Sunday 14 July 2013

ലീലാത്മകമാം തടവറകൾ

 സ്പന്ദനം 

"മടുത്തു ..
അവിടെയും ഇവിടെയും പറഞ്ഞു നടന്ന് എത്ര കാലം ഇങ്ങനെ കഴിയും ..."
നാരദമുനി കഴുത്ത് ഒന്ന് ചെരിച്ച്  തന്റെ വീണയെടുത്ത്  മുന്നിലുള്ള  പാറയിൽ വച്ചു .
തൊട്ടടുത്തായി ഒരു പരന്ന കല്ലിൽ അദ്ദേഹമിരുന്നു .

തണുത്ത കാറ്റ് ഹിമാലയനിരകളിൽ തഴുകി കൈലാസസാനുക്കളിൽ മുത്തമിട്ട്‌ മനസസരോവരത്തിൽ 
കുഞ്ഞോളങ്ങൾ തീർക്കുന്നു .    

നാരദർ പതുക്കെ എഴുന്നേറ്റു .
ഇടതു കൈയ്യുടെ ഒരംശമായി കരുതിയ നാരായണമന്ത്രതാളമുതിർക്കാൻ തീർത്ത തടിക്കക്ഷണങ്ങൾ 
ഊർന്നു വീണ് വീണയുടെ അരികിൽ സ്ഥാനം പിടിച്ചു .

' തത്കാലം അതവിടിരിക്കട്ടെ ...'
' ഒന്നു കുളിച്ച് എല്ലാത്തിനും ഒരറുതി വരുത്താം ...'

അദ്ദേഹം വെള്ളത്തിലേയ്ക്കിറങ്ങി ..
മുങ്ങി നിവർന്നു ....
കൈലാസ പർവ്വതത്തിൽ നിന്നും വീശിയ കുളിർതെന്നലിൽ ശിവസ്പർശനം നുകർന്ന മാത്രയിൽ 
അദ്ദേഹം ധ്യാനനിമഗ്നനായി.

"ടോങ്ങ് ..."

നാരദർ ഞെട്ടിയുണർന്നു തിരിഞ്ഞു നോക്കി .
വീണ പാറയുടെ താഴെ കിടക്കുന്നു ..
തടിക്കക്ഷണങ്ങൾ കാണാനില്ല .....

' ഇതെന്തു മറിമായം ..'
അദ്ദേഹം വേഗം കരയ്ക്ക് കയറി ചുറ്റും കണ്ണോടിച്ചു .
ദൂരെ..ഒരു തുണിയുടെ തുമ്പ് വളവിൽ മറയുന്നു .

"നില്ക്കവിടെ .."
ശീഘ്രം വീണയുമെടുത്ത് നാരദർ പുറകെ ഓടി .
വളവിലെത്തിയ അദ്ദേഹം നാലുപാടും നോക്കി .

ഇടതൂർന്ന ഇലകളിൽ താളം പിടിച്ച കാറ്റ് തലയാട്ടി മറ്റൊരു മരത്തിലേയ്ക്ക്‌ ചേക്കേറുന്നു .

ഒരു നിമിഷം ...
നാരദർ കണ്ണുകൾ ഇറുക്കിയടച്ചു .
ചൂഴ്ന്നു ചിന്തിച്ച അദ്ദേഹം തടിക്കക്ഷണങ്ങൾ തിരഞ്ഞു .
' പിടികിട്ടുന്നില്ല...' അവയുടെ ഉത്പത്തി പോലും നാരദമനസ്സിൽ തെളിയുന്നില്ല.
  
നാരായണനാമജപത്തിന് ചുക്കാൻ പിടിച്ച കരങ്ങൾ ശൂന്യമായിരിക്കുന്നു.
' പോയത് പോട്ടെ ..മറ്റൊന്നുണ്ടാക്കാം..പക്ഷെ വർഷങ്ങളുടെ വഴക്കവും മിനുസവും  എങ്ങനെ  
കൈവരുത്തും ....'

നാരദർ പറ്റിയ തടി തേടി യാത്രയായി .

