സ്പന്ദനം
പത്തു കണ്ണുകള്‍ അഞ്ചു തലകളിലായ് ഉയര്‍ന്നു തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ മഹാവിഷ്ണു ആ കണ്ണുകളിലേയ്ക്ക് നോക്കി പുഞ്ചിരിച്ചു .
" അനന്താ ..നീ ഇത് കാണൂ .."
മഹാവിഷ്ണു വിരല്‍ ചൂണ്ടിയിടം ഒരു ഗോളമായ് രൂപപ്പെട്ട് ചിത്രങ്ങള്‍ തെളിയുമ്പോള്‍ അനന്തന്‍ പത്തു കണ്ണുകളും അതില്‍ കേന്ദ്രീകരിക്കാന്‍ പാടുപെട്ടു .
മകന്‍ അത്താഴം കഴിഞ്ഞു കൈ കഴുകി .
' അമ്മയെ ഒന്ന് വിളിക്കാം ..'
മൊബൈല്‍ കൈയ്യിലെടുത്തു .മണിമുഴക്കത്തിനൊടുവില് അങ്ങേത്തലയ്ക്കല് ഒരു പതിഞ്ഞ സ്വരം .
" ഹലോ "
" അമ്മേ ഞാനാ മാണിക്യന്‍ .."
" എന്റെ മോനെ നിന്റ്റെ ശബ്ദം കേട്ടല്ലോ ..സന്തോഷമായി ..എന്തൊക്കെയുണ്ടെടാ വിശേഷം ..? സുഖമാണോ ..? മഴയുണ്ടോ ....?"
അമ്മയ്ക്ക് ഒരുപാട് ചോദ്യങ്ങള്‍ ...
ആ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം മാണിക്യന്‍ ഒരു വാചകത്തിലൊതുക്കി .
" അടിപൊളിയായി പോകുന്നമ്മേ.."
അമ്മയ്ക്ക് മകന്റ്റെ സ്വരം കേള്‍ക്കാന്‍ വീണ്ടും കൊതി ..
" അമ്മേ ..പിന്നെ ഒരു വിശേഷമുണ്ട് ...അളിയന്റ്റെ വിവാഹമാണ് ...വരുമല്ലോ .."?
മാണിക്യന്‍ ചോദിച്ചു .
" ഇവിടുന്ന് ഒരു പട്ടീം വരുന്നില്ല ..."
അഹം അസ്ത്രാരൂപ
പിതാമഹ പ്രസ്താവന ......
അമ്മയുടെ പതിഞ്ഞ സ്വരം ഒന്ന് ഞടുങ്ങി .
ഞടുക്കം ബാധിച്ച സ്വരം മറ്റൊരു സ്വരത്തിന് കീഴടങ്ങിയപ്പോള്‍ മാണിക്യന്‍ തലകുടഞ്ഞു .
ചിതറിയ ചിന്തകള്‍ മകന്റ്റെ ശിരസ്സില് സമാധാനമായി പെയ്തിറങ്ങി .ആയുസ്സിലാദ്യമായി ലഭിച്ച മനസമാധാനത്തില്‍ മാണിക്യന്റ്റെ ദീര്‍ഘ ശ്വാസം അതിര്‍ വരമ്പുകള്‍ ഭേദിച്ചു .
'തെറ്റിദ്ധാരണ മാറിയല്ലോ ..'
നാളുകളായി തേടിയ ഉത്തരം കണ്ടെത്തിയ മാണിക്യന്‍ അന്ന് സുഖമായി ഉറങ്ങി .
മരുമകന്‍ പറഞ്ഞാല്‍ പോരല്ലോ ...അച്യുതന്‍ നായര്‍ക്ക് നിര്‍ബന്ധം.
എല്ലാവരെയും വിളിക്കണം .
ഫോണ്‍ കൈയ്യിലെടുത്തു ...
കറക്കി ....
മണിയടി അവസാനിച്ചപ്പോള്‍ അങ്ങേ തലയ്ക്കല്‍ ഒരു കുട്ടിയുടെ സ്വരം ..
" അലോ....?
ആരാ ....?
എവിടുന്നാ...?
എന്തിനാ വിളിക്കുന്നത് ...?
ആരെ വേണം ..?
ഇത് വാവയാ....ഇന്ന് വാവ പുട്ടും കടലേം കഴിച്ചു .അമ്മ ചോറ് വയ്ക്കുവാ ..."
നായരുടെ തല മരച്ചു.സമയത്തിന് പൊന്നും വിലയിട്ട് വിവാഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പാടുപെടുന്ന അദ്ദേഹം കുട്ടി പാഴാക്കിയ സമയം തിരിച്ചു പിടിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു .
കിട്ടിയ തക്കത്തില്‍ നായര് പറഞ്ഞു .
" കുട്ടി അമ്മയ്ക്ക് ഫോണ്‍ കൊടുത്തേ.."
കുട്ടിയുടെ അമ്മ ഫോണ്‍ എടുത്തു ..
"ഇവിടാരും ഇല്ല ...."
അവിടാരും ഇല്ല ...പിന്നെ അവരൊക്കെ ആരാ..
അച്യുതന്‍ നായര്‍ തല കുടഞ്ഞു ...
ചിതറിയ ചിന്തകള്‍ മാണിക്യന്റ്റെ ഉറക്കത്തിനു താരാട്ടായി ...
