങ്ങി നിന്നു .

തിന്മയുടെ നാമമുയര്‍ന്നപ്പോള്‍ ആ രൂപം തല പൊക്കി ...

പതുക്കെ എഴുന്നേറ്റു .

പൊടുന്നനെ എവിടെ നിന്നോ ഒരു വിറകു കഷണം പറന്നു വന്നു .

ഒറ്റയടി ...

തലയ്ക്ക് തന്നെ കൊണ്ടു .

അടിതെറ്റിയ രൂപം തല തിരുമി നേരെ നിന്നു .

പിന്നെയും അടി ....

തുടര്‍ന്നു കൊണ്ടിരിക്കുന്ന അടിയുടെ ഇടയില്‍ കൂടി ...

കുട്ടിച്ചാത്തന്മാര്‍ അത് കണ്ടു.

സാത്താന്‍ ചിരിക്കുന്നു .

  "അങ്ങുന്നിനു രണ്ടടി കിട്ടിയാല്‍ എന്താ..സംഗതി ഏറ്റല്ലോ.."

  കുട്ടിച്ചാത്തന്മാര്‍ വീണ്ടും ഊതാന്‍ തുടങ്ങി ..

  തീയുണർത്താൻ വേണ്ടി....

**************************

മരകുറ്റി പുതു മഴയില്‍ വീണ്ടും തളിര്‍ത്തു  ..ഉയര്‍ന്നു പൊങ്ങി ഫലങ്ങളാല്‍ നിറഞ്ഞു .

തന്റ്റെ പേര് അന്വര്‍ത്ഥ മാക്കും വിധം ഒരു കൂട്ടം കിളികള്‍ ആ മരത്തില്‍ നിന്നും പറന്നു പൊങ്ങി .

പൊന്നു  വാവ വീണ്ടും വന്നു ..

പടര്‍ന്നു പന്തലിച്ച കിളിമരത്തിന്‍ ചോട്ടില്‍ അവന്‍ ഇരുന്നു ...

കിളിമരം ആ ചെവികളില്‍  തിരിച്ചറിവി ന്റ്റെ ബാലപാ0ങ്ങള്‍ ഓതി ക്കൊടുത്തു... 

****************

തീയുണര്‍ത്താന്‍ ആഞ്ഞൂതിയ ചാത്തന്മാര്‍ അറിഞ്ഞില്ല കുതിര്‍ന്ന വിറകിലൂടെ ഒലിച്ചിറങ്ങുന്ന സ്നേഹതേന്‍ തുള്ളികളെ ....    

 

നന്ദിനി