സ്വർഗ്ഗപാതാളഭൂലോകം ദീർഘശ്വാസം വിട്ടു .
പരദൂഷണതടവറയിൽ  നിന്നും ഒരു മോചനം .
നാരദർക്ക് അപ്രാപ്യം എന്നു മുദ്രകുത്തപ്പെട്ട വ്യവസ്ഥിതിയിൽ  ചെറിയ വ്യതിയാനം  .

മൂന്നു ലോകങ്ങളിലും അതാത് ഭരണകർത്താക്കൾ, സമയോചിത ചിന്തയിലും പ്രവർത്തിയിലുമൂന്നിയ 
പരിഷ്കാരങ്ങളിൽ പലതും ഫലം കണ്ടു തുടങ്ങി .ഭ്രമിത വികാരങ്ങൾ പരിഷ്കാര വാഞ്ചയിൽ പടർന്നു പന്തലിച്ചു. കൂപമണ്ഡൂക ധ്വനികൾ മനസ്സുകൾ കീഴ്പ്പെടുത്തി . 

പാതാളലോകാധിപൻ സ്വർഗ്ഗലോകാക്രമണം എന്ന ചിന്ത തന്നെ പാടെ ഉപേക്ഷിച്ചു ..
തന്മൂലം ദേവേന്ദ്രൻ അപ്സരനൃത്തങ്ങളിൽ മുഴുകി സമയം തള്ളി നീക്കി .
ആഴിയുടെ താളത്തിലാറാടി അനന്തതല്പത്തിൽവിഷ്ണുഭഗവാൻ മയങ്ങി തുടങ്ങി . സദാ ചാരത്തിരിക്കുന്ന ലക്ഷ്മീദേവിയുടെ മിഴികൾ ചില നേരങ്ങളിൽ നിദ്രാദേവി കീഴ്പ്പെടുത്തികൊണ്ടുമിരുന്നു .
കൈലാസപർവ്വതത്തിൽ ശിവപാർവ്വതിമാർ ഒതുങ്ങിക്കൂടി ...

ബ്രഹ്മദേവൻ മൂന്നു തലകളും ശക്തിയായി കുടഞ്ഞു .
ഇത്തിൾകണ്ണി പോലെ മൂന്നു ലോകങ്ങളെയും ബാധിക്കുന്ന മന്ദതയിൽ അദ്ദേഹം ആകുലചിത്തനായി .

" നാരദർ ഇല്ലാതെ ലോകങ്ങൾ തമ്മിൽ എങ്ങനെ സമ്പർക്കസാധ്യത ഉളവാകും ...? 
  നാരദ തടവറ മുതലാക്കി ലോകാധിപർ എങ്ങനെ ഉദ്ദിഷ്ടകാര്യ പരിസമാപ്തി  
കൈവരിക്കും ...? 
തടിക്കഷണങ്ങൾ കണ്ടുപിടിക്കുക തന്നെ ...."

അദ്ദേഹം ധ്യാനനിമഗ്നനായി .

മനോമുകുളത്തിൽ മാനസസരോവരവും  മുങ്ങി നിവരുന്ന നാരദരും തെളിഞ്ഞു .
" ടോങ്ങ് ..."
വീണ പാറയിൽ നിന്നും വീണിരിക്കുന്നു  .തലയിൽ മയിൽ‌പീലി ചൂടിയ ഒരു കുട്ടി തടിക്കക്ഷണങ്ങളുമായി ഓടുന്നു . വളവിലെത്തിയതും അവൻ ഒന്നു തിരിഞ്ഞു നോക്കി... ഇടത്തേയറ്റത്തുള്ള മരത്തിലേയ്ക്ക്‌ സമർത്ഥമായി ചാടിക്കയറി  മരപ്പൊത്തിൽ തടിക്കക്ഷണങ്ങൾ ഒളിപ്പിക്കുന്നു .
പിന്നീട് ..
ഇലച്ചാർത്തിൽ താളം പിടിച്ച ഇളംകാറ്റിനോട് കിന്നാരം ചൊല്ലി തായ്തടിയോട്‌ ചേർന്നിരുന്ന് 
നാരദപരാക്രമങ്ങൾ വീക്ഷിക്കുന്നു .  

