കാറ്റില്‍ ആടിയുലയുന്ന മഞ്ഞ മുളകള്‍ . വെള്ളം വലിച്ചു കുടിച്ച് ആറ്റിറമ്പിന്‍ തിട്ടിലില്‍ അവ കാട് പോലെ വളരുന്നു . വര്‍ഷകാലത്ത് അതിരു കടക്കുന്ന പുഴവെള്ളത്തില്‍ തിട്ടിലിടിയാതിരിക്കാന്‍ വൃദ്ധന്‍ നട്ട തൈമുളകള്‍ ഇന്ന് തോട്ടത്തിന് കാവലാളായി തീര്‍ന്നിരിക്കുന്നു.
തനിക്ക് താങ്ങിനും തണലിനും അവ കൂടെയുണ്ട് എന്ന് വൃദ്ധന്‍ കരുതി.
മുളഞ്ചോട്ടില്‍ പതിവായി വന്നിരിക്കാറുണ്ട് ഒരു സ്ത്രീ .
അവളുടെ സാമീപ്യം മുളകള്‍ക്ക് ഹരമായിരുന്നു . ഓരോ കാറ്റിലും തങ്ങളുടെ ബലവും കഴിവും പ്രദര്‍ശിപ്പിക്കാന്‍ അവ ശ്രമിച്ചു കൊണ്ടിരുന്നു .
കരുത്തുറ്റതും ഉയരമേറിയതുമായ മുളകളെ സ്ത്രീ സ്നേഹിച്ചു .
വലിയ മുളകളില്‍ മുള പൊട്ടുന്നതും തൈ മുളകള്‍ വളര്‍ന്നു വരുന്നതും അവള്‍ കണ്ടിരിക്കാം .
സ്ത്രീയെ ആകര്‍ഷിക്കാന്‍ കാറ്റത്ത് അവ തല കുമ്പിട്ടു . സ്പര്‍ശനസുഖത്തിനായി കൊതിച്ചു . .
ഇരമ്പുന്ന കാറ്റില്‍ പാറിപ്പറക്കുന്ന മുടിയിഴകള്‍ വലതു കൈയ്യില്‍ ഒതുക്കി അവള്‍ തലയുയര്‍ത്തി .
ഇടതു കയ്യുയര്‍ത്തി മെല്ലെ ഒരു തലോടല്‍ .. കോരിത്തരിച്ച മുളകള്‍ അവളില്‍ പ്രതിഫലിച്ച അജ്ഞാത വികാരത്തെ പാടെ അവഗണിച്ചു.
വൃദ്ധന്‍ ആകുലചിത്തനായി.
അദ്ദേഹത്തിന്റ്റെ സാമീപ്യം മുളകള്‍ക്ക് അസ്സഹനീയമായി തുടങ്ങി .
പിറ്റേന്ന് മുളഞ്ചോട്ടിലേയ്ക്ക് വന്ന സ്ത്രീയ്ക്ക് ഒപ്പം ഒരു പുരുഷനുണ്ടായിരുന്നു
താന്‍ സ്നേഹിച്ച സ്ത്രീ പുരുഷനൊപ്പം ഇരിക്കുന്നത് കണ്ട് മുളകള്‍ ആടിയുലഞ്ഞു.
സ്ത്രീയും പുരുഷനും തലയുയര്‍ത്തി.
പുരുഷന്റ്റെ കണ്ണുകള്‍ തിളങ്ങി ..
വ്യാപാരസാധ്യതയുടെ മേച്ചില്‍ പുറങ്ങള്‍ തേടി അവര്‍ യാത്ര തുടര്‍ന്നു .
വൃദ്ധന്‍ തേങ്ങി കരഞ്ഞു .
കോപം അന്ധമാക്കിയ ഉലച്ചിലില്‍ മുളകള്‍ ചൂളം വിളി തുടര്‍ന്നു .
വിരഹതാപത്തില്‍ ആളിക്കത്തിയ കോപാഗ്നി കെട്ടടങ്ങിയപ്പോള്‍ വിവേകം
പുനര്‍ജ്ജനിച്ചു .
മുള മൂകമായി ..
വീണ്ടും സ്ത്രീയും പുരുഷനും എത്തിയപ്പോള്‍ മുളകള്‍ അവരെ അവഗണിച്ചു .
ഒരു കരച്ചില്‍ ...
മുളകള്‍ കണ്ടു ...
ദൂരെ വടിയും കുത്തി നിന്ന് ഏങ്ങി കരയുന്നു വൃദ്ധന്‍ .
തിരിച്ചറിവില്‍ ഉയര്‍ന്ന നിലവിളി പുരുഷന്റ്റെ കൈയ്യില്‍ നിന്നും കടയ്ക്കലേയ്ക്ക് പതിച്ച വാക്കത്തിയുടെ മൂര്‍ച്ചയില്‍ മരവിച്ചിരുന്നു .
സ്പര്‍ശന സുഖത്തിലെ മാസ്മരികതയും വികാര വിക്ഷോഭങ്ങളും,
അടുക്കി കെട്ടി സ്ത്രീയുടെ തലയില്‍ ഇരിക്കുമ്പോള്‍ മുളകള്‍ മറന്നിരുന്നു .
അവ യാത്ര തുടങ്ങി .
ഉപഭോഗസംസ്കാരത്തിന്റ്റെ വിലപേശലുകളില്‍ വര്‍ഷങ്ങള്‍ നീണ്ടതായിരുന്നു ആ യാത്ര .
നീരു വറ്റി പൊട്ടിപ്പിളര്‍ന്ന് ആളിക്കത്തിയ അഗ്നിയില്‍ എരിഞ്ഞമരുമ്പോള്‍ ഉയര്‍ന്നു പൊങ്ങിയ പുകച്ചുരുളുകള്‍ വീണ്ടും യാത്രയായി ...
നട്ടു നനച്ചു വളര്‍ത്തിയ ബന്ധവും തേടി ....
നന്ദിനി