Wednesday 2 May 2012

കരിഞ്ഞ കറിയും മത്തായിച്ചനും

സ്പന്ദനം 
    
     കരഞ്ഞ കണ്ണുകളുമായി അന്നും ലീലാമ്മ കസേരയില്‍ നിന്നും എഴുന്നേറ്റു .
മനസ്സ് തുടിക്കുകയാണ് ...അത് ഹൃദയതാളം  തെറ്റിക്കുമോ എന്ന് പോലും കണ്ട് നില്‍ക്കുന്നവര്‍  ഭയപ്പെട്ടേയ്ക്കാം...
പതുക്കെ കട്ടിലിലേയ്ക്ക് ചായുമ്പോള്‍ ലീലാമ്മ സ്വയം ചോദിച്ചു .
" എന്തിനായിരുന്നു അവള്‍ അങ്ങനെ ചെയ്തത് ...
  സ്നേഹനിധിയായ ഭര്‍ത്താവും ജീവിത സാഹചര്യവും ഉണ്ടായിട്ടും 
  അവള്‍ ഈ കടും കൈ ചെയ്തല്ലോ ..."
അതിരാവിലെ ഉറക്കമുണര്‍ന്ന്‍ അടുക്കളയിലേയ്ക്ക് കയറുമ്പോള്‍ മനസ്സ് മുഴുവന്‍ 
അവള്‍ ചെയ്ത പ്രവൃത്തിയിലായിരുന്നു .
സ്ത്രീ ..സഹനപുത്രി....വാത്സല്യ ദേവത   ....
എത്രയെത്ര മുഖങ്ങള്‍ ...
പക്ഷെ അവള്‍ എന്തേ ഇങ്ങനെ..?
ഇത്ര ക്രൂരമായി ചിന്തിക്കുന്നതെന്തേ..?
സ്ത്രീ ജന്മം തന്നെ സ്നേഹമാണ് ..പ്രസവിച്ച് ..പാലൂട്ടി ..സ്നേഹം കൊടുത്ത് ..
മക്കളെ വളര്‍ത്തുന്നു ..
അമ്മ ...ആ വാക്ക് തന്നെ സ്നേഹം തുളുമ്പുന്നതാണ് ..
വളര്‍ന്നു വലുതാകുമ്പോള്‍ മക്കള്‍ തള്ളി പറയുന്നതും ഈ അമ്മയെ ..

ലീലാമ്മ ചിന്തിച്ചു കൊണ്ടേയിരുന്നു ..

അടുപ്പത്ത് പാല് തിളച്ചു ചാടി ..
ആരും കാണാതെ അത് തുടച്ചു കളഞ്ഞു .
ഒരു തുള്ളി വെള്ളമോ ..ഒരു തലോടലോ കിട്ടാതെ കറി അടുപ്പത്തിരുന്നു  കരയുന്നു .
ലീലാമ്മ ചിന്തയിലാണ് .
കറി കരിയിലേയ്ക്ക് രൂപം മാറുമ്പോഴും ലീലാമ്മ ചിന്തിച്ചു കൊണ്ടേയിരുന്നു ..

ഊണ് വിളമ്പുമ്പോള്‍ മത്തായിച്ചന്‍ ലീലാമ്മയെ നോക്കി .
കരഞ്ഞു വീര്‍ത്ത കണ്ണുകള്‍ ...
കിട്ടിയ ചോറ്   കരിഞ്ഞ കറിയും കൂട്ടി തിന്നെന്നു വരുത്തി  മത്തായിച്ചന്‍ കൈ കഴുകി .
തുറന്നു നോക്കാതെ കിടന്ന പത്രത്തില്‍ മത്തായിച്ചന്റ്റെ കണ്ണുകളുടക്കി .
        കേരളത്തില്‍ വൈദ്യുതി കമ്മി ...........
        ലോഡ് ഷെഡിങ്ങ് തുടങ്ങുന്നു  ...........
ഒരു മൂളിപ്പാട്ടോടെ റോഡിലേയ്ക്കിറങ്ങുമ്പോള്‍ മത്തായിച്ചന്റ്റെ മനസ്സ് ..
ഊര്ജസ്വലതയോടെ പുഞ്ചിരി തൂകുന്ന ലീലാമ്മയിലും അവള്‍ വിളമ്പി തരുന്ന 
രുചികരമായ ഭക്ഷണത്തിലുമായിരുന്നു ..
മത്തായിച്ചന്‍ സന്തോഷിക്കുമ്പോള്‍ ചാനലുകാര്‍ സന്ധ്യാരോദനങ്ങള്‍ രാവിലെ 
പുനസംപ്രേഷണം ചെയ്യുകയായിരുന്നു .

ലീലാമ്മമാര്‍ പിന്നെയും കരഞ്ഞു കൊണ്ടേയിരുന്നു ...
ഒന്നുമറിയാത്ത മത്തായിച്ചന്മാര്‍ അതിനു കാരണം തേടി അലയുകയായിരുന്നു ...


നന്ദിനി