" എന്റെ കൃഷ്ണാ ...നീ ഇതുവരെ കുളിക്കടവിൽ നിന്നുള്ള അപഹരണം നിറുത്തിയില്ലേ ...?
   എല്ലാം ലീലകളാകുമ്പോൾ ,ഈ ലീലയുടെ ഉദ്ദേശമെന്ത് ...? "
ബ്രഹ്മദേവൻ ചിതറിയ ചിന്തകൾ കൂട്ടിയോജിപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ചു .

അദ്ദേഹം കണ്ണുകൾ തുറന്നു .

നാരദമുനിയെ കാണാനില്ല .കുട്ടി നിലത്തിരിക്കുന്നു .
അവന്റെ ഇടതുപാദത്തിൽ ഒരു അമ്പ് തറച്ചിരിക്കുന്നു .
ചോര പൊടിയുന്നുമുണ്ട് .

" എന്റെ കൃഷ്ണാ ..."
ബ്രഹ്മദേവൻ നെഞ്ചത്ത് കൈ വച്ചു .

നാരദമോചനം മരപ്പൊത്തിൽ വിശ്രമിക്കുമ്പോൾ ...
മിനുസമുള്ള തടിയിലും വിരലുകൾ കടത്താനുള്ള ദ്വാരനിർമ്മാണത്തിലും നാരദർ സ്വയംകൃത തടവറയിൽ കുടുങ്ങിക്കിടന്നു.ഇതിനോടകം,ആധുനികയുഗത്തിലെ താളോപകരണങ്ങളുടെ പിൻഗാമി ,പുരാണ തടവറയുടെ പുറംവാതിൽ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു .



നന്ദിനി വർഗീസ്‌     
                
            
       

   
                   
     

8 comments:

  1. എന്താണിത് നന്ദിനിക്കുട്ടി ഒന്നും മനസ്സിലായില്ല,
    ആധുനികമോ അതോ അത്യന്താധുനികാമോ ?
    ആശംസകൾ

    ReplyDelete
  2. നാരായണ
    നാരായണ

    ReplyDelete
  3. എന്റെ കൃഷ്ണാ ...യാത്ര തുടരുന്നു.

    ReplyDelete
  4. പണ്ട് ശ്രീകൃഷ്ണ കാണാറുണ്ടായിരുന്നു ..പിന്നെ ബാലരമയിലെ പല കഥകളും വായിച്ചിട്ടുണ്ട്
    അന്നൊരു ചിത്രം മനസ്സിൽ ഉണ്ടായിരുന്നു . ഒരു ചിന്തയിൽ ഉതിർന്ന ഈ പോസ്റ്റ്‌ അത് ഓർമ്മപ്പെടുത്തി ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞു മയിൽപീലി

    ReplyDelete
  5. ധർമ്മം പുനസ്ഥാപിക്കാൻ വീണ്ടും ഒരാളെത്താം.

    ReplyDelete
  6. എന്റെ കൃഷ്ണാ ...നീ ഇതുവരെ കുളിക്കടവിൽ നിന്നുള്ള അപഹരണം നിറുത്തിയില്ലേ ...?

    ReplyDelete
  7. വന്നു.... വായിച്ചു....

    ReplyDelete
  8. ഈ ലീലയുടെ ..ഈ ദുര്‍ഗ്രാഹ്യതയുടെ ഉദ്ദേശമെന്ത്? എന്റെ കൃഷ്ണാ..കലഹപ്രിയനായ നാരദനെ മറ്റൊരു ജോലിയില്‍ വ്യാപൃതനാക്കി സമാധാനം സൃഷ്ടിക്കാനായിരുന്നോ?.ഉത്തരം കിട്ടാതെ എന്റെ മനസ് കലഹിച്ച് സമധാനം നഷ്ടപ്പെട്ടു.

    ReplyDelete