ദിവസങ്ങള്‍ പലതു കഴിഞ്ഞു .
നായര്‍ വീണ്ടും ഫോണ്‍ എടുത്തു...
കറക്കി ..
മണിമുഴക്കത്തിനൊടുവില്‍ മുഴങ്ങിയ ഘനഗംഭീര സ്വരം കേട്ട് നായര് ഒന്ന് ഞെട്ടി
" ഉം ..ആരാ " സ്വരം മുഴങ്ങി ..
" പിള്ളേച്ചോ ഞാനാ അച്യുതന്‍ ...മരങ്ങാട്ടുപള്ളീന്ന്‍..."... .മോന്റ്റെ വിവാഹമാണ് .."
നായര്‍ പറഞ്ഞു .
എന്തൊക്കെയോ താഴെ വീണു. ഫോണ്‍ കട്ടായി .
നായര്‍ക്ക് വിഷമമായി ..
പിള്ളയ്ക്ക് പക്വത വേണ്ടതിലധികം ...'പിന്നെ എന്തേ ഇങ്ങനെ ...?
നായര്‍ ചിന്തിച്ചു കൊണ്ടേയിരുന്നു .
അതോ പിള്ളയ്ക്ക് സൂക്കേട് വല്ലതും ....'
വീണ്ടും കറക്കി .
"ആരാ...?"
" ഞാനാ അച്യുതന്‍ ...എന്ത് പറ്റി...ഫോണ്‍ കട്ടായിപ്പോയല്ലോ "
നായര്‍ ചോദിച്ചു .
"എടോ...തന്റ്റെ ഒരു കാര്യവും എനിക്ക് കേള്‍ക്കണ്ട ..താന്‍ തന്റ്റെ മോനെ കെട്ടിക്കുകയോ കെട്ടിക്കാതിരിക്കുകയോ ചെയ്യ് ..."
പിള്ള അലറി .
നായര് ഒരു നിമിഷം ഒന്നറച്ചു .
'പക്വതക്കൂടുതല്‍ അലങ്കാരമാക്കിയ പിള്ളേച്ചനു ഇത് എന്ത് പറ്റി...
നായര്‍ വളരെ സൗമ്യതയോടെ പറഞു ...
"പിള്ളേച്ചോ ഇതാദ്യം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ രണ്ടാമത് വിളിക്കില്ലായിരുന്നല്ലോ ..."
നായര് ഫോണ്‍ വച്ചു.
'എന്തിനാണ് പിള്ള കുരച്ചത്...'
നായര്‍ തല കുടഞ്ഞു .
ചിതറി വീണ ചിന്തകളില്‍ പെട്ട് മാണിക്യന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു .
" ഇവിടുന്ന്‍ ഒരു പട്ടീം വരുന്നില്ല ..."
ഒരു തലമുറയുടെ ഭോഷത്തരത്തിനൊടുവില്‍ ഉത്തരം വീണ്ടും മാണിക്യനെ തേടിയെത്തി .
ഗോളത്തില്‍ ചിത്രങ്ങള്‍ മാഞ്ഞിരിക്കുന്നു .
പുകയുന്ന അഞ്ചു തലകളില്‍ സാമാന്യബുദ്ധി വിശേഷാല്‍ ബുദ്ധിയുമായി പടവെട്ടിക്കൊണ്ടിരുന്നു .
" അനന്താ ...എന്ത് തോന്നുന്നു ..?"
മൌനം ...
മഹാവിഷ്ണു തലയുയര്‍ത്തി.
പത്തു കണ്ണുകളില്‍ അലയടിക്കുന്ന വികാരാഗ്നി തിരിച്ചറിയാന്‍ പ്രയാസം .
ചിന്തകള്‍ അനന്തനില്‍ അലയടിക്കവേ മഹാവിഷ്ണു ഒന്നു മയങ്ങി .
അജ്ഞാത അനുഭവം തന്റ്റെ ശരീരത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ട്ടിച്ചപ്പോള്‍ അദ്ദേഹം കണ്ണു തുറന്നു .
'അനന്തനെവിടെ ..?'
മഹാവിഷ്ണു ചാടി എഴുന്നേറ്റു ..
അനന്തതയിലേയ്ക്ക് ചൂണ്ടിയ വിരലുകള്‍ക്ക് മുന്നില്‍ രൂപപ്പെട്ട ഗോളത്തില്‍ ചിത്രങ്ങള്‍ തെളിഞ്ഞു .
'ഒരു തലമുറയെ വരിഞ്ഞു മുറുക്കുന്ന അനന്തന്‍ ...സീല്‍ക്കാരത്തിനിടയില്‍ വിഷം ചീറ്റുന്ന നാഗത്താല്‍ ചുറ്റി പിണഞ്ഞ് അട്ടഹസിക്കുന്ന നീലിച്ച മനുഷ്യര്‍ ...'
അനന്താലിംഗനം ആനന്ദമാക്കാന്‍ വെമ്പുന്നവരുടെ മരവിച്ച ചിന്താഗതികള്‍ക്ക് മുന്നില്‍ മഹാവിഷ്ണു വിരല്‍ മടക്കി .
അനന്തശയനത്തിനായി കൊതിച്ച ആ ഹൃദയം ഇതിനകം നീല ജലാശയത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു .
നന്ദിനി